“എൺപതുകളിൽ ജനിച്ചു വളരുകയെന്നത് വളരെ ആനന്ദകരമായ ഒരു അനുഭവമായിരുന്നു. കൈനിറയെ കളിപ്പാട്ടങ്ങളുമായി വളരുക. പുറത്തിറങ്ങി കളിക്കുന്ന സമയങ്ങൾ. ഗാഡ്ജറ്റുകൾ ജീവിതത്തെ നിയന്ത്രിക്കാത്ത കാലം. അത്തരം മൂല്യബോധങ്ങളെ ഇന്നും ജീവിതത്തിൽ നമ്മൾ ഉയർത്തിപ്പിടിക്കുന്നു. ജീവിതം വളരെ ലളിതമായി തോന്നുന്നു. സന്തോഷം അമൂല്യമാണ്. എൺപതുകളിലെ എല്ലാ കുട്ടികളെയും ഞാൻ കെട്ടിപ്പിടിക്കുന്നു,” മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ നായികയായി അഭിനയിച്ച ഒരു പെൺകുട്ടി തന്റെ ബാല്യകാല ചിത്രം പങ്കുവച്ച് കുറിച്ച വാക്കുകളാണിത്.

ആ പെൺകുട്ടി മറ്റാരുമല്ല, മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ജയറാമിന്റെയുമെല്ലാം നായികയായി വെള്ളിത്തിരയിൽ തിളങ്ങിയ കനിഹയാണ്. തന്റെ കുട്ടിക്കാല ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലാണ് കനിഹ പങ്കുവച്ചത്.

മമ്മൂട്ടിയുടെ ‘പഴശിരാജ’യിൽ തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നായികയാണ് കനിഹ. ‘ഭാഗ്യദേവത’, ‘സ്പിരിറ്റ്’ തുടങ്ങി കനിഹയെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയ ഒട്ടേറെ ചിത്രങ്ങളുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. തന്റെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായും കനിഹ പങ്കുവയ്ക്കാറുണ്ട്. മോഡലിങ്ങിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന താരമാണ് കനിഹ. കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ട് പോവുന്ന നടി.

മുന്‍ നടന്‍ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്. 2008 ജൂണ്‍ 15 നായിരുന്നു ഇരുവരുടെയും വിവാഹം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുകയാണ് രാധാകൃഷ്ണന്‍. ഇരുവര്‍ക്കും സായ് ഋഷി എന്നൊരു മകനുമുണ്ട്. 2010 ലായിരുന്നു മകന്‍ ജനിച്ചത്.

1999 ലെ മിസ് മധുരയായി കനിഹ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001 ലെ മിസ് ചെന്നൈ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി. മോഡലിങ് രംഗത്തുണ്ടായിരുന്ന കനിഹയെ സംവിധായകനായ സൂസി ഗണേശനാണ് വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ തമിഴ് ചിത്രം ‘ഫൈവ് സ്റ്റാറിൽ’ നായികയായി അവസരം കൊടുത്തു. തുടര്‍ന്ന് തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ അഭിനയിച്ചിരുന്ന കനിഹ ‘എന്നിട്ടും’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. അതിന് ശേഷമായിരുന്നു നടിയുടെ വിവാഹം. കനിഹയുടെ ശ്രദ്ധേയമായ മലയാള സിനിമകളെല്ലാം വിവാഹശേഷമുള്ളതായിരുന്നു.

ശേഷം ‘മൈ ബിഗ് ഫാദര്‍’, ‘ദ്രോണ’, ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’, ‘കോബ്ര’, ‘സ്പീരിറ്റ്’, ‘ബാവൂട്ടിയുടെ നാമത്തില്‍’ തുടങ്ങി അഭിനയ പ്രധാന്യമുള്ള സിനിമകളില്‍ കനിഹ അഭിനയിച്ചു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലും കനിഹ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook