ഒരുപിടി നല്ല കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കി അകാലത്തില്‍ അരങ്ങൊഴിഞ്ഞ നടന്‍ ജയന്റെ ജീവിതം അഭ്രപാളികളിലേക്ക്. ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘സ്റ്റാര്‍ സെലിബ്രേറ്റിംഗ് ജയന്‍’ എന്നു പേരിട്ടു.

പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജോണി സാഗരികയുടെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ചിത്രം പൂര്‍ണമായും ഒരു ബയോപിക് ആണോ എന്നകാര്യത്തില്‍ ഇതുവരെ അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും വ്യക്തത ലഭിച്ചിട്ടില്ല.

1974ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാന്‍ ജയനു കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കില്‍ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. ഭാവാഭിനയത്തില്‍ മികവു പുലര്‍ത്തിയിതോടൊപ്പം ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തില്‍ സംക്രമിപ്പിച്ച് ജയന്‍ അവതരിപ്പിച്ച സ്‌റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകര്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റി.

കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് 1980 നവംബര്‍ 16-ന് ജയന്‍ അകാലമൃത്യുവടഞ്ഞത്. മരിക്കുമ്പോള്‍ 41 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