scorecardresearch
Latest News

മലയാള സിനിമയില്‍ പണ്ടുമുതലേ കാസ്റ്റിംഗ് കൗച്ച് ഉണ്ട്: നടന്‍ മധു

മലയാളത്തില്‍ മാത്രമല്ല, എല്ലാഭാഷയിലെയും സിനിമാരംഗത്ത് ഇത് ഉണ്ടായിരുന്നതാണെന്നും മധു പറഞ്ഞു.

Actor Madhu

കൊച്ചി: മലയാള സിനിമയില്‍ പണ്ടു മുതലേ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നതായി നടന്‍ മധു. മലയാളത്തില്‍ മാത്രമല്ല, എല്ലാഭാഷയിലെയും സിനിമാരംഗത്ത് ഇത് ഉണ്ടായിരുന്നതാണെന്നും മധു പറഞ്ഞു. റിപ്പോര്‍ട്ടര്‍’ ടിവിയിലെ മീറ്റ് ദ് എഡിറ്റേഴ്സില്‍ പങ്കെടുത്തു സംസാരിക്കവെയായിരുന്നു മധുവിന്റെ വെളിപ്പെടുത്തല്‍.

കൂടുതല്‍ അടുപ്പമുള്ളവരുമായി ഇത്തരം ബന്ധം കൂടുതല്‍ സാധ്യമായതിനാല്‍ അതെല്ലാം നടന്നിരുന്നതായും അദ്ദേഹം പറഞ്ഞു. ലൈംഗികതാല്‍പര്യത്തോടെയുള്ള ബന്ധങ്ങള്‍ സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലുമുള്ളതാണ്. എല്ലാ സമൂഹത്തിലുമുണ്ടാകും. എന്ന് വച്ച് അത് ആ സമൂഹത്തിന്റെ മുഴുവന്‍ സ്വഭാവമല്ലല്ലോ. അതുപോലെതന്നെയാണ് സിനിമയിലെ ഇത്തരം ബന്ധങ്ങളുമെന്നും മധു പറഞ്ഞു.

നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് തനിക്ക് കൃത്യമായി ഒന്നും അറിയില്ല. അറിയാത്ത കാര്യമായതുകൊണ്ടാണ് അഭിപ്രായം പറയാതിരുന്നതും. എന്നാല്‍ ദിലീപാണ് ആണ് ഇതിനു പിന്നിലെന്നു കരുതുന്നില്ല. കാരണം ബുദ്ധിമാനാണ് ദിലീപ്. ഇത്തരത്തിലുള്ള ഒരു വിഡ്ഢിത്തം ദിലീപ് കാണിക്കുമോ എന്ന് സംശയമാണ്. നടിക്ക് ദുരനുഭവം ഉണ്ടായെന്നത് സത്യമാണ്. എന്നാല്‍ അത് ആസൂത്രണം ചെയ്തത് ദിലീപാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് താന്‍ പറയുന്നതെന്നും മധു വ്യക്തമാക്കി.

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ഇന്നസെന്റിന് പകരം മറ്റൊരാളെ കുറിച്ച് തനിക്ക് ചിന്തിക്കാനാകില്ലെന്നും മധു പറഞ്ഞു. ഇന്നസെന്റ് തമാശനടനാണെങ്കിലും നല്ല സംഘാടകനാണ്. എല്ലാവരുമായും നല്ല സൗഹൃദവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന് താരസംഘടനയെ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനാകൂ എന്നും മധു പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor madhu about casting couch in malayalam film industry