അനശ്വര നടൻ ജയന്റെ മരണം മലയാളികൾക്ക് ഇന്നും തീരാ നൊമ്പരമാണ്. മലയാള സിനിമയിൽ അതുവരെയുണ്ടായിരുന്ന നായക കഥാപാത്രങ്ങളെ മാറ്റി എഴുതി കൊണ്ടായിരുന്നു ജയന്റെ വരവ്. മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ ഹീറോ എന്നു ജയനെ വിളിക്കാം. നായകനായുളള ജയന്റെ വളർച്ച പെട്ടെന്നായിരുന്നു. അതുപോലെ പെട്ടെന്നായിരുന്നു ജയന്റെ മരണവും. ‘കോളിളക്കം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജയന്‍ മരിച്ചത്. ജയന്റെ മരണത്തെ ചുറ്റിപ്പറ്റി നിരവധി കഥകൾ പ്രചരിച്ചിരുന്നു. എന്നാലിതാ ജയന്റെ അവസാന നിമിഷങ്ങള്‍ നേരിട്ട് കണ്ട സംവിധായകൻ സോമന്‍ അമ്പാട്ട് ആ സംഭവത്തെക്കുറിച്ച് ക്ലബ് എഫ്എമ്മിലൂടെ പങ്ക് വച്ചിരിക്കുകയാണ്.

”സിനിമയിൽ എത്തുന്നതിനു മുൻപ് നേവൽ ഓഫിസറായി ജോലി ചെയ്യുകയായിരുന്നു ജയൻ. അതിനാൽതന്നെ സിനിമയിൽ എന്തു റിസ്ക് എടുക്കാനും തയാറുളള നടനായിരുന്നു ജയൻ. പക്ഷേ നിർമാതാക്കൾ ഒരിക്കലും അതിന് തയാറായിരുന്നില്ല. അവർ ഡ്യൂപ്പിനെ വച്ചാണ് റിസ്ക് രംഗങ്ങളെല്ലാം ചിത്രീകരിക്കാറുളളത്. ചെന്നൈയിൽനിന്നും കുറച്ച് ദൂരെയുളള സ്ഥലത്തായിരുന്നു കോളിളക്കത്തിന്റെ ഷൂട്ടിങ്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ബാലൻ കെ.നായർ ഹെലികോപ്റ്ററിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ജയൻ സഹോദരനായി അഭിനയിച്ച സുകുമാരന്റെ ബൈക്കിൽ കയറി നിന്ന് ബാലൻ കെ.നായരെ താഴെ ഇറക്കുന്ന രംഗമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ ഒന്നായിരുന്നു ഇത്”.

”ജയൻ ഹെലികോപ്റ്ററിൽ പിടിച്ചു കയറിയാൽ പെട്ടെന്ന് തന്നെ കൈ വിടണം. ഇതായിരുന്നു ഷോട്ട്. ചെറിയ ഉയരത്തിലാണ് ഇത് ചിത്രീകരിച്ചത്. അതിനാൽ തന്നെ ജയന് കൈ വിട്ടാൽ താഴെ ചാടി നിൽക്കാൻ പറ്റും. ജയൻ കൈ വിട്ടാൽ ബക്കി ഭാഗം ഡ്യൂപ്പിനെ വച്ച് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ജയൻ ഹെലികോപ്റ്ററിൽ കയറി പിടിച്ച ശേഷം ഹെലികോപ്റ്ററിന്റെ റോഡിൽ കാലുപയോഗിച്ച് ലോക്ക് ചെയ്തു. ആ സമയത്ത് ബാലൻ കെ.നായരും ജയനും ഹെലികോപ്റ്ററിന്റെ ഒരേ ഭാഗത്തായി. ജയൻ നല്ല വെയ്റ്റ് ഉളള ആളാണ്. അപ്പോൾ ഹെലികോപ്റ്ററിന്റെ ബാലൻസിന് പ്രശ്നമുണ്ടായി. പൈലറ്റ് ഹെലികോപ്റ്റർ താഴെ ഇറക്കാൻ ശ്രമിച്ചു. ആ സമയത്ത് ഹെലികോപ്റ്ററിന്റെ ഒരു ചിറക് തറയിൽ ആദ്യം തട്ടി. രണ്ടാമതും തട്ടി. അപ്പോഴേക്കും ബാലൻസ് നഷ്ടമായി ഹെലികോപ്റ്റർ താഴെ ഇരുന്നു. ജയന് കാലെടുക്കാൻ പറ്റിയില്ല. ജയന്റെ തലയുടെ പിൻഭാഗം തറയിൽ തട്ടി. പൈലറ്റ് രക്ഷപ്പെട്ടു. ബാലൻ കെ.നായർക്ക് കാലിനു പരുക്കേറ്റു. ഉടനെ രണ്ടുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. എല്ലാവരെയും മാറ്റിയ ഉടൻ ഹെലികോപ്റ്റർ പൂർണമായും കത്തിപ്പോയി”.

”അപകടം ഉണ്ടായ അൽപ സമയത്തിനകം ചെന്നൈയിൽ വെളളപ്പൊക്കം ഉണ്ടായി. കാറുകൾക്കൊന്നും പോകാൻ പറ്റാത്ത അവസ്ഥല. ഇതുമൂലം ജയനെ ആശുപത്രിയിൽ എത്തിക്കാൻ വൈകി. ഇതു അദ്ദേഹത്തിന്റെ ജീവൻ നഷ്ടമാകാൻ കാരണമായി. ആശുപത്രിയിൽ എത്തിക്കുമ്പോൾ ജയന് ചെറിയ അനക്കം ഉണ്ടായിരുന്നു. ഡോക്ടർമാർ ഏറെ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. രക്തം ഒരുപാട് വാർന്നുപോയതാണ് മരണത്തിനിടയാക്കിയതെന്ന്” സോമന്‍ അമ്പാട്ട് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