മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളില്‍ ഒന്നാണ് നടന്‍ കൃഷ്ണകുമാറിന്റേത്.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ കുടുംബം ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. പശുക്കളെ കുറിച്ച് കൃഷ്‌ണകുമാർ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അതിനൊപ്പം പശുക്കളോടൊത്തുള്ള ചിത്രവും താരം ഷെയർ ചെയ്‌തിട്ടുണ്ട്.
തന്റെ ആരാധകരോട് സൗമ്യതയെയും ശാന്തതയെയും കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് താരം കുറിപ്പ് ആരംഭിക്കുന്നത്. “പേരിൽത്തന്നെ കൃഷ്ണൻ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോൾ പൂർവാധികം ദൃഢമായിരിക്കുന്നു. രാഷ്ട്രീയമായ അന്ധത ബാധിച്ച ചിലരൊക്കെ ട്രോളിയേക്കാം, പക്ഷെ ഒന്നുപറയാം ; എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക. അവയുടെ കണ്ണുകളിലേക്കു നോക്കുക. രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ താങ്കൾക്കും ആ നിമിഷങ്ങളിൽ മനസ് നിറയുന്നത് അനുഭവിക്കാനാകും” കൃഷ്‌ണകുമാർ കുറിച്ചു.
അമ്മയുടെ മുലപാൽ കുടിച്ച് ജീവൻ നിലനിർത്തുന്നതു പോലെയാണ് പശുവിന്റെ പാലുമെന്ന് കൃഷ്‌ണകുമാർ പറയുന്നു. രണ്ടു പേരും അമ്മമാരാണെന്നും സമയം കിട്ടുമ്പോഴെല്ലാം താൻ പശുക്കളെ കാണാൻ വരാറുണ്ടെന്നും താരം പറഞ്ഞു. “ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാർക്ക് നന്ദി. നല്ലതിനെതിരെ എന്നും ഗോബാക്ക് വിളിക്കാൻ പഠിച്ചവരോട് പരിഭവമൊന്നുമില്ല. കാരണം, അതാണ് എന്റെ ഭാരതീയ സംസ്കാരം എന്നെ പഠിപ്പിച്ചിരിക്കുന്നത്.”
കൃഷ്ണകുമാറിനെ വിമർശിച്ചു കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. മൃഗങ്ങളെ സ്നേഹിക്കുന്നത് തെറ്റല്ല എന്നാൽ പ്രത്യേക അജണ്ട വച്ച് സ്നേഹിക്കുന്നതു ശരിയല്ലെന്ന് ആളുകൾ പറയുന്നു.കൗ ഹഗ്ഗ് ഡേ ആശംസകളറിയിക്കുന്നവരും കമന്റ് ബോക്‌സിലുണ്ട്. രാഷ്ട്രീയത്തിൽ സജീവമാണ് കൃഷ്‌ണകുമാർ. 2021ലെ അസംബ്ലി ഇലക്ഷനിൽ ബി ജെ പി സ്ഥാനാർത്ഥിയായി കൃഷ്‌ണകുമാർ മത്സരിച്ചിരുന്നു. ബി ജെ പി യുടെ ദേശീയ കൗൺസിൽ അംഗമാണിപ്പോൾ കൃഷ്‌ണകുമാർ.