ദക്ഷിണേന്ത്യൻ സിനിമയുടെ നിറ പുഞ്ചിരിയായ നടനാണ് ആരാധകർ മാഡി എന്ന് സ്നേഹത്തോടെ വിളിക്കുന്ന മാധവൻ. മാധവനേയും മാധവന്റെ ചിരിയേയും പ്രണയിക്കാത്ത പെൺകുട്ടികളുണ്ടാകില്ല. എന്നാൽ അദ്ദേഹത്തിന്റെ ഹൃദയം നിറയെ ഭാര്യ സരിതയും മകൻ വേദാന്തുമാണ്.

ഇന്ന് മാധവന്റെ മകൻ വേദാന്തിന്റെ പിറന്നാളാണ്. നിന്നെപ്പോലെ ആകാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാനേറെ ആഗ്രഹിക്കുന്നു എന്നാണ് മകന് പിറന്നാൾ ആശംസകൾ നേർന്ന് മാധവൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ.

സിനിമ വിശേഷങ്ങൾ​ മാത്രമല്ല, കുടുംബവിശേഷങ്ങളും മാധവൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. നേരത്തേ ഏഷ്യൻ ഏജ് ഗ്രൂപ്പ് സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി വേദാന്ത് വെളളി മെഡൽ നേടിയ വാർത്ത മാധവൻ ആരാധകരുമായി പങ്കുവച്ചിരുന്നു. 4×100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലായിരുന്നു വേദാന്തിന്റെ മെഡൽ നേട്ടം.

”ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വെളളി മെഡൽ. എല്ലാം ദൈവകൃപ. ഇന്ത്യയെ പ്രതിനിധീകരിച്ചുളള വേദാന്തിന്റെ ആദ്യ ഔദ്യോഗിക മെഡൽ,” ഇതായിരുന്നു മാധവന്റെ കുറിപ്പ്.

2018ൽ തായ്‌ലൻഡിൽ നടന്ന രാജ്യാന്തര സ്വിമ്മിങ് മത്സരത്തിൽ ഇന്ത്യക്കായി വേദാന്ത് വെങ്കല മെഡൽ നേടിയിരുന്നു. തനിക്കും സരിതയ്ക്കും ഇത് അഭിമാനനിമിഷമാണെന്നായിരുന്നു അന്ന് മാധവന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ദേശീയതലത്തിൽ 100 മീറ്റർ ഫ്രീസ്റ്റൈലിൽ വേദാന്ത് സ്വർണവും നേടിയിട്ടുണ്ട്. 64-ാമത് എസ്ജിഎഫ്ഐ നാഷണല്‍ സ്കൂള്‍ ഗെയിംസിലായിരുന്നു വേദാന്ത് മാധവന്‍ നീന്തലില്‍ മെഡല്‍ നേടിയത്.

Read More: നീന്തലിൽ ഇന്ത്യക്കായി വെളളി നേടി മാധവന്റെ മകൻ, കയ്യടിച്ച് സോഷ്യൽ മീഡിയ

സിനിമയില്‍ എത്തും മുന്‍പ് കമ്മ്യൂണിക്കേഷന്‍, പബ്ലിക്‌ സ്പീക്കിങ് എന്നിവയില്‍ കോഴ്സുകള്‍ നടത്തിയിരുന്ന സമയത്താണ് മാധവന്‍ ശിഷ്യയും കൂട്ടുകാരിയുമായ സരിത ബിര്‍ജെയെ വിവാഹം കഴിച്ചത്. ഒരേയൊരു മകനാണ് വേദാന്ത്. ഗോള്‍ഫ് കളിയില്‍ തൽപരനായ മാധവന്‍ മെര്‍സിഡീസ് ട്രോഫി ഗോള്‍ഫ് മീറ്റിന്‍റെ ദേശീയ തലത്തില്‍ വരെ ക്വാളിഫൈ ചെയ്യപ്പെട്ടിട്ടുണ്ട്.

Read More: ഈ വിടവാങ്ങൽ ഹൃദയം തൊട്ടു, ഞാൻ കരയുന്നും ചിരിക്കുന്നുമുണ്ട്; ധോണിയോട് മാധവൻ

മാനേജ്‌മന്റ്‌ രംഗത്ത് നിന്നും മോഡലിങ്ങിലേക്കും പിന്നീടു സിനിമയിലേക്കും എത്തിയ മാധവന്‍ മലയാളം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്‍റെ ‘അലൈപായുതേ’ എന്ന ആദ്യ ചിത്രത്തിലൂടെ യുവ പ്രേക്ഷകരുടെ മനം കവര്‍ന്ന നടന്‍ മലയാളത്തില്‍ രാജീവ്‌ നാഥ് സംവിധാനം ചെയ്ത ‘മേഡ് ഇന്‍ യുഎസ്എ’ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook