പ്രതിഭയും ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ഗിന്നസ് ബുക്കിലും ലിംക ബുക്ക് ഓഫ് റെക്കോഡ്സിലുമെല്ലാം തന്റെ പേര് പതിപ്പിച്ച ഗിന്നസ് പക്രു എന്ന അജയ് കുമാർ, ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും നായകനായി വെള്ളിത്തിരയിലെത്തുകയാണ്. മാധവ് രാമദാസൻ സംവിധാനം ചെയ്ത ‘ഇളയരാജ’ ഇന്ന് തിയേറ്ററുകളിലെത്തുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ചും പുതിയ സിനിമയുടെ വിശേഷങ്ങളെ കുറിച്ചുമെല്ലാം ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് ഗിന്നസ് പക്രു.
“ആരാണ് ഇളയരാജ? സംഗീതവുമായി ബന്ധപ്പെട്ട കഥയാണോ? രാജാവിന്റെ കഥയാണോ? ചിത്രത്തിന്റെ ടൈറ്റിൽ കേട്ടപ്പോൾ മുതൽ പലരും എന്നോട് ചോദിച്ചിട്ടുള്ള ചോദ്യമാണിത്. എന്തായാലും ടൈറ്റിൽ ആദ്യം തന്നെ ക്യാച്ചി ആയി. ചെറിയ രാജാവ് എന്നർത്ഥം വരുന്ന പേരാണ് ‘ഇളയരാജ’. അത്ഭുതദ്വീപിലും ഞാനൊരു ചെറിയ രാജാവായിരുന്നു. അതിലെ രാജാവ് പക്ഷേ പണക്കാരനായിരുന്നു. ഒരു സാമ്രാജ്യം മൊത്തം ഭരിക്കുന്ന ആളായിരുന്നു. ഇവിടെ പക്ഷേ, എന്റെ കഥാപാത്രം വളരെ ദരിദ്രനാണ്. ഒരു കുടുംബം നടത്തികൊണ്ടുപോകാൻ പെടാപാടു പെടുന്ന, ഏറെ ഉത്തരവാദിത്വമുള്ള ഒരു സാധാരണക്കാരൻ. വനജൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. തൃശൂർ റൗണ്ടിൽ കപ്പലണ്ടി കച്ചവടം ആണ് ജോലി. രണ്ട് മക്കളാണ്. ഭാര്യയും ഭാര്യയുടെ അച്ഛനുമുണ്ട് കൂടെ. റെയിൽവേയുടെ പുറമ്പോക്ക് ഭൂമിയിലാണ് താമസം. ഏതുനിമിഷവും സ്ഥലമെടുത്തുപോവുമെന്ന് ഭീഷണിയുള്ള ചുറ്റുപാടിൽ. ആ ‘ഇളയരാജ’യുടെ കഥയാണ് സിനിമ,” ഗിന്നസ് പക്രു സംസാരിച്ചു തുടങ്ങി.
നായകനായി അഭിനയിക്കുമ്പോൾ ഉത്തരവാദിത്വം കൂടുതൽ അല്ലേ?
അതൊരു വലിയ ഭാഗ്യമായാണ് ഞാൻ കാണുന്നത്. നമുക്കൊരുപാട് പരിമിതികളുണ്ട്. എന്റെ പരിമിതികൾ എനിക്കറിയാം. ആ പരിമിതികൾക്കിടയിൽ നിന്നുകൊണ്ട് ഇത്രയും വൈവിധ്യമുള്ള കഥാപാത്രങ്ങൾ, നമ്മുടെ സമ്പന്നമായ മലയാളസിനിമയിൽ നിന്നും കിട്ടുക എന്നു പറയുന്നത് ഒരു വലിയ ദൈവാനുഗ്രഹവും ഭാഗ്യവുമാണ്.
ഈ ചിത്രത്തിലേക്ക് ക്ഷണം വന്നപ്പോൾ എന്തായിരുന്നു ആദ്യപ്രതികരണം?
