“ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ പണവുമായി ബന്ധപ്പെട്ടതല്ല, അവ ഓർമകളും നിമിഷങ്ങളുമാണ്. ഓർമകൾ ഉണ്ടാക്കുന്നത് ഒരിക്കലും അവസാനിപ്പിക്കരുത്. ആളുകൾ വരുന്നു, പോകുന്നു.. പക്ഷെ ഓർമകൾ അവശേഷിക്കുന്നു..” മലയാളത്തിലെ സൂപ്പർ സ്റ്റാറുകളുടെ നായികയായി അഭിനയിച്ച ഒരു പെൺകുട്ടി ഇന്ന് തന്റെ ബാല്യകാല ചിത്രം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണിത്.

തന്റെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഈ പെൺകുട്ടി പങ്കുവച്ചത്. മറ്റാരുമല്ല, മമ്മൂട്ടിയുടേയും മോഹൻലാലിന്റേയുമൊക്കെ നായികയായി അഭിനയിച്ച കനിഹയാണ് ഈ ചിത്രത്തിന്റെ ഉടമ.

മമ്മൂട്ടിയുടെ ‘പഴശിരാജ’യിൽ തുടങ്ങി തുടർന്ന് ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നായികയാണ് കനിഹ. ‘ഭാഗ്യദേവത’, ‘സ്പിരിറ്റ്’ തുടങ്ങി കനിഹയെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയ ഒട്ടേറെ ചിത്രങ്ങളുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. തന്റെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായും കനിഹ പങ്കുവയ്ക്കാറുണ്ട്. മോഡലിങ്ങിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന താരമാണ് കനിഹ. കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ട് പോവുന്ന നടി.

Read More: സുന്ദരിയായി പ്രാചി തെഹ്ലാന്‍; ‘മാമാങ്കം’ രണ്ടാം പോസ്റ്റര്‍ പുറത്ത്

മുന്‍ നടന്‍ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്. 2008 ജൂണ്‍ 15 നായിരുന്നു ഇരുവരുടെയും വിവാഹം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുകയാണ് രാധാകൃഷ്ണന്‍. ഇരുവര്‍ക്കും സായി റിഷി എന്നൊരു മകനുമുണ്ട്. 2010 ലായിരുന്നു മകന്‍ ജനിച്ചത്.

1999 ലെ മിസ് മധുരയായി കനിഹ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001 ലെ മിസ് ചെന്നൈ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി. മോഡലിങ് രംഗത്തുണ്ടായിരുന്ന കനിഹയെ സംവിധായകനായ സൂസി ഗണേശനാണ് വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ തമിഴ് ചിത്രം ‘ഫൈവ് സ്റ്റാറിൽ’ നായികയായി അവസരം കൊടുത്തു. തുടര്‍ന്ന് തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ അഭിനയിച്ചിരുന്ന കനിഹ ‘എന്നിട്ടും’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. അതിന് ശേഷമായിരുന്നു നടിയുടെ വിവാഹം. കനിഹയുടെ ശ്രദ്ധേയമായ മലയാള സിനിമകളെല്ലാം വിവാഹശേഷമുള്ളതായിരുന്നു.

ശേഷം ‘മൈ ബിഗ് ഫാദര്‍’, ‘ദ്രോണ’, ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’, ‘കോബ്ര’, ‘സ്പീരിറ്റ്’, ‘ബാവൂട്ടിയുടെ നാമത്തില്‍’ തുടങ്ങി അഭിനയ പ്രധാന്യമുള്ള സിനിമകളില്‍ കനിഹ അഭിനയിച്ചു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലും കനിഹ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook