ഏതു പ്രതിസന്ധിഘട്ടങ്ങളെയും പോസിറ്റീവായി സമീപിക്കുന്ന ചിലരുണ്ട്, നടനും മിമിക്രിതാരവുമായ കോട്ടയം നസീറും അങ്ങനെയൊരാളാണ്. ക്വാറന്റെയ്ൻ ദിനങ്ങളും ലോക്‌ഡൗണുമെല്ലാം ചേർന്ന് ജീവിതം വീടിന്റെ നാലുചുമരുകൾക്ക് അകത്തേക്ക് ചുരുങ്ങുമ്പോഴും കൊറോണക്കാലത്തെ പോസിറ്റീവായി സമീപിക്കുകയാണ് താരം. മിമിക്രിയ്ക്കും അഭിനയത്തിനുമൊപ്പം തന്നെ മനസ്സിനോട് ചേർത്തുകൊണ്ടുനടക്കുന്ന ചിത്രരചനയിൽ മുഴുകുകയാണ് താരം. പ്രധാനമന്ത്രി രാജ്യത്ത് 21 ദിവസത്തെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നിലെ ചിത്രകാരനെയും ചലഞ്ച് ചെയ്യുകയാണ് നസീർ ചെയ്തത്. 21 ദിവസം 21 ചിത്രങ്ങൾ എന്ന സ്വപ്നം വരച്ചു തീർക്കുകയാണ് അദ്ദേഹമിപ്പോൾ.
“ക്വാറന്റെയിൻ കാലം എനിക്കിഷ്ടമുള്ള ചിത്രരചനയ്ക്കായി മാറ്റിവെയ്ക്കുകയാണ് ഞാനിപ്പോൾ. 21 ദിവസം 21 ചിത്രങ്ങൾ എന്നതാണ് ആഗ്രഹം. പതിനേഴോളം ചിത്രങ്ങൾ ഇതിനകം വരച്ചു തീർത്തു,” കോട്ടയം നസീർ പറയുന്നു.
“രാവിലെ 8 മണി മുതൽ ഉച്ച വരെ, ഭക്ഷണം കഴിഞ്ഞ് ഒന്നു വിശ്രമിച്ച് വീണ്ടും സന്ധ്യ വരെ ചിത്രരചനയിൽ മുഴുകും. ചിലപ്പോൾ രാത്രിയും കുറച്ചുനേരം വരയിൽ മുഴുകും,’ നസീർ പറയുന്നു. ഒരു കൊറോണക്കാലത്തിന്റെ ഓർമയ്ക്കായി ഈ ചിത്രങ്ങളുടെ ഒരു എക്സിബിഷൻ സംഘടിപ്പിക്കാനും ആഗ്രഹിക്കുന്നതായി നസീർ മനസ്സു തുറന്നു. ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിന്റെ ഫേസ്ബുക്ക് ലൈവിൽ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. ലോക്ക്‌ഡൗൺ ദിനങ്ങൾ രണ്ടാഴ്ച കൂടി നീട്ടുമ്പോഴും ചിത്രരചനയിൽ മുഴുകി വിരസതയകറ്റാം എന്ന പ്രതീക്ഷയിലാണ് താരം.
കോട്ടയം നസീർ വരച്ച ചിത്രങ്ങൾ കാണാം:
മിമിക്രിവേദികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ആരാധകരുടെ ഇഷ്ടം കവർന്ന കലാകാരനാണ് കോട്ടയം നസീർ. ‘മിമിക്‌സ് ആക്ഷന്‍ 500’ എന്ന ചിത്രത്തിലൂടെയാണ് നസീർ സിനിമയിലെത്തുന്നത്. പതിവു മിമിക്രി വേഷങ്ങളിൽ നിന്നും മാറി അഭിനയപ്രാധാന്യമുള്ള മികച്ച കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ് താനെന്നും അദ്ദേഹം പറഞ്ഞു.
Read more: അച്ഛനെന്തിനാ അമ്മയുടെ ഫോണിൽ നോക്കുന്നത്, ചിരിപ്പിച്ച് സുരാജും ഭാര്യയും; വീഡിയോ