കഴിഞ്ഞ കുറേ മാസങ്ങളായി മോഹൻലാൽ ബ്ലോഗ് എഴുതാറില്ലായിരുന്നു. ഇതിന് താരം ഫെയ്സ്ബുക്കിലൂടെയെത്തി ആരാധകരോട് ക്ഷമയും ചോദിച്ചിരുന്നു. ‘ഷൂട്ടിങ് തിരക്കുകൾ കാരണം എന്റെ ചിന്തകൾ പകർത്തുന്നതിന് അനുയോജ്യമായ സ്ഥലമോ സമയമോ എനിക്ക് കിട്ടിയില്ല. നിങ്ങളുടെ സ്നേഹവും പിന്തുണയും എനിക്ക് മനസ്സിലാകുന്നു. ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത മാസം എഴുതാൻ സാധിക്കുമെന്നാണ് പ്രതീക്ഷ’- ഇതായിരുന്നു കഴിഞ്ഞ മാസം ബ്ലോഗ് എഴുതാൻ സാധിക്കാതെ വന്നപ്പോൾ താരം ഫെയ്സ്ബുക്കിൽ കുറിത്. ഇത്തവണ മോഹൻലാൽ വാക്കു പാലിച്ചു. ഭൂട്ടാനിലിരുന്നാണ് താരം ഇത്തവണത്തെ ബ്ലോഗ് എഴുതിയത്.

ഷൂട്ടിങ്ങുകൾക്ക് ഇടവേള നൽകി ഭൂട്ടാനിൽ അവധി ആഘോഷിക്കുകയാണ് മോഹൻലാൽ. ഹിമാലയ പവതങ്ങൾക്ക് നടുവിലെ കൊച്ചുരാജ്യമായ ഭൂട്ടാനിൽ ഇരുന്നാണ് ഇത് എഴുതുന്നത്… എന്ന വാചകത്തോടെയാണ് ബ്ലോഗ് തുടങ്ങുന്നത്. ഓണത്തെക്കുറിച്ചും ബ്ലോഗിൽ പരാമർശിച്ചിട്ടുണ്ട്. ലോകത്തിന് സന്തോഷത്തിന് മാത്രമായ ഒരു ദേശം ഇപ്പോൾ ഉണ്ടോ? ഉണ്ട് എന്ന് അടുത്തകാലത്തെ ചില വാർത്തകൾ പറയുന്നു. ആ ദേശം ഹിമാലയ രാജ്യമായ ഭൂട്ടാനാണ്. അദ്ഭുതകരമായ ഈ ദേശത്തെ കാഴ്ചകളും അനുഭവങ്ങളും ആനന്ദ കാഴ്ചകളും തിരിച്ചെത്തിയതിനുശേഷം എഴുതാം. എന്തുകൊണ്ടാണ് ഇവർ സന്തോഷവാന്മാരായിരിക്കുന്നത് എന്നും ഓണത്തിന്റെ ദേശമായ നാം സന്തോഷത്തിൽനിന്നും ഏറെ അകലെയായിരിക്കുന്നത് എന്നും എനിക്ക് മനസ്സിലായി. അടുത്ത തവണ അത് പങ്കുവയ്ക്കാമെന്നും മോഹൻലാൽ ഉറപ്പ് പറയുന്നു. ഭൂട്ടാനീസ് ഭാഷയിൽ മോഹൻലാൽ ആരാധകർക്ക് ആശംസകളും നേർന്നു ‘താഷി ദേ ലേ’.

മോഹൻലാലിന്റെ ബ്ലോഗ് വായിക്കാം

എല്ലാ മാസവും കൃത്യം 21-ാം തീയതി മോഹൻലാൽ ബ്ലോഗ് എഴുതാറുണ്ട്. ഇത് വായിക്കാനായി അദ്ദേഹത്തിന്റെ ആരാധകർ കാത്തിരിക്കാറുണ്ട്. സമകാലീന വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് മോഹൻലാൽ ബ്ലോഗെഴുതാറുള്ളത്. മേയ് 21 നാണ് മോഹൻലാൽ അവസാനമായി ബ്ലോഗ് എഴുതിയത്.

ലാലേട്ടന്റെ ശബ്ദത്തിൽ ബ്ലോഗ് വായിച്ചു കേൾക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook