പത്മഭൂഷണ്‍ പുരസ്‌കാര നേട്ടം ആഘോഷിച്ച് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ സെറ്റില്‍ തന്റെ സഹതാരങ്ങളോടൊപ്പമാണ് ലാല്‍ പുരസ്‌കാര നേട്ടം ആഘോഷിച്ചത്. ബോളിവുഡ് താരം സുനില്‍ ഷെട്ടി ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. സുനില്‍ ഷെട്ടിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

”മരക്കാറിന്റെ’സെറ്റില്‍ ജീനിയസ് സാബു സിറിലിനും എന്റെ പ്രിയപ്പെട്ട പ്രിയദര്‍ശന്‍ സാറിനുമൊപ്പം മോഹന്‍ലാല്‍ സാറിന്റെ പത്മഭൂഷണ്‍ നേട്ടം ആഘോഷിക്കുന്നു. വിനോദ മേഖലയിലെ ഏറ്റവും മികച്ച ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരം ഒരു അനുഗ്രഹമായി കാണുന്നു,’ ചിത്രത്തോടൊപ്പം സുനില്‍ ഷെട്ടി കുറിച്ചു.

Mohanlal

പത്മ പുരസ്‌കാരങ്ങള്‍ നേടിയ 112 പേരില്‍ 56ാമനായിരുന്നു മോഹന്‍ലാല്‍. തിങ്കളാഴ്ച രാഷ്ട്പതി ഭവനില്‍ വച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. 2001ല്‍ പത്മശ്രീ നേടി 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലിനെ തേടി പത്മഭൂഷണ്‍ എത്തിയത്.

Read More: മോഹൻലാലിന്റെ ‘മരക്കാർ’ സെറ്റിൽ അജിത്തിന്റെ സർപ്രൈസ് എൻട്രി

മലയാള സിനിമയില്‍ നിന്നും പ്രേം നസീറിനു ശേഷം പത്മഭൂഷണ്‍ ലഭിക്കുന്ന താരം കൂടിയാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനെ കൂടാതെ നമ്പി നാരായണന്‍, കെ.ജി ജയന്‍, കെ.കെ മുഹമ്മദ് എന്നിവരാണ് ഇക്കുറി പത്മ പുരസ്‌കാരങ്ങള്‍ നേടിയ മറ്റു മലയാളികള്‍.

Mohanlal, Sunil Shetty

പ്രിയദര്‍ശന്റെ ചരിത്ര സിനിമയായ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മോഹന്‍ലാല്‍. ഹൈദരബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്.

Read More: രാഷ്ട്രപതിയിൽ നിന്നും പത്മഭൂഷൺ ഏറ്റുവാങ്ങി മോഹൻലാൽ

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്.

പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്റെയും ലിസിയുടേയും മകള്‍ കല്യാണി പ്രിയദശനും ചിത്രത്തില്‍ കാമിയോ വേഷങ്ങളില്‍ ഉണ്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുക. ഊട്ടി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook