ഡബ്ല്യുസിസി (വിമണ്‍ ഇന്‍ സിനിമ കളക്ടീവ്) ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ആളുകൾ നടിയ്ക്ക് പിന്തുണ നൽകുമായിരുന്നുവെന്ന് ഇന്ദ്രൻസ്. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇന്ദ്രന്‍സ് ഡബ്ല്യുസിസിയെ കുറിച്ച് പരാമർശം നടത്തിയത്.
“സ്ത്രീകൾക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം, സ്ത്രീകൾ പുരുഷന്മാരേക്കാൾ എത്രയോ മുകളിലാണ്. അത് മനസ്സിലാക്കാത്തവർ മാത്രമേ തുല്യതയ്ക്ക് വേണ്ടി സംസാരിക്കൂ. ഡബ്ല്യുസിസി ഇല്ലെങ്കിൽ പോലും നടി അക്രമിക്കപ്പെട്ട കേസിൽ നിയമനടപടികൾ അതിന്റെ വഴിയെ നടന്നേനെ. ഈ സംഘടന ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ആൾക്കാർ പിന്തുണയുമായി രംഗത്തെത്തുമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്,” ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിനിടെ ഇന്ദ്രൻസ് പറഞ്ഞു.
നടിയെ ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാള സിനിമാ മേഖലയില്‍ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ടെന്നും പരസ്പരം വിശ്വാസമില്ലാത്ത അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.
ആക്രമിക്കപ്പെട്ട നടിയെ ചെറുപ്പം തൊട്ടേ അറിയാമെന്നും മകളെ പോലെയാണെന്നും ഇന്ദ്രൻസ് പറഞ്ഞു. അതേസമയം, സത്യം തിരിച്ചറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരനാക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു. ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ഞെട്ടലുണ്ടാക്കുമെന്നും ഇന്ദ്രൻസ് പറയുന്നു.