നടൻ കമൽഹാസന്റെ ചെന്നൈയിലെ വസതിയിൽ തീപിടുത്തം. ഇന്നലെ രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. വീട്ടിലെ ജോലിക്കാരുടെ സഹായത്തോടെ കമലഹാസൻ പരുക്കൊന്നും ഏൽക്കാതെ രക്ഷപ്പെട്ടു. തീപിടുത്തമുണ്ടാകുമ്പോൾ വീട്ടിലെ മൂന്നാം നിലയിലായിരുന്നു കമൽഹാസൻ. ഉടൻതന്നെ അദ്ദേഹം കോണിപ്പടികളിലൂടെ ഇറങ്ങി ഓടി താഴേക്ക് വരികയും ജീവനക്കാർ അദ്ദേഹത്തെ സുക്ഷിതമായി വീടിനു പുറത്തെത്തിക്കുകയും ചെയ്തു.

ഇന്നു രാവിലെ തന്റെ ട്വിറ്റർ പേജിലൂടെയാണ് തീപിടുത്തത്തെക്കുറിച്ചുളള വിവരം അദ്ദേഹം ആരാധകരോട് പങ്കുവച്ചത്. തന്നെ രക്ഷിച്ച ജീവനക്കാർക്ക് നന്ദി പറയുന്നതായും ആർക്കും പരുക്കേറ്റിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും കമൽഹാസൻ ട്വിറ്ററിൽ എഴുതിയിട്ടുണ്ട്.

അടുത്തിടെയാണ് കമൽഹാസന്റെ സഹോദരൻ ചന്ദ്രഹാസൻ ലണ്ടനിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞത്. ചന്ദ്രഹാസന്റെ വിയോഗത്തിൽ ഏറെ ദുഃഖിതനാണ് കമൽഹാസൻ. ”ചന്ദ്രഹാസൻ നല്ലൊരു സുഹൃത്തായിരുന്നു. നല്ലൊരു ടീച്ചറായിരുന്നു. അദ്ദേഹം എനിക്ക് സഹോദരൻ മാത്രമായിരുന്നു, അച്ഛനും കൂടിയായിരുന്നു. ജീവിതത്തിൽ ഞാൻ വിജയിക്കാൻ കാരണം അദ്ദേഹമാണ്. അദ്ദേഹം എന്നിൽ കണ്ട സ്വപ്നങ്ങളിൽ പകുതി പോലും എനിക്ക് പൂർത്തിയാക്കാൻ ആയിട്ടില്ല” ചന്ദ്രഹാസന്റെ മരണത്തിനു പിന്നാലെ കമൽഹാസൻ ട്വിറ്ററിൽ കുറിച്ച വാക്കുകളായിരുന്നു ഇത്.

അടുത്തിടെ തന്റെ ഓഫിസിലെ കോണിപ്പടിയിൽനിന്നും വീണ് കമൽഹാസന്റെ കാലിനു പരുക്കേറ്റിരുന്നു. ഏറെ നാളത്തെ ചികിൽസയ്ക്കു ശേഷമാണ് ഇതിൽനിന്നും അദ്ദേഹം സുഖം പ്രാപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