മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാം-പാർവതി ദമ്പതികളുടേത്. മകൻ കാളിദാസ് സിനിമാ മേഖലയിൽ സജീവമാണ്. മകൾ മാളവിക സിനിമയിൽ തന്റെ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഈ കുടുംബം. നാലു പേരുടെയും സന്തോഷ നിമിഷങ്ങളെല്ലാം ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെമൊക്കെ ആരാധകരെ അറിയിക്കാറുണ്ട്. കാളിദാസ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ബന്ധുവിന്റെ വിവാഹത്തോടനുബന്ധിച്ച ഹൽദി ചടങ്ങിൽ ജയറാമും കുടുംബവും പങ്കെടുത്തിരുന്നു.അതേ പരിപാടിയിൽ നിന്നുള്ള ചിത്രമാണ് കാളിദാസ് ഷെയർ ചെയ്തിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. വർഷാവസാനമായതു കൊണ്ട് പുതുവർഷ കുറിപ്പും ചിത്രത്തിനൊപ്പം പങ്കുവച്ചു.
“ഒരുപാട് സർപ്രൈസുകൾ നിറഞ്ഞ വർഷം അവസാനിക്കുകയാണ്. അവസരങ്ങളും പ്രതീക്ഷകളും നൽകുന്ന പുതിയ വർഷം വരുകയാണ്. എന്താണ് നിങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നതെന്ന് പറയാൻ പറ്റില്ല. അത് എന്തുമാകാം. ചിലപ്പോൾ ഒന്നും ഉണ്ടാവുകയുമില്ല. നിങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ, ഇടയ്ക്കൊന്ന് തിരിഞ്ഞുനോക്കുക നിങ്ങൾ നടന്നു തീർത്ത വഴികൾ പിന്നിൽ കാണാനാകും” കാളിദാസ് കുറിച്ചു.
മണിരത്‌നത്തിന്റെ ‘ പൊന്നിയില്‍ സെല്‍വന്‍’ ആണ് ജയറാമിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം .വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുന്ന പാര്‍വ്വതി നൃത്ത വേദികളിലും, ടി വി പരിപാടികളിലും ഇടയ്ക്കു പ്രത്യക്ഷപ്പെടാറുണ്ട്. മക്കളായ കാളിദാസിനും, മാളവികയ്ക്കുമൊപ്പം ചെന്നൈയിലാണ് ഇരുവരും താമസിക്കുന്നത്.