കോഴിക്കോട്: നാലു പതിറ്റാണ്ടുകളോളം മലയാള സിനിമയിൽ വേറിട്ട കഥാപാത്രങ്ങൾക്ക് ജീവനേകിയ നടൻ മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം.
കാളികാവ് പൂങ്ങോട് ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മാമുക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെനിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
നാടകരംഗത്തുനിന്നാണ് മാമുക്കോയ സിനിമയിൽ എത്തിയത്. പഠനകാലത്തുതന്നെ നാടകത്തിൽ സജീവമായിരുന്നു. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
നിലമ്പൂര്‍ ബാലൻ സംവിധായകനായ ‘അന്യരുടെ ഭൂമി’ (1979) എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ഗാന്ധിനഗര്‍, സെക്കന്റ് സ്ട്രീറ്റ്, സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം തുടങ്ങിയ സിനിമകളാണ് മാമുക്കോയയെ ശ്രദ്ധേയനാക്കിയത്. 2001 ല്‍ സുനില്‍ സംവിധാനം ചെയ്ത കോരപ്പന്‍ ദ ഗ്രേറ്റ്, ഇ.എം അഷ്‌റഫിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളില്‍ നായകനായിയിരുന്നു. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്.
സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവർ മക്കളാണ്.