സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരമാണ് കുഞ്ചാക്കോ ബോബന്‍. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കുമൊപ്പമുളള ചിത്രങ്ങളും വീഡിയോകളും ചാക്കോച്ചന്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. മകന്‍ ഇസഹാഖിനൊപ്പമുളള ചാക്കോച്ചന്റെ ഒരു രസകരമായ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
സ്റ്റില്‍ ഫൊട്ടോഗ്രാഫര്‍ അര്‍ജുന്‍ കല്ലിങ്കല്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കുഞ്ഞ് ഇസയ്‌ക്കൊപ്പം കളിക്കുന്ന ചാക്കോച്ചനെ വീഡിയോയില്‍ കാണാം. ‘ചാക്കോച്ചന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം’ എന്നാണ് ആരാധകന്‍ വീഡിയോയ്ക്കു താഴെ കമന്റു ചെയ്തിരിക്കുന്നത്.
ബുധനാഴ്ചയായിരുന്നു മലയാളത്തിന്റെ പ്രിയനടൻ ചാക്കോച്ചന്റെ 46-ാം ജന്മദിനം. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം താരത്തിന്റെ ജന്മദിനം ആഘോഷമാക്കി.മകന്‍ ഇസഹാഖിനു ഏറെ ഇഷ്ടപ്പെട്ട ഹള്‍ക്ക് എന്ന കഥാപാത്രത്തെയായിരുന്നു ചാക്കോച്ചന്റെ പിറന്നാള്‍ കേക്കില്‍ ചിത്രീകരിച്ചിരുന്നത്.
ചാക്കോച്ചന്റെ കരിയർ മനോഹരമായൊരു തിരിവിലെത്തി നിൽക്കുകയാണ് ഇപ്പോൾ. അഞ്ചാം പാതിര, നായാട്ട്, നിഴൽ, ഭീമന്റെ വഴി, പട തുടങ്ങിയ ചിത്രങ്ങളെല്ലാം കുഞ്ചാക്കോ ബോബനിലെ നടനെ മറ്റൊരു രീതിയിൽ രേഖപ്പെടുത്തിയ ചിത്രങ്ങളാണ്. സമീപകാലത്ത് തിയേറ്ററുകളിൽ ഹിറ്റായി മാറിയ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രവും ഇതുവരെ കാണാത്തൊരു ചാക്കോച്ചനെയാണ് പ്രേക്ഷകർക്ക് കാണിച്ചു തന്നത്.