നടനും സംവിധായകനുമായ ഗിന്നസ് പക്രു നിർമ്മാതാവുന്ന ‘ഫാൻസി ഡ്രസ്സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ഗോവയിൽ ആരംഭിച്ചു. നവാഗതനായ രഞ്ജിത്ത് സ്കറിയയാണ് ചിത്രത്തിന്റെ സംവിധായകന്. കോമഡി ചിത്രമായ ‘ഫാന്‍സി ഡ്രസ്സി’ൽ ഒരു നായകനായി പക്രു അഭിനയിക്കുന്നുമുണ്ട്. നാലു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് മുന്നോട്ട് പോവുന്ന ചിത്രമാണ് ‘ഫാൻസി ഡ്രസ്സ്’ എന്നാണ് അണിയറയിൽ നിന്നു വരുന്ന റിപ്പോർട്ടുകൾ.
അജയ് കുമാറും രഞ്ജിത്ത് സ്കറിയയും ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രദീപ് നായർ ഛായാഗ്രഹണവും എഡിറ്റിംഗ് വി സാജനും നിർവ്വഹിക്കും. രതീഷ് വേഗയാണ് സംഗീതസംവിധായകൻ. സര്‍വ്വദീപ്ത പ്രൊഡക്ഷന്‍സ്’ എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിലാണ് പക്രു ഈ ചിത്രം നിർമ്മിക്കുന്നത്. മുൻപ് കുട്ടീം കോലും’ എന്ന ചിത്രത്തിലൂടെ സംവിധായകന്റെ വേഷവും പക്രു അണിഞ്ഞിരുന്നു.
‘മേൽവിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ് രാമദാസൻ ഒരുക്കുന്ന ‘ഇളയരാജ’ എന്ന ചിത്രത്തിലും പക്രു തന്നെയാണ് നായകൻ. ചിത്രം ഉടനെ തിയേറ്ററുകളിലെത്തും. ഏറെ വെല്ലുവിളികൾ നിറഞ്ഞൊരു കഥാപാത്രത്തെയാണ് ‘ഇളയരാജ’യിൽ പക്രു അവതരിപ്പിക്കുന്നത്.