Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

ഇതെനിക്ക് കവിതക്കാലം; ലോക്ക്‌ഡൗൺകാല ജീവിതത്തെ കുറിച്ച് ഇർഷാദ്

ലോകത്തിന്റെ അനിശ്ചിതാവസ്ഥയെ കുറിച്ചുള്ള ഭീതിയുണ്ട്, എന്നിരുന്നാലും എല്ലാത്തിനെയും പോസിറ്റീവായി കാണാൻ ശ്രമിക്കുകയാണ്. പുസ്തകങ്ങൾ വായിച്ചും സിനിമകൾ കണ്ടും ഇഷ്ടപ്പെട്ട കവിതകൾ ചൊല്ലിയുമൊക്കെയാണ് വിരസതയകറ്റുന്നത്

irshad

ലോക്ക്‌ഡൗൺ കാലം മലയാളികളുടെ പ്രിയ നടൻ ഇർഷാദിനെ സംബന്ധിച്ച് കവിത പൂക്കുന്ന കാലം കൂടിയാണ്. ഇനിയെന്തെന്ന് അറിയാത്ത അനിശ്ചിതത്വങ്ങൾക്കിടയിലൂടെ ജീവിതം കടന്നുപോവുമ്പോഴും കവിതകൾ വായിച്ചും പ്രിയപ്പെട്ടവർക്കായി കവിതകൾ ചൊല്ലികൊടുത്തും നെഗറ്റീവിറ്റിയെ ആട്ടിയോടിച്ച് ശുഭചിന്തകളുമായി മുന്നോട്ടുപോവാൻ ശ്രമിക്കുകയാണ് ഇർഷാദ്. സിനിമകളുടെ തിരക്കുകളുമായി കൊച്ചിയിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി രാജ്യത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നത്. തൃശൂരിലെ വീട്ടിലേക്ക് തിരിച്ചുപോവാൻ ആവാതെ എറണാകുളത്തെ ഫ്ളാറ്റിൽ ഒറ്റപ്പെട്ടുപോവുകയായിരുന്നു അദ്ദേഹം. ലോക്ക്‌ഡൗൺ അനുഭവങ്ങളെ കുറിച്ച് ഇർഷാദ് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് മനസ് തുറക്കുന്നു.

“ഒരു നാലഞ്ചു കൊല്ലം മുൻപുവരെ എനിക്കിത് പരിചിതമായ അവസ്ഥയായിരുന്നു. ഞാനത്രയ്ക്ക് തിരക്കുള്ള നടനൊന്നുമായിരുന്നില്ല. മൂന്നും നാലും മാസമൊക്കെ സിനിമയൊന്നുമില്ലാതെ വീടിനകത്ത് ലോക്കായും മാനസികമായി ഡൗൺ ആയുമൊക്കെ ഇരിക്കുന്ന സമയം ഉണ്ടായിരുന്നു. അന്നതിനെ മറികടക്കാൻ വായന, യാത്രകൾ ഒക്കെയായിരുന്നു കൂട്ട്. ഇപ്പോൾ, ലോകം മുഴുവൻ ലോക്ക്‌ഡൗണിലായി എന്നുമാത്രം. വീട്ടിലിരുന്ന് ശീലമുള്ളതുകൊണ്ട് വലിയ പ്രശ്നമായി തോന്നുന്നില്ല. മാർച്ച് 15 മുതൽ ഞാൻ ഈ ഫ്ളാറ്റിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല. ഭയം കൊണ്ടല്ല, പുറത്തിറങ്ങേണ്ട ആവശ്യം വന്നിട്ടില്ലെന്നതാണ് സത്യം. പിന്നെ, നമുക്കിപ്പോൾ സമൂഹത്തോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യവും ഈ വീട്ടിലിരിപ്പാണ്.”

