“ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് കുഞ്ഞുമുഹമ്മദിക്കയുടേത്. ചായം തേച്ചു നിൽക്കെ യാത്ര പറയുക. ഗുരു ഗോപിനാഥിനും, മടവൂരാശാനും, ആലുംമൂടൻ ചേട്ടനും, ഗീതാനന്ദൻ മാഷിനും ലഭിച്ച ഭാഗ്യം”

ഇന്നലെ അന്തരിച്ച മലയാള സിനിമാ വേദിയിലെ സജീവ നടനും സംവിധാന-കലാ സഹായിയുമായ C.A.K മുഹമ്മദ് കുഞ്ഞുമുഹമ്മദിന് ആദരാഞ്ജലി അർപ്പിച്ച് മഞ്ജു വാര്യർ കുറിച്ചതിങ്ങനെ.

“ഈ പുഴയും കടന്നി’ ന്റെ കാലം തൊട്ടേ ഇക്കയെ പരിചയം ഉണ്ട്. ഏറ്റവും ഒടുവിൽ ‘ആമി’ യിലും ഒപ്പമുണ്ടായിരുന്നു. വേഷം ചെറുതാണെങ്കിലും ഷൂട്ടിങ്ങ് തീരുവോളം കുഞ്ഞുമുഹമ്മദിക്ക സെറ്റിൽ തന്നെ കാണും. തമാശകൾ പറഞ്ഞ് എല്ലാവരെയും സന്തോഷിപ്പിക്കും. ചിലപ്പോഴൊക്കെ വീട്ടിൽ നിന്ന് ഭക്ഷണമുണ്ടാക്കിക്കൊണ്ടു വരും. എന്നും സ്നേഹം മാത്രം വിളമ്പിയിരുന്ന ഒരു മനുഷ്യൻ. പ്രിയപ്പെട്ട ഇക്കയ്ക്ക് വിട….”

ഇന്നലെ  കൊച്ചിയില്‍ വച്ചാണ് കുഞ്ഞു മുഹമ്മദിന്റെ മരണം സംഭവിച്ചത്. 68 വയസ്സായിരുന്നു. ഇന്നലെ സത്യൻ അന്തിക്കാടിന്റെ സിനിമയുടെ ഷൂട്ടിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് 5.55 ന് ആസ്റ്റർ മെഡിസിറ്റിയില്‍ അന്തരിച്ചു.

കൊടുങ്ങല്ലൂർക്കാരുടെ പ്രിയ സിനിമാക്കാരനും, ഒരു കാലത്ത് പുന്നക്ക ബസാറിലെ സജീവ കലാ സാമൂഹ്യ പ്രവർത്തകനുമായിരുന്ന കുഞ്ഞു മുഹമ്മദ് വളരെ ചെറുപ്പം മുതൽ കലയോട് ഏറെ ആഭിമുഖ്യം പുലർത്തിയിരുന്നു. ധാരാളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയോടുള്ള ഇഷ്ടം കൊണ്ട് മദിരാശിയിലേക്ക് ചേക്കേറി, സിനിമയിൽ സഹായിയായി പ്രവർത്തിച്ചു. അതു വഴി സിനിമാക്കാർക്കിടയിൽ മികച്ച സൗഹൃദം കെട്ടിപ്പടുക്കാനും അദ്ദേഹത്തിന് സാധിച്ചു.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ സംവിധായകന്‍ കമലുമായുള്ള അടുത്ത ബന്ധം കുഞ്ഞു മുഹമ്മദിനെ അറിയപ്പെടുന്ന ഒരു സിനിമാ നടനാക്കി. കമലിന്റെ ഒട്ടുമിക്ക സിനിമകളിലും കുഞ്ഞു മുഹമ്മദിനു ഒരു വേഷം ഉണ്ടായിരുന്നു, കമലിന്റെ ശിഷ്യന്മാരായ ലാൽ ജോസ്, ആഷിഖ് അബു, അക്കു അക്‌ബർ, സുഗീത് എന്നിവരുടെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

പുളിഞ്ചോട് പടിഞ്ഞാറ് ഭാഗത്ത് താമസിച്ചിരുന്ന പരേതനായ ചുള്ളിപ്പറമ്പിൽ അമ്മു സാഹിബിന്റെ മകനാണ്. സിനിമാ രംഗത്തെ പ്രമുഖർ ആശുപത്രിയിലെത്തി അന്ത്യോപചാരമർപ്പിച്ചു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ അനുശോചനം രേഖപ്പെടുത്തി.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook