2019 ല്‍ റിലീസിനെത്തിയ സിനിമകളില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ് കുമ്പളങ്ങി നൈറ്റ്‌സ്. സിനിമ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത് ചിത്രത്തിന്റെ വിജയത്തെ കുറിച്ചാണ്. പുതുമുഖങ്ങള്‍ മുതല്‍ കുമ്പളങ്ങി നൈറ്റ്‌സിലെ എല്ലാ താരങ്ങളും മികവുറ്റ പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.

മികച്ചൊരു ചിത്രമെന്ന് പ്രേക്ഷകര്‍ ഒറ്റവാക്കില്‍ പറയുന്ന ചിത്രം ‘മഹേഷിന്റെ പ്രതികാരം’ മുതല്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടിലാണ് എത്തിയത്. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം കുമ്പളങ്ങിയില്‍ താമസിക്കുന്ന നാല് സഹോദരന്മാരുടെ കഥയാണ് പറയുന്നത്.

ഈ വര്‍ഷം ഒരുപാട് സിനിമകള്‍ റിലീസ് ചെയ്തിരുന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കേരളത്തില്‍ നിന്ന് മാത്രമായി ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമായി കുമ്പളങ്ങി നൈറ്റ്‌സ് മാറി.

Read more: കുമ്പളങ്ങിയിലെ പെണ്ണുങ്ങൾ സൂപ്പറാ!

കേരളത്തിന് പുറത്ത് നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടയിലാണ് ഒരു തമിഴ് താരം ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. മറ്റാരുമല്ല, തമിഴ് സൂപ്പര്‍താരം സൂര്യയുടെ സഹോദരനും നടനുമായ കാര്‍ത്തിക് ശിവകുമാറാണ് ചിത്രത്തെ പ്രശംസിച്ചത്. വളരെ മനോഹരമായ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. തടസ്സമില്ലാതെ ഒഴുകുന്ന ചിത്രം ഒരേസമയം ഭാവാത്മകവും തമാശ നിറഞ്ഞതുമാണെന്നും കാര്‍ത്തി പറഞ്ഞു. ഒരിക്കല്‍ തനിക്കും ഇതുപോലൊരു ചിത്രം ചെയ്യാന്‍ കഴിയുമെന്ന് ആഗ്രഹിക്കുന്നതായും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ ട്വീറ്റ് എന്തായാലും മലയാളി സിനിമാ പ്രേമികള്‍ ഏറ്റെടുത്തിട്ടുണ്ട്. കേരളത്തില്‍ എല്ലായിടത്തും വമ്പന്‍ സ്വീകരണമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിന് ലഭിച്ചിരുന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും സിംഗിള്‍സിലുമെല്ലാം സിനിമ തുല്യ പ്രധാന്യത്തോടെ എത്തുകയും ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസിനെത്തി പതിനാറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഇപ്പോഴും 16 ഷോ ചിത്രത്തിന് ലഭിക്കുന്നുണ്ട്. പ്രതിദിനം നാല് ലക്ഷത്തിന് മുകളില്‍ ലഭിച്ച് കൊണ്ടിരിക്കുന്നതിനാല്‍ ഇവിടെ നിന്നും അതിവേഗം ഒരു കോടി എന്ന ലക്ഷ്യത്തിലേക്ക് സിനിമ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവില്‍ 94.66 ലക്ഷമാണ് സിനിമയുടെ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലെ കളക്ഷന്‍. ഈ വര്‍ഷം ഇത്രയധികം കളക്ഷന്‍ നേടുന്ന മറ്റൊരു ചിത്രവുമില്ലെന്നുള്ളതാണ് ശ്രദ്ധേയം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