“ലോകത്തിന്റെ അനിശ്ചിതാവസ്ഥയെ കുറിച്ചുള്ള ഭീതി ഉള്ളിലുണ്ട്. കെട്ടക്കാലത്തെ കുറിച്ചുള്ള ചിന്തകളും വരുന്ന വാർത്തകളുമൊക്കെ അസ്വസ്ഥനാക്കുന്നുമുണ്ട്. എന്നിരുന്നാലും എല്ലാത്തിനെയും പോസിറ്റീവായി കാണാൻ ശ്രമിക്കുകയാണ്. മാറ്റിവെച്ച ഏറെ പുസ്തകങ്ങൾ ഇതിനകം വായിക്കാൻ പറ്റി, പലപ്പോഴായി മിസ്സായി പോയ സിനിമകളൊക്കെ കണ്ടു തീർക്കുന്നു. ഇഷ്ടപ്പെട്ട കവിതകൾ ചൊല്ലി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നു. കവിതകൾക്കായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി,” ലോക്ക്ഡൗണ്‍ കാലത്ത് സമയം ചെലവഴിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഇർഷാദ് നൽകിയ മറുപടിയിങ്ങനെ. ഒപ്പം ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ, സർക്കാർ എന്നിവർക്കൊപ്പം കൈകോർത്ത് കൊറോണക്കാല പ്രവർത്തനങ്ങളുടെ ഭാഗമായും പ്രവർത്തിക്കുന്നുണ്ട് ഇർഷാദ്.

“വിനോദ് ബോസ് എന്നൊരു ഫ്രണ്ടുണ്ട് എനിക്ക്, യോഗ മാസ്റ്റർ കൂടിയാണ് കക്ഷി. വാട്സ് ആപ്പിലൂടെ ആളുടെ വക യോഗ ക്ലാസ്സ് ഉണ്ട് ദിവസവും. ദിവസവും രാവിലെ ഒരു മണിക്കൂർ യോഗ ചെയ്യുന്നുണ്ട് ഇപ്പോൾ. കൈമോശം പോയൊരു ശീലം തിരിച്ചുപിടിക്കുകയാണ് ഇപ്പോൾ. സിനിമ മൊത്തത്തിൽ അനിശ്ചിതത്വമാണ്, അതിനിടയിൽ ഇത്തരം അവസ്ഥകളും. ടെൻഷനൊക്കെ ഒഴിവാക്കാൻ യോഗ സഹായിക്കുന്നുണ്ട്.”

Read more: ‘തിങ്കളാഴ്ച തിരിച്ചു പോകാമെന്ന് കരുതി വന്നതാ ഞാൻ; ദേ ഇവിടെ കുടുങ്ങി’

കുട്ടിക്കാലത്തെപ്പോഴൊ ഒപ്പം കൂടിയ ഒരു ശീലമാണ് വായനയെന്നും പിന്നീടത് കവിതകളോടുള്ള പ്രണയമായി മാറുകയായിരുന്നെന്നും ഇർഷാദ് പറയുന്നു. “വായന എനിക്കിഷ്ടമാണ്. ചെറുപ്പം മുതലെ വായിക്കുന്ന സ്വഭാവമുണ്ട്. വീട്ടിലൊരു നല്ല ലൈബ്രറിയുണ്ടായിരുന്നു. റമദാൻ മാസത്തിലൊക്കെ ക്ലാസ് കഴിഞ്ഞ് വന്നാൽ പിന്നെ വാങ്ക് വിളിക്കും വരെ വല്ലതും വായിച്ചിരിക്കും, ക്ഷീണം കൊണ്ട് കളിക്കാൻ പോവാനൊന്നും പറ്റില്ല. വായനയോടുള്ള അഭിരുചിയും ഇഷ്ടവും അങ്ങനെയുണ്ടായതാണ്. എനിക്ക് മലയാളം അധികം പഠിക്കാനൊന്നും കഴിഞ്ഞിട്ടില്ല, അഞ്ചാം ക്ലാസ്സ് മുതൽ ഫസ്റ്റ് ലാംഗ്വേജ് അറബിക്കായിരുന്നു. അതുകൊണ്ട് വൃത്തം, ഉൽപ്രേക്ഷ, കാകളി അതിനെ കുറിച്ചൊന്നും അറിയില്ല. വളരെ ലളിതമായ, ഗദ്യകവിതകൾ വായിക്കാനാണ് ഇഷ്ടം. വീരാൻകുട്ടി, പിപി രാമചന്ദ്രൻ എന്നിവരുടെയൊക്കെ ഗദ്യകവിതകൾ വായിച്ചു വായിച്ചാണ് കവിതയോട് ഒരു പ്രണയമുണ്ടായത്. ആ ഇഷ്ടത്തിനു പുറത്ത് കവിതകൾ ചൊല്ലി ഇടുകയായിരുന്നു. ഇടയ്ക്ക് സുഹൃത്തുക്കളൊക്കെ റിക്വസ്റ്റ് ചെയ്യും, ചില കവിതകൾ ചൊല്ലി പോസ്റ്റ് ചെയ്യാൻ. ലോക്ക്ഡൗൺ നീളുന്നു, കയ്യിലുള്ള കവിതകൾ തീരുന്നു,​അതുകൊണ്ട് ഇന്നലെ ഞാൻ പുതിയ കവിതകൾ നിർദ്ദേശിക്കാവോ എന്നു ചോദിച്ചൊരു പോസ്റ്റ് ഇട്ടിരുന്നനു. ഇപ്പോൾ മെസഞ്ചറിൽ കവിതകളുടെ ബഹളമാണ്. (ചിരിക്കുന്നു)”

