‘ജോസഫ്’ എന്ന ചിത്രത്തിലെ മികവാർന്ന അഭിനയത്തിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടനാണ് ജോജു ജോർജ്. താരത്തിന്റെ ജന്മദിനമായിരുന്നു ഇന്നലെ. 43-ാം ജന്മദിനം ആഘോഷിച്ച ജോജുവിന് കിടിലനൊരു സർപ്രൈസ് നൽകിയിരിക്കുകയാണ് മക്കൾ.
സൂപ്പർമാൻ തീമിലുള്ള കേക്കാണ് മക്കൾ അച്ഛനായി ഒരുക്കിയത്. കേക്കിനു മുകളിലായി സൂപ്പർ ഡാഡ് എന്നെഴുതിയിരുന്നു. ഇഷാൻ. ഇവാൻ, സാറ എന്നിങ്ങനെ മൂന്നു മക്കളാണ് ജോജുവിന്. കുട്ടികൾ ഒരുക്കിയ കേക്കിന്റെ ചിത്രം ജോജു തന്റെ ഇൻസ്റ്റർ ഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.
ജോജുവിന് നിരവധി താരങ്ങളും ആശംസകൾ നേർന്നിരുന്നു. ജയസൂര്യ, രമേശ് പിഷാരടി, അനു സിത്താര തുടങ്ങി നിരവധി താരങ്ങൾ ജോജുവിന് ആശംസകൾ നേർന്നിട്ടുണ്ട്.
മഴവിൽ കൂടാരം (1995) എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച ജോജു ജോർജ് പിന്നീട് നിരവധി സിനിമകളിൽ സഹ നടനായി വേഷമിട്ടു. 2018-ൽ പുറത്തിറങ്ങിയ ‘ജോസഫ്’ ചിത്രമാണ് ജോജുവിന്റെ കരിയറിൽ വഴിത്തിരിവായത്. ബോക്സോഫിസിൽ ചിത്രം വൻ ഹിറ്റായിരുന്നു. പിന്നീട് നിരവധി സിനിമകളിൽ ജോജു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.
തമിഴിൽ ‘ജഗമേ തന്തിരം’ എന്ന ചിത്രത്തിൽ ശിവദോസ് എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് തെന്നിന്ത്യൻ പ്രേക്ഷകരുടെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റി. തുറമുഖം, ഒറ്റക്കൊമ്പൻ, ഒരു താത്വിക അവലോകനം തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.
Read More: ആറു വർഷങ്ങളായി എന്ന് വിശ്വസിക്കാനാവുന്നില്ല; നയൻസിനൊപ്പം വിക്കി, ചിത്രങ്ങൾ