‘ക്രോണിക് ബാച്ച്ലറി’ലെ പിടിവാശിക്കാരിയും ഗൗരവക്കാരിയുമായ ഭവാനിയെന്ന കഥാപാത്രത്തെ മലയാളികൾക്ക് അത്ര വേഗം മറക്കാൻ കഴിയില്ല. മമ്മൂട്ടിയ്ക്ക് ഒപ്പം കരുത്തയായ പ്രതിനായികയായി നിന്ന് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് തെന്നിന്ത്യൻ താരം ഇന്ദ്രജയായിരുന്നു. ‘ഇൻഡിപെൻഡൻസ്’, ‘ഉസ്താദ്’, ‘എഫ് ഐ ആർ’, ‘ശ്രദ്ധ’, ‘ബെൻ ജോൺസൺ’, ‘വാർ ആൻഡ് ലവ്’ തുടങ്ങി നിരവധി മലയാളസിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഇന്ദ്രജ 12 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.
നവാഗത സംവിധായകൻ ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ദ്രജയുടെ തിരിച്ചുവരവ്. ‘ട്വല്‍ത്ത് സി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ആശ പൈ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജ അവതരിപ്പിക്കുന്നത്.
“കരിയറിൽ നീണ്ട ഇടവേളയൊന്നും ഞാനെടുത്തിരുന്നില്ല. തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തിൽ സിനിമകൾ ചെയ്യാൻ സാധിച്ചിരുന്നില്ല. സാമൂഹിക പ്രസക്തിയുള്ള ഒരു കഥാപാത്രമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു തോന്നി,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇന്ദ്രജ പറഞ്ഞു.
ജീവിതവും ബിസിനസ്സും ഒന്നിച്ചുകൊണ്ടുപോകുന്ന ഒരു അമ്മയായാണ് ഇന്ദ്രജ ചിത്രത്തിൽ വേഷമിടുന്നത്. പതിവു മകൾ- അമ്മ റിലേഷൻഷിപ്പിൽ നിന്നും വ്യത്യസ്തമായൊരു കഥയാണ് ചിത്രം പറയുന്നതെന്ന് ഇന്ദ്രജ പറയുന്നു.
രാജേഷ് തില്ലങ്കേരി തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ദിലീഷ് പോത്തന്‍, മധുപാല്‍, അഭിജിത്ത്, ബാലാജി, യുവശ്രീ, ഗ്രിഗറി, അനില്‍ നെടുമങ്ങാട്, പ്രകാശ് മേനോന്‍, അക്ഷത്ത് സിംഗ്, അശ്വിന്‍, സിബി തോമസ് എന്നിവരാണ് മറ്റു താരങ്ങൾ. ഫിലിം മേക്കേഴ്‌സ് ക്ലബ്ബിന്റെ ബാനറില്‍ മഹേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലോകനാഥന്‍ എസ് ഛായഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം മേയ് പത്തിന് ഷൂട്ടിംഗ് ആരംഭിക്കും.
തമിഴ്, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായി എഴുപത്തിയഞ്ചോളം ചിത്രങ്ങളിലും നിരവധിയേറെ ടെലിവിഷൻ സീരിയലുകളിലും വേഷമിട്ട ഇന്ദ്രജയുടെ ആദ്യചിത്രം തമിഴിൽ റിലീസ് ചെയ്ത ‘ഉഴൈപ്പാലി’ ആയിരുന്നു. പിന്നീട് തെലുങ്ക്, കന്നട ചിത്രങ്ങളുടെ ഭാഗമായ ഇന്ദ്രജ അതിനു ശേഷമാണ് മലയാളത്തിലേക്ക് എത്തിയത്. കെ മധു സംവിധാനം ചെയ് ‘ദ ഗോഡ് മാൻ’ ആയിരുന്നു ഇന്ദ്രജയുടെ ആദ്യ മലയാള ചിത്രം.
വിനയൻ സംവിധാനം ചെയ്ത ‘ഇൻഡിപെൻഡൻസ്’ (1999) എന്ന ചിത്രത്തിൽ വാണി വിശ്വനാഥിനൊപ്പം ഇന്ദ്രജ അഭിനയിച്ച നന്ദലാല എന്ന ഗാനം അക്കാലത്ത് ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ടെലിവിഷൻ താരമായ മുഹമ്മദ് അബ്സറാണ് ഇന്ദ്രജയുടെ പങ്കാളി. 2005ൽ വിവാഹിതരായ ഇവർക്ക് പതിനൊന്നു വയസ്സുകാരിയായ ഒരു മകളുമുണ്ട്.