കൊറോണക്കാലത്തെ പാചക പരീക്ഷണങ്ങൾ

കൊറോണക്കാലത്ത് കൊച്ചിയിൽ പെട്ടുപോയതാണ്, കുടുംബമൊക്കെ തൃശൂരിലാണ്. ഇവിടെ പാചകമൊക്കെ തനിയെയാണ്. ഞാനത്ര ഭക്ഷണപ്രിയനല്ല, എന്തെങ്കിലും കഴിക്കണം എന്നേയുള്ളൂ. ആരെങ്കിലും ഉണ്ടെങ്കിൽ ഭക്ഷണം പാകം ചെയ്തു കൊടുക്കാനൊക്കെ ഇഷ്ടമാണെന്നു മാത്രം. കാരശ്ശേരി മാഷ് പറയും പോലെ, പങ്കുവയ്ക്കുമ്പോഴാണ് കൂടുതൽ ഉണ്ടാക്കാനും നന്നാക്കാനും ഒക്കെ തോന്നുക. ഭക്ഷണത്തിന്റെ കാര്യത്തിൽ എനിക്കും അതാണ് തോന്നിയിട്ടുള്ളത്. എന്റെ ഇഷ്ടഭക്ഷണം പുട്ടാണ്. പുട്ടിലെ പരീക്ഷണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് റാഗി പുട്ടാണെങ്കിൽ നാളെ ഓട്സ് പുട്ട്, മറ്റന്നാൾ ഗോതമ്പ് പുട്ട് അങ്ങനെ പോവും…. തേങ്ങയ്ക്ക് പകരം ക്യാരറ്റ്, വെജിറ്റബിൾ ഐറ്റംസ് ഒക്കെ അരിഞ്ഞിട്ട് പുട്ടിനെയെങ്ങനെ കുറച്ചുകൂടി ഹെൽത്തിയാക്കാം എന്ന പരീക്ഷണങ്ങളും നടക്കുന്നുണ്ട്.

