പ്രശസ്ത നടൻ കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ശാരീരിര അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. കെ എസ് പ്രേംകുമാർ എന്നാണ് യഥാർത്ഥ പേര്.
നാടകത്തിലൂടെ സിനിമയിലെത്തിയ കൊച്ചുപ്രേമൻ 250 ത്തോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏഴു നിറങ്ങളാണ് ആദ്യ ചിത്രം. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം തിളക്കം, കല്യാണരാമൻ, പട്ടാഭിഷേകം, ഇൻ ഗോസ്റ്റ് ഹൗസ്, നല്ലവൻ, മൈ ബിഗ് ഫാദർ തുടങ്ങി അനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
ഭാര്യ ഗിരിജ പ്രേമനും അഭിനേത്രിയാണ്. അഭയ ഹിരൺമയി അനന്തരവളാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതനായ കൊച്ചുപ്രേമൻ മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന സീരിയലിൽ അഭിനയിച്ചിട്ടുണ്ട്.
കൊച്ചുപ്രേമന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
“ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത്. നാടകരംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.” സന്തപ്ത കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

താരങ്ങളായ പൃഥ്വിരാജ്, ദേവിചന്ദന, നാദിർഷാ, സലീം കുമാർ, വിനു മോഹൻ, മനോജ് കെ ജയൻ, ഹണി റോസ്, അജു വർഗീസ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ച് ചിത്രം പങ്കുവച്ചിട്ടുണ്ട്.