ലോക്ക്ഡൗൺ കാലത്തും മലയാളികളുടെ പ്രിയ താരം ഗിന്നസ് പക്രു എന്ന അജയ് കുമാർ തിരക്കിലാണ്. സ്വന്തം യൂട്യൂബ് ചാനൽ തുടങ്ങിയും ലോക്ക്ഡൗൺ ബോധവൽക്കരണ പരിപാടികളിൽ പങ്കെടുത്തും ഗിന്നസ് പക്രു മുഴുവൻ സമയവും കർമ്മ നിരതനാണ്. ചുരുക്കിപ്പറഞ്ഞാൽ വീട്ടിലും ഷൂട്ടിങ്ങിന്റെ തിരക്കാണെന്ന് പറയാം. ലോക്ക്ഡൗൺ ജീവിതത്തെക്കുറിച്ച് ഗിന്നസ് പക്രു ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളവുമായി പങ്കുവയ്ക്കുന്നു.
ലോക്ക്ഡൗണിൽ സമയം ചെലവിടുന്നതെങ്ങനെ?
സിനിമകൾ കാണും, മകൾക്കൊപ്പം കളിക്കും, ചെറിയ രീതിയിൽ കൃഷിയും ചെടി വളർത്തലും, ചെറിയ ചെറിയ എഴുത്തുകൾ ഇവയൊക്കെയുണ്ട്. ഈ സമയത്ത് ‘പക്രൂസ് മീഡിയ ഹബ്’ എന്ന സ്വന്തം യൂട്യൂബ് ചാനൽ തുടങ്ങി. ഞാനും ഭാര്യയും മോളും ചോറ്റാനിക്കരയിലാണ് താമസം. ഇവിടെ ചെറിയ രീതിയിൽ വീട്ടിലേക്കാവശ്യമായ പച്ചക്കറികളൊക്കെ നേരത്തെ തന്നെ കൃഷി ചെയ്യുന്നുണ്ട്. ഭാര്യയാണ് അതിന്റെ പ്രധാന ആൾ. ലോക്ക്ഡൗൺ ആയതിനാൽ സമയം കിട്ടിയതുകൊണ്ട് ഞാനും കൂടെ കൂടി. ഈ സ്ഥലം വാങ്ങിയപ്പോൾ ഞാനൊരു പ്ലാവ് നട്ടു. അതിൽ ആദ്യത്തെ ചക്കയുണ്ടായി. എനിക്ക് പറിക്കാവുന്ന രീതിയിൽ വളരെ താഴെയായാണ് ചക്കയുണ്ടായത്. അത് ഞാൻ തന്നെ പറിച്ചു.
സോഷ്യൽ മീഡിയ വഴിയും ജില്ലാ ഭരണകൂടവുമായി ചേർന്നും ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പരിപാടികളും ചില മോട്ടിവേഷൻ പരിപാടികളും ചെയ്യുന്നുണ്ട്. ഇടയ്ക്കൊക്കെ ലൈവ് ചെയ്യും. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത, ലോക്ക്ഡൗണിൽ പിന്തുടരേണ്ട നിർദേശങ്ങൾ തുടങ്ങി ചെറിയ വീഡിയോകൾ ഷൂട്ട് ചെയ്ത് കൊടുക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ടുളള ഫോൺ സംഭാഷണങ്ങളും നടക്കുന്നുണ്ട്. പലരും വിളിച്ചു കഥകൾ പറയുന്നുണ്ട്.
വീട്ടിലിരിക്കുന്നത് മടുപ്പിക്കുന്നുണ്ടോ?
ഷൂട്ടിങ്ങില്ലാത്ത സമയത്ത് ഞാൻ കൂടുതൽ സമയവും കുടുംബത്തിനൊപ്പമാണ്. ചെറിയ ഇടവേള കിട്ടിയാൽ പോലും വീട്ടിലേക്ക് ഓടിയെത്തുന്ന ആളാണ് ഞാൻ. വീട്ടിലിരിക്കാനും കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കാനും ഇഷ്ടപ്പെടുന്ന ആളാണ്. കൂടുതൽ പുറത്തു പോകുന്നതും അവരുമായിട്ടാണ്. വീട്ടിൽ വന്നാലും ഒറ്റയ്ക്ക് ഇരിക്കലൊക്കെ കുറവാണ്. കൂടുതൽ സമയവും അവർക്കൊപ്പമാണ്. അവരുടെ ലോകത്തായതിനാൽ ബോറടിയൊന്നുമില്ല. പിന്നെ, ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. ഇത് നമുക്കു വേണ്ടിയുളളതാണ്, നമ്മൾ വീട്ടിലിരുന്നേ പറ്റൂ. ഇടയ്ക്ക് സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയാലോ എന്നു വിചാരിച്ച് ഞാൻ പരിചയമുളള ഡോക്ടറോട് ചോദിച്ചു,. ഒരു കാരണവശാലും ഞാൻ ഇറങ്ങരുതെന്ന് പറഞ്ഞു. ഞാനും ചെറുതാണ്, വൈറസും ചെറുതാണ്. പെട്ടെന്നു തന്നെ എന്നിലേക്ക് വരാനുളള സാധ്യതയുളളതുകൊണ്ടാവും ഡോക്ടർ അങ്ങനെ പറഞ്ഞതെന്ന് തമാശരൂപേണ പിന്നീട് ചിന്തിച്ചു. അങ്ങനെ ആ ശ്രമം ഉപേക്ഷിച്ചു.