Read more: ആധി ഒഴിയുന്നില്ല മനസ്സിൽ നിന്നും; ലോക്ക്‌ഡൗൺ ജീവിതത്തെ കുറിച്ച് ഇന്ദ്രൻസ്

ഏറ്റവും മിസ് ചെയ്യുന്നത്

യാത്രകളാണ് കൊറോണക്കാലത്ത് ഏറ്റവും മിസ് ചെയ്യുന്നത്. ചങ്ങാതിമാർക്ക് ഒപ്പം ഇടയ്ക്കിടെ യാത്ര പോയികൊണ്ടിരുന്ന ഒരാളാണ് ഞാൻ. എനിക്ക് രണ്ട് യാത്രാ ഗ്യാങ്ങുകളുണ്ട്, ഒന്ന് തൃശൂരും മറ്റൊന്ന് എറണാകുളത്തുമായി. ഇതുപോലെ നീണ്ട അവധിക്കാലം കിട്ടുമ്പോൾ യാത്ര പോവലാണ് പതിവ്, അതു തന്നെയാണ് ഇപ്പോൾ മിസ്സ് ചെയ്യുന്നതും. ബാക്കിയെല്ലാം തിരിച്ചു കിട്ടുന്നതേയുള്ളൂ, ഇപ്പോൾ മകനെ കാണണം എന്നു തോന്നിയാൽ ഒരു വാട്സ് ആപ്പ് കോളിനപ്പുറം അവന്റെ സാന്നിധ്യമുണ്ട്.

ഉള്ളിൽ ഒഴിയാത്ത അനിശ്ചിതത്വമുണ്ട്

കഴിഞ്ഞ ദിവസം റഫീഖ് അഹമ്മദിനോട് സംസാരിച്ചു. വല്ലാത്തൊരു​ അനിശ്ചിതത്വം കാരണം ക്രിയേറ്റീവ് ആയി ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാ മേഖലയിൽ ഉള്ളവർക്കും ഈ പ്രശ്നമുണ്ടെന്ന് തോന്നുന്നു. ഈ വർഷം ഇനി എപ്പോൾ സിനിമയുണ്ടാകും എന്ന കാര്യത്തിൽ എനിക്കും അനിശ്ചിതത്വമുണ്ട്. ഇനി കൊറോണയൊക്കെ കഴിഞ്ഞ് വരാൻ പോവുന്നത് മഴക്കാലമാണ്, കഴിഞ്ഞ വർഷങ്ങളിലെ പോലെ വെള്ളപ്പൊക്കമോ മറ്റോ വന്നാലുള്ള അവസ്ഥ ഓർക്കുമ്പോഴേ ടെൻഷനാണ്.

പൊതുവെ മഴക്കാലം ഷൂട്ടിംഗുകളൊന്നും അധികമില്ലാത്ത കാലമാണ്. എല്ലാംകൂടി വെച്ചുനോക്കുമ്പോൾ, നിലവിൽ സെപ്റ്റംബർ- ഒക്ടോബർ ഒക്കെയാവാതെ സിനിമാലോകത്ത് ഒരു ഉണർവുണ്ടാവുക പ്രയാസമാണ്. ഒരുപാട് സിനിമകൾ റിലീസ് കാത്തുകിടക്കുന്നുണ്ട്. തിയേറ്ററുകളൊക്കെ ഇനിയെപ്പോൾ തുറക്കുമെന്നോ ആൾക്കൂട്ടങ്ങളിലേക്ക് നമ്മുടെ ലോകം എപ്പോൾ തിരിച്ചുവരുമെന്നോ അറിയില്ല. ഒരു 70 പേരെങ്കിലും ഇല്ലാതെ ഷൂടട്ടിംഗുകൾ ഒന്നും നടക്കില്ലല്ലോ. ഇനിയെന്ത് എന്ന അനിശ്ചിതത്വമാണ് മുന്നിൽ. എല്ലാറ്റിനെയും അതിജീവിക്കാനുള്ള മനക്കരുത്ത് എല്ലാവർക്കും ഉണ്ടാവട്ടെ എന്നാണ് പ്രാർത്ഥന.

