scorecardresearch

Latest News

സിനിമ- നാടക നടൻ കൈനകരി തങ്കരാജ് അന്തരിച്ചു

ഈ.മ.യൗ, ഹോം, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാതങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു

Kainakary Thangaraj

നാടക, ചലച്ചിത്രതാരം കൈനകരി തങ്കരാജ് അന്തരിച്ചു. 77 വയസ്സായിരുന്നു. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനായ തങ്കരാജ് കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചാണ് അഭിനയരംഗത്ത് സജീവമായത്.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തങ്കരാജ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. വൈകാതെ അമേച്വർ നാടകരംഗത്ത് ശ്രദ്ധേയ മുഖമായി മാറി. ഫാസിൽ, നെടുമുടി വേണു, ആലപ്പി അഷറഫ് തുടങ്ങിയവരുമായി മത്സരനാടകങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ‘ചങ്ങനാശേരി ഗീഥ’യുടെ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് പ്രൊഫഷണൽ നാടകരംഗത്തേക്ക് അദ്ദേഹമെത്തുന്നത്. പിന്നീട് കോട്ടയം നാഷണൽ തിയേറ്റഴ്സ്, ചാലക്കുടി സാരഥി, കെ.പി.എ.സി അടക്കമുള്ള സമിതികളിലും പ്രവർത്തിച്ചു. 1995 ൽ കൈനകരി തീയേറ്റേഴ്സ് എന്ന നാടകട്രൂപ്പും സ്വന്തമായി രൂപീകരിച്ചു. നടൻ തിലകനുമായി ചേർന്ന് ‘അമ്പലപ്പുഴ അക്ഷരജ്വാല’ എന്നൊരു ട്രൂപ്പും ആരംഭിച്ചിരുന്നു.

സിനിമാമോഹവുമായി മദ്രാസിലെത്തിയ തങ്കരാജ് അച്ചാരം അമ്മിണി ഓശാരം ഓമന, ആനപ്പാച്ചൻ തുടങ്ങിയ സിനിമകളിലാണ് ആദ്യമായി വേഷമിട്ടത്. ആനപ്പാച്ചനിൽ പ്രേംനസീറിന്റെ അച്ഛന്റെ വേഷമായിരുന്നു തങ്കരാജിന്. അണ്ണൻ തമ്പി, ആമേൻ, ഇയ്യോബിന്റെ പുസ്തകം, ഇബ്‌ലീസ്, ലൂസിഫർ, ഇഷ്ക്, വാരിക്കുഴിയിലെ കൊലപാതകം, ഹോം, മോഹൻ കുമാർ ഫാൻസ് തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ തങ്കരാജ് അഭിനയിച്ചിട്ടുണ്ട്.

ഈ.മ.യൗ വിലെ വാവച്ചൻ മേസ്തിരി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി കൊടുത്തു. ചാലക്കുടി സാരഥി തീയേറ്റേഴ്സിന്റെ ഉടമസ്ഥരിലൊരാളായിരുന്ന ജോസ് പെല്ലിശ്ശേരിയ്ക്ക് ഒപ്പം നിരവധി നാടകങ്ങളിൽ തങ്കരാജ് പ്രവർത്തിച്ചിട്ടുണ്ട്. ലിജോയുടെ പിതാവായ ജോസ് പെല്ലിശ്ശേരിയുമായുള്ള ഈ സൗഹൃദമാണ് തങ്കരാജിനെ ആമേനിലും ഈ.മ.യൗവിലും എത്തിച്ചത്. ലിജോയുടെ ഏറ്റവും പുതിയ ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കത്തിലും തങ്കരാജ് അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടി അടക്കമുള്ള താരങ്ങൾ കൈനകരി തങ്കരാജിന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor kainakary thangaraj passes away