സോഷ്യൽ മീഡിയയുടെ സ്വാധീനം കൂടി വന്നതോടെ സൈബർ ഇടങ്ങളിൽ മറ്റുള്ളവരെ രൂപത്തിന്റെ പേരിൽ പരിഹസിക്കലും അപമാനിക്കലും കൂടി വന്നിട്ടുണ്ട്. ബോഡി ഷെയ്മിങ് ഒരു സാധാരണ കാര്യമായി മാറുന്ന പ്രവണത പലപ്പോഴും അപകടകരമാം വിധം വർധിച്ചു വരുന്നു. മിക്കപ്പോഴും ഇതിനിരയാകുന്നത് സ്ത്രീകളാണ്. എന്നാൽ ഇപ്പോൾ അതിനോട് തിരിച്ചു പ്രതികരിക്കാനുള്ള ഊർജവും ഓരോരുത്തരും നേടുകയാണ്.
Read More: ഏറ്റവുമൊടുവിൽ എന്നാണ് നിങ്ങൾ അമ്മയെ ഒന്ന് കെട്ടിപ്പിടിച്ചത്?: കനിഹ ചോദിക്കുന്നു
അത്തരത്തിലുള്ള പരിഹാസങ്ങളോട് മറുപടി പറയുകയാണ് നടി കനിഹ. സ്വന്തം ശരീരത്തെ അംഗീകരിക്കാനും സ്നേഹിക്കാനും പഠിക്കൂ എന്നാണ് കനിഹയ്ക്ക് എല്ലാവരോടും പറയാനുള്ളത്. പരിഹസിക്കുന്നവർക്ക് നേരെ ആ നടുവിരൽ ഉയർത്തിക്കാണിച്ച് നടന്നു പോകാനും കനിഹ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് താരം ഇക്കാര്യം പറയുന്നത്.
കനിഹയുടെ കുറിപ്പിന്റെ പൂർണരൂപം:
അതെ, ഇത് തീർച്ചയായും എന്റെ പഴയ ചിത്രമാണ്.
നിങ്ങളിൽ പലരെയുംപോലെ പഴയ സ്വന്തം ചിത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ ഞാനും പറയാറുണ്ട്, എത്ര മെലിഞ്ഞതായിരുന്നു ഞാനെന്നും എന്റെ വയർ എത്ര ഒതുങ്ങിയതായിരുന്നുവെന്നും എത്ര ഭംഗിയുള്ളതായിരുന്നു എന്റെ മുടിയെന്നുമൊക്കെ.
പക്ഷേ പെട്ടെന്നുതന്നെ ഞാനോർക്കും, എന്തിനാണ് ഞാൻ ഇങ്ങനെ കരുതുന്നതെന്ന്. ഇപ്പോൾ ഞാൻ എങ്ങനെയാണ് എന്നതിൽ അസുന്തഷ്ടയാണ് എന്നാണോ അതിന് അർഥം.
ഒരിക്കലുമല്ല. സത്യത്തിൽ ഞാനിപ്പോഴാണ് എപ്പോഴത്തേക്കാളുമേറെ എന്നെ സ്നേഹിക്കുന്നത്. ആ മുറിവുകൾക്ക്, പാടുകൾക്ക്, കുറവുകൾക്ക് ഒരുപാട് മനോഹരമായ കഥകൾ പറയാനുണ്ട്. എല്ലാം വളരെ മികച്ചതായാൽ അവിടെ കഥ എന്തിരിക്കുന്നു അല്ലേ?
നമ്മുടെ ശരീരത്തെ സ്വീകരിക്കുക അതിനെ സ്നേഹിക്കുക എന്നതാണ് പ്രധാനം.
മറ്റുള്ളവരുമായി ഒരിക്കലും നിങ്ങളെ താരതമ്യം ചെയ്യരുത്. നമുക്കോരോരുത്തർക്കും വ്യത്യസ്തങ്ങളായ കഥകളാണ് പറയാനുള്ളത്. നിങ്ങൾ കുറവുള്ളവരാണെന്ന് കരുതരുത്. നിങ്ങളുടെ ശരീരത്തെ ദയവായി സ്നേഹിക്കാൻ തുടങ്ങൂ.
ആരെങ്കിലും നിങ്ങളെ ബോഡി ഷെയ്‍മിങ് നടത്താൻ വന്നാൽ ആ നടുവിരൽ ഉയർത്തിക്കാണിച്ച് നടന്നുപോകൂ
ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം കൊടുക്കുന്ന നടിമാരിൽ ഒരാളാണ് കനിഹ. എത്ര തിരക്കിലും വ്യായാമം ചെയ്യാനുള്ള സമയം കണ്ടെത്താൻ താരം മടിക്കാറില്ല. ലോക്‌ഡൗൺ കാലത്തും വ്യായാമവുമൊക്കെയായി തിരക്കിലാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വർക്ക് ഔട്ട് വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്.