കൊറോണക്കാലം പഠിപ്പിച്ച ജീവിതപാഠം

ഒരുപാട് ധൂർത്തുകളുണ്ടായിരുന്നു നമുക്കെന്ന് തിരിച്ചറിയുകയാണ്. പണ്ട് കേരളത്തിലേക്ക് എത്ര പച്ചക്കറി ലോറികൾ വന്നിരുന്നു, ഇപ്പോൾ അത് നല്ലരീതിയിൽ കുറഞ്ഞിട്ടുണ്ട്. എന്നിട്ടും നമുക്ക് വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോവാൻ പറ്റുന്നുണ്ട്. വീട്ടിൽ ഇരിപ്പു തുടങ്ങിയതോടെ പലരും കുക്കിംഗ് പരീക്ഷണങ്ങളിലാണ്. അത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടു കൂടി ഇത്രയും സാധനങ്ങൾ മതി നമുക്ക് ജീവിക്കാൻ. അപ്പോൾ നമ്മൾ എത്രത്തോളം ധൂർത്തടിച്ചിട്ടുണ്ട് എന്നാലോചിച്ചു നോക്കൂ.

ലോക്ക്‌ഡൗണിനു ശേഷം ആദ്യം ചെയ്യാനാഗ്രഹിക്കുന്നത്

ഞാൻ പലതവണ നേരിട്ട് കണ്ടിട്ടുള്ള വ്യക്തിയാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ സാർ. ലോക്ക്‍ഡൗൺ കഴിയുമ്പോൾ അദ്ദേഹത്തെ നേരിട്ട് കണ്ട് ഹഗ്ഗ് ചെയ്യാൻ പറ്റിയില്ലെങ്കിലും ലാൽസലാം പറഞ്ഞ് ഒരു സല്യൂട്ട് കൊടുക്കണം, ഒരു ഷേക്ക് ഹാൻഡ് കൊടുക്കണമെന്നുണ്ട്. എത്ര കൃത്യതയോടെയും വ്യക്തതയോടെയുമാണ് അദ്ദേഹം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. വൈകിട്ട് ആറുമണിയ്ക്ക് അദ്ദേഹത്തിന്റെ പത്രസമ്മേളനത്തിനായി സമയം മാറ്റിവയ്ക്കുന്നത് ശീലമായിരിക്കുന്നു.

ലോക്ക്‌ഡൗൺ കാലം സമ്മാനിച്ച മറക്കാനാവാത്ത കാഴ്ചകൾ

ഹിന്ദു പത്രത്തിലാണെന്നു തോന്നുന്നു, ബീഹാറിൽ ഭക്ഷണത്തിനു വേണ്ടി ക്യൂ നിൽക്കുന്ന ആളുകളുടെ ഒരു ഫോട്ടോ കണ്ടിരുന്നു. അതു കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. സാമൂഹിക അകലം പാലിക്കണം എന്ന് സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്തും ഭക്ഷണത്തിനു വേണ്ടിയുള്ള അവരുടെ കാത്തിരിപ്പ് കണ്ടപ്പോൾ വേദന തോന്നി. അതുപോലെ സങ്കടപ്പെടുത്തിയ ഒരു സംഭവമാണ്, പായിപ്പാട്ടിൽ അതിഥി തൊഴിലാളികൾ പാനിക് ആയി റോഡിലിറങ്ങിയ കാഴ്ച.​ അനിശ്ചിതാവസ്ഥയിലൂടെ കടന്നുപോവുമ്പോഴും അവരെ കൂടുതൽ പാനിക് ആക്കാൻ വേണ്ടി ആരൊക്കെയോ നിങ്ങൾക്ക് തിരിച്ചു പോവാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് അവരെ ഇളക്കിവിട്ട ആ കാഴ്ചയും വിഷമകരം തന്നെയായിരുന്നു.

Read more: ലോക്ക്ഡൗണ്‍ കാലം, തഗ് ലൈഫ് ജീവിതം; മാമുക്കോയ പറയുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor irshad ali shares his lockdown life experience

Next Story
തമസോമ ജ്യോതിർഗമയ; ജ്യോതിർമയിയുടെ പുതിയ ചിത്രം പങ്കുവച്ച് അമൽ നീരദ്Jyothirmayi, Amal Neerad, Jyothirmayi Amal Neerad photo, ജ്യോതിർമയി, അമൽനീരദ്, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express