തെന്നിന്ത്യൻ സിനിമാലോകത്തിന് പരിചിതമായ മുഖമാണ് ഹരീഷ് ഉത്തമന്. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഹരീഷ് മലയാളത്തിലും സജീവമാണ്. തന്റെ ട്രാൻസ്ഫോർമേഷൻ വ്യക്തമാക്കുന്ന ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഹരീഷ് ഇപ്പോൾ.
പാരമൗണ്ട് എയർവേഴ്സിലും ബ്രിട്ടീഷ് എയർവേഴ്സിലും കാബിൻ ക്രൂവായി പ്രവർത്തിച്ചതിനു ശേഷമാണ് ഹരീഷ് അഭിനയത്തിലേക്ക് വരുന്നത്. ബ്രിട്ടീഷ് എയർവേഴ്സിൽ ജോലി ചെയ്യുന്ന സമയത്തുള്ള ചിത്രമാണ് ഹരീഷ് പങ്കുവച്ചിരിക്കുന്നത്.
“നിങ്ങള്‍ ജീവിതത്തില്‍ എന്തെങ്കിലും നേടണം എന്ന് ആഗ്രഹിച്ചാല്‍, അത് നേടാനായി ലോകം മുഴുവന്‍ ഗൂഢാലോചന നടത്തും,” എന്നാണ് ഹരീഷ് ചിത്രത്തിനൊപ്പം കുറിച്ച വാക്കുകൾ.
താ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ഹരീഷിന്റെ സിനിമാ അരങ്ങേറ്റം. ഗൗരവം, പാണ്ഡിയ നാട്, പിസാസ്, തനി ഒരുവന്, പായുംപുലി, തൊടാരി, ഡോറ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധ നേടിയവയാണ്. മുംബൈ പൊലീസ്, മായാനദി, കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായെത്തുന്ന ‘ഭീഷ്മ പർവം’ ആണ് ഹരീഷ് ഉത്തമന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാളചിത്രം.

അടുത്തിടെയായിരുന്നു നടി ചിന്നു കുരുവിളയുമായുള്ള ഹരീഷിന്റെ വിവാഹം. നോര്‍ത്ത് 24 കാതം, ലുക്ക ചുപ്പി, കസബ തുടങ്ങിയ ചിത്രങ്ങളിൽ തിളങ്ങിയ നടിയാണ് ചിന്നു. അഭിനേത്രിയായും അസിസ്റ്റന്റ് ക്യാമറവുമണായും ചലച്ചിത്ര രംഗത്ത് ചിന്നു സജീവമാണ്. പ്രശസ്ത ഛായാഗ്രാഹകൻ മനോജ് പിള്ളയുടെ സഹായി കൂടിയാണ്. മാമാങ്കം ഉൾപ്പെടെയുള്ള സിനിമകളിൽ ചിന്നു ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്.