ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമുക്കോയയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തിങ്കളാഴ്ച രാത്രി പൂങ്ങോട് ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നു പുലർച്ചെയോടെ, മാമുക്കോയയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ ഐ സി യു ആംബുലൻസിൽ പുലർച്ചെ രണ്ടരയോടെയാണ് മാമുക്കോയയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് എത്തിച്ചത്.
മാമുക്കോയയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് പേരക്കുട്ടി ഹിബ റഹ്മാൻ ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോട് പറഞ്ഞു. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചതായും ഹിബ പറഞ്ഞു.