Read Also: ലോക്ക്ഡൗൺ നല്ലതാണ്, വല്ലപ്പോഴും വേണം: അപർണ ബാലമുരളി
ലോക്ക്ഡൗൺ ഗിന്നസ് പക്രുവിന്റെ ജീവിത്തിൽ വരുത്തിയ മാറ്റം?
ലോക്ക്ഡൗണിനു മുൻപ് വരെ ജനങ്ങളിലേക്ക് ഞാനത്രയും ഇറങ്ങിപ്പോയിട്ടില്ല. സ്റ്റേജ് പരിപാടികൾക്ക് പോകുമ്പോൾ അവരുമായി ഇടപഴകുന്നു എന്നല്ലാതെ ജനങ്ങളുമായിട്ട് ബന്ധം കുറവായിരുന്നു. പക്ഷേ ലോക്ക്ഡൗൺ സമയത്ത് അത് കൂടിയിട്ടുണ്ട്. ലൈവിലൂടെയൊക്കെ അവരുമായി കൂടുതൽ സംസാരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ കൂടുതലായിട്ടുണ്ട്. വാർത്തകൾ കൂടുതൽ കാണാൻ തുടങ്ങി. കണ്ണിലുറക്കം വരുന്നതുവരെ ന്യൂസ് ചാനലുകൾ മാറി മാറി കാണുന്ന ശീലം ഇപ്പോൾ കൂടിയിട്ടുണ്ട്.
ഗൾഫിലടക്കം പ്രവാസികളായ സുഹൃത്തുക്കൾ എനിക്ക് ഒരുപാടുണ്ട്. ഒറ്റയ്ക്കാണ്, പുറത്തിറങ്ങാൻ പറ്റുന്നില്ല, കയ്യിൽ പണമില്ല, തിരിച്ചു വരാൻ മാർഗ്ഗമില്ല, ചികിത്സ കിട്ടുന്നില്ല തുടങ്ങിയ മെസേജുകൾ അയയ്ക്കുന്നുണ്ട്. നേരത്തെ മെസേജുകൾക്ക് മറുപടി കൊടുക്കാറില്ലായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയുളള മെസേജുകൾ കാണുമ്പോൾ ഒരു രണ്ടു വരിയെങ്കിലും കുറിക്കാറുണ്ട്. അവർക്ക് വലിയൊരു സന്തോഷമാണെന്ന് മനസ്സിലാക്കിയിട്ടാണ് അത് ചെയ്യുന്നത്. അതൊരു പുതിയ മാറ്റമാണ്.
ലോക്ക്ഡൗണിൽ മിസ് ചെയ്യുന്നത് എന്താണ്?
ലൊക്കേഷൻ, സിനിമാ തിയേറ്ററുകൾ, സ്റ്റേജ് പരിപാടികൾ. ഉപജീവനവുമായി ബന്ധപ്പെട്ട മേഖലകളെല്ലാം അടഞ്ഞിരിക്കുകയാണ്. ആഘോഷങ്ങൾ ഒന്നും ഇല്ലാതായി. കലാകാരന്റെ സ്ഥാനം എന്നു പറയുന്നത് ആഘോഷങ്ങളിലാണ്. ആഘോഷങ്ങൾ ആയിരിക്കും ഇനി അങ്ങോട്ടും ഏറ്റവും കൂടുതൽ മാറ്റി വയ്ക്കപ്പെടാൻ പോകുന്നത്. അത് വല്ലാതെ മിസ് ചെയ്യുന്നുണ്ട്. വിനോദോപാധികളായ എല്ലാം നമ്മളിൽനിന്നും മാറി നിൽക്കുകയാണ്. ഞാനുൾപ്പെടുന്ന കലാകാരന്മാർക്ക് വല്ലാതെ മിസ് ചെയ്യുന്ന ഒന്നാണത്.
ലോക്ക്ഡൗൺ സമയത്ത് ഏറെ വിഷമം തോന്നിയത്?
