‘ക്രോണിക് ബാച്ച്ലറി’ലെ പിടിവാശിക്കാരിയും ഗൗരവക്കാരിയുമായ ഭവാനിയെന്ന കഥാപാത്രത്തെ മലയാളികൾക്ക് അത്ര വേഗം മറക്കാൻ കഴിയില്ല. മമ്മൂട്ടിയ്ക്ക് ഒപ്പം കരുത്തയായ പ്രതിനായികയായി നിന്ന് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് തെന്നിന്ത്യൻ താരം ഇന്ദ്രജയായിരുന്നു. ‘ഇൻഡിപെൻഡൻസ്’, ‘ഉസ്താദ്’, ‘എഫ് ഐ ആർ’, ‘ശ്രദ്ധ’, ‘ബെൻ ജോൺസൺ’, ‘വാർ ആൻഡ് ലവ്’ തുടങ്ങി നിരവധി മലയാളസിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് ഇന്ദ്രജ.
ഇന്ദ്രജയുടെ ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
‘ട്വല്ത്ത് സി’ എന്ന ഒരു ചിത്രത്തിലൂടെ ഇന്ദ്രജ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന് വാർത്തകളുണ്ടായിരുന്നു. “കരിയറിൽ നീണ്ട ഇടവേളയൊന്നും ഞാനെടുത്തിരുന്നില്ല. തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തിൽ സിനിമകൾ ചെയ്യാൻ സാധിച്ചിരുന്നില്ല. സാമൂഹിക പ്രസക്തിയുള്ള ഒരു കഥാപാത്രമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു തോന്നി,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇന്ദ്രജ പറഞ്ഞതിങ്ങനെ.

തമിഴ്, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായി എഴുപത്തിയഞ്ചോളം ചിത്രങ്ങളിലും നിരവധിയേറെ ടെലിവിഷൻ സീരിയലുകളിലും വേഷമിട്ട ഇന്ദ്രജയുടെ ആദ്യചിത്രം തമിഴിൽ റിലീസ് ചെയ്ത ‘ഉഴൈപ്പാലി’ ആയിരുന്നു. പിന്നീട് തെലുങ്ക്, കന്നട ചിത്രങ്ങളുടെ ഭാഗമായ ഇന്ദ്രജ അതിനു ശേഷമാണ് മലയാളത്തിലേക്ക് എത്തിയത്. കെ മധു സംവിധാനം ചെയ് ‘ദ ഗോഡ് മാൻ’ ആയിരുന്നു ഇന്ദ്രജയുടെ ആദ്യ മലയാള ചിത്രം.
വിനയൻ സംവിധാനം ചെയ്ത ‘ഇൻഡിപെൻഡൻസ്’ (1999) എന്ന ചിത്രത്തിൽ വാണി വിശ്വനാഥിനൊപ്പം ഇന്ദ്രജ അഭിനയിച്ച നന്ദലാല എന്ന ഗാനം അക്കാലത്ത് ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ടെലിവിഷൻ താരമായ മുഹമ്മദ് അബ്സറാണ് ഇന്ദ്രജയുടെ പങ്കാളി. 2005ൽ വിവാഹിതരായ ഇവർക്ക് പതിനൊന്നു വയസ്സുകാരിയായ ഒരു മകളുമുണ്ട്.