ക്രിക്കറ്റിനെ നെഞ്ചോട് ചേർത്തവരാണ് മലയാളികൾ. എന്നാൽ ഇന്ത്യൻ ടീമിൽ എത്തിയ മലയാളികൾ വിരലിലെണ്ണാവുന്നവർ മാത്രം. എന്നിരുന്നാലും ഇന്ന് സജീവ ക്രിക്കറ്റിൽ മലയാളിക്ക് അഭിമാനമായി ഒരാളുണ്ട്, സഞ്ജു സാംസൺ. ഐപിഎൽ പതിനഞ്ചാം സീസണിന്റെ ഫൈനൽ മത്സരം ഇന്ന് രാത്രി ഹൈദരാബാദിൽ നടക്കുമ്പോൾ അതിൽ ഒരു ടീമിന്റെ അമരക്കാരൻ സഞ്ജു സാംസണാണ്.
മലയാളികൾക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന ഈ നിമിഷത്തിൽ സഞ്ജുവിന് ആശംസകൾ നേരുകയാണ് മലയാളത്തിന്റെ പ്രിയതാരം ജയറാമും. ഫെയ്സ്ബുക്കിൽ സഞ്ജുവിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ജയറാം ആശംസകൾ അറിയിച്ചത്. “ഞങ്ങളുടെ സ്വകാര്യ അഹങ്കാരം…ഞങ്ങളുടെ അഭിമാനം..ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും” ജയറാം കുറിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കിരീടപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് സഞ്ജുവിന്റെ രാജസ്ഥാന് റോയല്‍സിന്റെ എതിരാളികൾ. വൈകിട്ട് എട്ട് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയ രാജസ്ഥാൻ രണ്ടാം ക്വാളിഫയർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോൽപിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. കലാശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് സഞ്ജു സാംസണും സംഘവും കപ്പുയർത്തുന്നത് കാണാനാണ് ക്രിക്കറ്റിനെ സ്നേഹിക്കുന്ന മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്നത്.
Also Read: അർഹിച്ച നേട്ടം; പ്രിയകൂട്ടുകാരിയെ അഭിനന്ദിച്ച് ശോഭന