കലാകാരന്മാരുടെ ജീവിതം വല്ലാത്ത ദുരിതത്തിലാണ്. ചെറിയൊരു സ്റ്റേജ് പ്രോഗ്രാം കോണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഒരുപാട് കലാകാരന്മാരുണ്ട്. അവരുടെ അവസ്ഥ വളരെ ഭീകരമാണ്. അവരിൽ അസുഖം ഉളളവരുണ്ട്. അവർക്ക് എത്ര നാൾ മുന്നോട്ടു പിടിച്ചു നിൽക്കാൻ പറ്റുമെന്ന് അറിയില്ല. നമുക്ക് ചെയ്യാവുന്ന സഹായങ്ങൾക്ക് പരിമിതിയുണ്ട്. സർക്കാരിനും പരിമിതിയുണ്ട്. അവരുടെ ജീവിതത്തെ കുറിച്ചോർക്കുമ്പോൾ വിഷമം തോന്നാറുണ്ട്. സിനിമ പോലും ഈ സമയത്ത് ആസ്വദിച്ച് കാണാൻ കഴിയുന്നില്ല. ഇനി എന്താണ് സംഭവിക്കുക എന്നൊരു ചിന്ത മനസ്സിൽ കിടപ്പുണ്ട്. ഇതിനൊരു പരിഹാരം എന്താണ്, എത്രനാൾ ഇങ്ങനെ മുന്നോട്ടുപോകും എന്ന ചിന്തകളൊക്കെ ഉത്കണ്ഠപ്പെടുത്തുന്നുണ്ട്.
Read Also: ആധി ഒഴിയുന്നില്ല മനസ്സിൽ നിന്നും; ലോക്ക്‌ഡൗൺ ജീവിതത്തെ കുറിച്ച് ഇന്ദ്രൻസ്
ലോക്ക്ഡൗൺ കഴിയുമ്പോൾ ആദ്യം ചെയ്യുക എന്താണ്?
അച്ഛനും അമ്മയും കോട്ടയത്താണ്. ആദ്യം അവരെ കാണാൻ പോകണം. എന്റെ യാത്രകൾ കൂടുതലും കോട്ടയത്തേക്കാണ്. ലോക്ക്ഡൗൺ കഴിഞ്ഞാലും ആദ്യ യാത്ര കോട്ടയത്തേക്കാണ്. വെക്കേഷൻ സമയത്ത് മോൾക്ക് ഒരുപാട് ഓഫർ കൊടുത്തിരുന്നു. അതൊന്നും സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. മോളുമായിട്ടൊരു യാത്ര പോകണം. എങ്ങോട്ടാണെന്ന് തീരുമാനിച്ചിട്ടില്ല.
പിന്നെ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കണം. ചെന്നൈയിൽ പ്രഭുദേവയുടെ ‘ബഗീര’ എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിന്റെ ക്യാരക്ടറാണ് എനിക്ക്. ഒരു മുഴുനീള കഥാപാത്രമാണ്. 15 ദിവസത്തെ ഷൂട്ട് കഴിഞ്ഞു. ഇനി 10 ദിവസത്തെ ഷൂട്ട് കൂടിയുണ്ട്. അതിനിടയിലാണ് ലോക്ക്ഡൗൺ വന്നത്. ഒരു തവണ ഷൂട്ടിനുവേണ്ടി ഞാൻ കാറിൽ ചെന്നൈയ്ക്ക് പോയി. എന്റെ സഹപ്രവർത്തകരായ രണ്ടുപേരും ഒപ്പമുണ്ടായിരുന്നു. വിമാനത്താവളങ്ങൾ ചിലപ്പോൾ അടച്ചിട്ടേക്കുമെന്ന് മുൻകൂട്ടി ചിന്തിച്ചിട്ടാണ് ഞാൻ കാറിൽ പോയത്. അതുകൊണ്ടാണ് വീട്ടിലെത്താൻ പറ്റിയത്. ഇല്ലെങ്കിൽ ചെന്നൈയിൽ കുടുങ്ങിയേനെ.
ലോക്ക്ഡൗൺ പഠിപ്പിച്ച ജീവിത പാഠം?
പ്രതിസന്ധികളെ അതിജീവിക്കാനുളള കരുത്ത് ഉണ്ടാകുകയും അതിജീവനത്തെ പറ്റി ചിന്തിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇതൊന്നുമില്ലെങ്കിൽ എങ്ങനെ എന്നു ഇപ്പോൾ ചിന്തിക്കുന്നുണ്ട്. നമ്മൾ ചിന്തിക്കുന്നതിനെക്കാൾ അപ്പുറത്ത് പല കാര്യങ്ങളും ലോകത്ത് നടക്കും. ഇത്രനാളും നമ്മളെ നമ്മളാണ് നിയന്ത്രിച്ചു കൊണ്ടിരുന്നതെന്ന തോന്നൽ ഉണ്ടായിരുന്നു. അത് മാറിക്കിട്ടി.
ചൈനയിൽ വളരെ മനോഹരമായതും വൃത്തിയുളള സ്ഥലത്തുനിന്നുമാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത്. അപ്പോൾ വൃത്തിഹീനമായ നമ്മുടെ നാട്ടിൽനിന്നും ഇതുപോലൊരു വൈറസ് പൊട്ടിപ്പുറപ്പെട്ടാൽ ലോകത്തോട് നമ്മൾ ഉത്തരം പറയേണ്ടി വരും. നമുക്ക് കിട്ടിയ ഒരു താക്കീതാണിത്. എവിടെ വേണമെങ്കിലും ഇത്തരം വൈറസുകൾ ഉണ്ടാകാമെന്ന് ലോക്ക്ഡൗൺ ചിന്തിപ്പിക്കുന്നുണ്ട്.