scorecardresearch
Latest News
ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടം; കാര്യവട്ടത്ത് കത്തിക്കയറി പേസര്‍മാര്‍

ഏറ്റവും വലിയ പ്രചോദനം അമ്മ, സ്വിമ്മിങ്ങിനോടുള്ള ഇഷ്ടം തുടങ്ങിയത് ചെറുപ്പത്തിൽ അച്ഛൻ നീന്താൻ കൊണ്ടുപോയപ്പോൾ മുതൽ; വേദാന്ത് മാധവൻ പറയുന്നു

അടുത്തിടെ ഡാനിഷ് ഓപ്പൺ നീന്തൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച വേദാന്ത്, രാജ്യത്തിനായി ഒരു സ്വർണവും വെള്ളിയും നേടിയിരുന്നു

ഏറ്റവും വലിയ പ്രചോദനം അമ്മ, സ്വിമ്മിങ്ങിനോടുള്ള ഇഷ്ടം തുടങ്ങിയത് ചെറുപ്പത്തിൽ അച്ഛൻ നീന്താൻ കൊണ്ടുപോയപ്പോൾ മുതൽ; വേദാന്ത് മാധവൻ പറയുന്നു

ദക്ഷിണേന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടനാണ് ആരാധകർ മാഡി എന്ന് സ്നേഹത്തോടെ വിളിക്കുന്ന മാധവൻ. മാധവന്റെ മകൻ വേദാന്തും ഇന്ന് വലിയ താരമാണ്. എന്നാൽ സിനിമയിലെ പ്രകടനം കൊണ്ടല്ല, നീന്തൽ കുളത്തിലെ നേട്ടങ്ങൾ കൊണ്ട്.

അടുത്തിടെ ഡാനിഷ് ഓപ്പൺ നീന്തൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച വേദാന്ത്, രാജ്യത്തിനായി ഒരു സ്വർണവും വെള്ളിയും നേടിയിരുന്നു. മകന്റെ അഭിമാന നേട്ടം മാധവനും ഭാര്യ സരിതയുമാണ് ആദ്യം ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ തന്റെ നേട്ടങ്ങൾക്ക് പിന്നിലെ ഏറ്റവും വലിയ പ്രചോദനം അമ്മയാണെന്ന് പറയുകയാണ് വേദാന്ത് മാധവൻ.

“എന്റെ ഏറ്റവും വലിയ പ്രചോദനം. അമ്മ എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്റെ ഡയറ്റീഷനുമായി സംസാരിക്കുന്നത് എനിക്ക് ഭക്ഷണം നൽകുന്നത് എന്നെ പരിശീലനത്തിനായി കൊണ്ടുപോകുന്നത് സ്‌കൂളിൽ കൊണ്ടുപോകുന്നത് എല്ലാം അമ്മയാണ്. അമ്മ എനിക്കായി ഒരുപാട് കാര്യങ്ങൾ ചെയുന്നു. ഞാൻ പരാജയപ്പെട്ടാൽ അവർക്ക് എന്താകും തോന്നുക എന്നാതാണ് എന്റെ ചിന്ത” ദി ബ്രിഡ്‌ജിന് നൽകിയ അഭിമുഖത്തിൽ വേദാന്ത് പറഞ്ഞു.

അച്ഛൻ ചെറുപ്പം മുതൽ നീന്താൻ കൊണ്ടുപോകുമായിരുന്നു അന്ന് മുതൽ സ്വിമ്മിങ്ങിനോട് താൽപര്യമുണ്ടെന്നും വേദാന്ത് പറഞ്ഞു. എന്നാൽ സ്‌കൂൾ ടീമിൽ ദേശീയ താരങ്ങൾക്കൊപ്പം നീന്തൽ മത്സരത്തിലെ റിലേയിൽ പങ്കെടുത്ത് സമ്മാനം നേടിയപ്പോഴാണ് മത്സരത്തിലേക്ക് കടക്കാൻ തീരുമാനിച്ചതെന്ന് വേദാന്ത് വ്യക്തമാക്കി.

ചെറുപ്പത്തിൽ സിനിമാ നടൻ ആവണമെന്ന് ആഗ്രഹിച്ചിരുന്നതായും വേദാന്ത് പറഞ്ഞു. “സിനിമയെന്നാൽ നിങ്ങൾക്ക് ഒരേസമയം ബഹിരാകാശയാത്രികനും ബയോളജിസ്റ്റും എല്ലാമാകാൻ കഴിയുന്ന ഒന്നാണ്, അത് ആവേശം ഉണർത്തിയിരുന്നു. എന്നാൽ ഇപ്പോൾ നീന്തൽ മാത്രമാണ്” വേദാന്ത് പറഞ്ഞു.

കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ ആണ് മാധവന്റെ മകൻ വേദാന്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണം നേടിയത്. 800 മീറ്റർ ഫ്രീസ്റ്റൈൽ മത്സരത്തിലായിരുന്നു നേട്ടം. അതിനു മുൻപ് മറ്റൊരു മത്സരത്തിൽ വേദാന്ത് വെള്ളിയും നേടിയിരുന്നു.

നീന്തലിലുള്ള മകന്റെ കഴിവിനെ കുറിച്ച് മുൻപും മാധവൻ പല അവസരങ്ങളിലും സംസാരിച്ചിട്ടുണ്ട്. മകനെ സംബന്ധിച്ച് എപ്പോഴും പിന്തുണയ്ക്കും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാന്നിധ്യം കൂടിയാണ് മാധവൻ എന്ന അച്ഛൻ. ഈ വർഷമാദ്യം മകന്റെ ടീമിന് വിജയാശംസകൾ നേർന്ന് ടീമിനൊപ്പമുള്ള ചിത്രവും മാധവൻ പങ്കു വെച്ചിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ മകന് ജന്മദിനാശംസകൾ നേർന്ന് മാധവൻ സോഷ്യൻ മീഡിയയിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധ കവർന്നിരുന്നു. “ഞാൻ മികവ് കാണിച്ച മിക്കവാറും എല്ലാ കാര്യങ്ങളിലും എന്നെ തോൽപ്പിച്ചതിനും എന്നെ അസൂയപ്പെടുത്തുന്നതിനും നന്ദി, എന്റെ ഹൃദയം അഭിമാനം കൊണ്ട് നിറയുന്നു. എന്റെ കുട്ടി, നിന്നിൽ നിന്ന് എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. നീ പൗരുഷത്തിന്റെ പടിവാതിലിലേക്ക് കടക്കുമ്പോൾ, നിനക്ക് ഞാൻ 16-ാം ജന്മദിനാശംസകൾ നേരുന്നു, ഞാൻ അനുഗൃഹീതനായ ഒരു പിതാവാണ്.”

നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്’ ആണ് മാധവന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണിത്.

Also Read: സന്തോഷനിമിഷത്തിലും എഡ്വാർഡിനെ ചേർത്തുപിടിച്ച് ആലിയ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor madhavans son vedaant talking about his swimming career and parents support