തെന്നിന്ത്യൻ സിനിമ ലോകത്തെ ഞെട്ടലിലും ആഘാതത്തിലുമാക്കി ഇക്കഴിഞ്ഞ ജൂൺമാസത്തിലാണ് കന്നഡ ചലച്ചിത്ര താരവും നടി മേഘ്ന രാജിന്റെ ഭർത്താവുമായ ചിരഞ്ജീവി സർജ അന്തരിച്ചത്. തന്റെ പ്രിയപ്പെട്ട ചിരുവിന്റെ വേർപാടിന് ശേഷം ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് മേഘ്ന എല്ലായിടത്തു നിന്നും മാറി നിൽക്കുകയാണ്. എന്നാൽ തന്നെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി മേഘ്ന തന്നെ രംഗത്തെത്തി.
മേഘ്ന ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നും ചിരു പുനർജനിച്ചുവെന്നുമെല്ലാം അവകാശപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന വ്യാജ യൂട്യൂബ് വീഡിയോകളോടാണ് താരം പ്രതികരിച്ചിരിക്കുന്നത്.
“ഒരുപാട് നാളായി നിങ്ങളോട് ഞാൻ സംസാരിച്ചിട്ട്. ഉടനെ തന്നെ ഞാൻ സംസാരിക്കും. അതുവരെ കാഴ്ച്ചക്കാരെ കിട്ടാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകൾക്ക് ദയവായി നിങ്ങൾ ശ്രദ്ധ കൊടുക്കരുത്. എന്നെക്കുറിച്ചും എന്റെ കുടംബത്തെക്കുറിച്ചുമുള്ള എന്ത് വാർത്തയും ഞാൻ നേരിട്ട് നിങ്ങളുമായി പങ്കുവയ്ക്കുന്നതായിരിക്കും,” മേഘ്ന സോഷ്യൽമീഡിയിൽ കുറിച്ചു.
ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ (39) അന്തരിച്ചത്. ആരാധകർക്കും കുടുംബാംഗങ്ങൾക്കുമെല്ലാം വലിയ ആഘാതമായിരുന്നു താരത്തിന്റെ മരണം. ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് മേഘ്ന ഇപ്പോൾ. മേഘ്ന മൂന്ന് മാസം ഗർഭിണിയായപ്പോഴാണ് ചിരഞ്ജീവിയുടെ മരണം.
Read More: നമ്മുടെ കുഞ്ഞിലൂടെ നിന്നെ തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ; ചിരുവിന്റെ ഓർമകളിൽ മേഘ്ന
ചിരഞ്ജീവി മരിച്ച് രണ്ടാഴ്ച പിന്നിട്ട സമയത്ത് ഏറെ വികാര നിർഭരമായൊരു കുറിപ്പ് മേഘ്ന പങ്കുവച്ചിരുന്നു. കുറിപ്പിൽ കുഞ്ഞിനായുള്ള കാത്തിരിപ്പിനെ കുറിച്ച് മേഘ്ന പറഞ്ഞതിങ്ങനെ:
“നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് – നമ്മുടെ സ്നേഹത്തിന്റെ പ്രതീകം – അതിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു,” ചിരുവിന്റെ ഓർമകളിൽ മേഘ്ന കുറിച്ചതിങ്ങനെ.
2018 ഏപ്രിൽ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും തമ്മിലുള്ള വിവാഹം. ‘ആട്ടഗര’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്.