മാധവ് രാമദാസൻ സാറിന്റെ ആദ്യത്തെ രണ്ട് പടങ്ങളും ഗംഭീരപടങ്ങളായിരുന്നല്ലോ, വൻതാരനിരയുള്ള ചിത്രങ്ങൾ. അടുത്ത പടത്തിൽ ഞാനാണ് നായകൻ എന്നു പറഞ്ഞപ്പോൾ ഞാനദ്ദേഹത്തോട് ചോദിച്ചു. റിസ്ക് എടുക്കണോ? തിയേറ്ററിലൊക്കെ ഓടേണ്ടതല്ലേ, കൊമേഴ്സ്യൽ മൂവിയല്ലേ? “എന്റെ സിനിമയ്ക്ക് കഥാപാത്രങ്ങളാണ് ഞാനാദ്യം നോക്കുന്നത്. അജയൻ മതി. അജയൻ ചെയ്താൽ നന്നാവും,” എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം തന്ന ആ ആത്മവിശ്വാസത്തിൽ പിടിച്ചുകയറുകയായിരുന്നു ഞാൻ.
കഥാപാത്രത്തിനു വേണ്ടി ഏറെ തയ്യാറെടുപ്പുകൾ ഒക്കെ നടത്തേണ്ടി വന്നോ?
എന്റെ കഥാപാത്രത്തിന് മേക്ക് ഓവറുണ്ട്. ഞാനാദ്യമായിട്ടാണ് താടി വളർത്തി അഭിനയിക്കുന്നത്. മുടിയൊക്കെ കൊഴിഞ്ഞ്, അൽപ്പം കഷണ്ടിയൊക്കെയുള്ള അമ്പതുകാരനാണ് വനജൻ. അൽപ്പം ഗൗരവക്കാരനായ, എന്നാൽ സാധാരണക്കാരനിൽ സാധാരണക്കാരനായ ഒരാൾ.
സിനിമയുടെ കഥ പറഞ്ഞുകഴിഞ്ഞ്, മാധവ് സാറെന്നോട് ആദ്യം പറഞ്ഞത് കപ്പലണ്ടി കച്ചവടക്കാരെയൊക്കെ ഒന്ന് നോക്കി വയ്ക്കാനാണ്. ഞാൻ യാത്രയിലൊക്കെ അവരെ ശ്രദ്ധിക്കാൻ തുടങ്ങി. യാത്രയ്ക്കിടെ ഇടയ്ക്ക് ഇറങ്ങി നോക്കും, അവരോട് സംസാരിക്കും. എങ്ങനെയാണ് അവർ കപ്പലണ്ടി വറക്കുന്നത്, കൊട്ടുന്നത് എന്നൊക്കെ നിരീക്ഷിക്കും.
ചെസ്സിന് ഏറെ പ്രധാന്യമുള്ളൊരു സിനിമയാണ് ഇത്. ബുദ്ധികൊണ്ടുള്ള ഒരു കളിയാണല്ലോ ചെസ്സ്. കണ്ടിരിക്കുന്നവർക്ക് അരോചകമായി തോന്നും. കളിക്കുന്നവനാണ് താൽപ്പര്യം. മകനെ ചെസ്സ് കളിപ്പിക്കുന്ന ഒരു അച്ഛനാണ് വനജൻ. കളി കാര്യമാകുന്നതാണ് കഥ. ചെസ്സ്കളി പഠിച്ചതും ഈ സിനിമയ്ക്കു വേണ്ടിയാണ്. ഞാൻ എനിക്ക് പറ്റാത്ത കളികളാണ് കൂടുതലും കളിച്ചു കൊണ്ടിരുന്നത്. ഫുട്ബോൾ, ക്രിക്കറ്റ് ഒക്കെയായിരുന്നു അന്നത്തെ കളികൾ. പറ്റുന്ന പണിയൊന്നും അന്നേ ചെയ്തിട്ടില്ല.
Read more: പിന്നെ വളർന്നില്ല, വളർത്തിയത് നിങ്ങൾ: ഹൃദയത്തിൽ തൊട്ട് ഗിന്നസ് പക്രു
ഇളയരാജയുടെ ഷൂട്ടിംഗിന് തൃശൂർ റൗണ്ടിൽ പോയി ഇരിക്കുമ്പോഴാണ് അവിടെ സാധാരണക്കാരായ ആളുകൾ ഇരുന്ന് ചെസ്സ് കളിക്കുന്നത് ശ്രദ്ധിക്കാൻ തുടങ്ങിയത്, അതുപോലെ തന്നെ കപ്പലണ്ടിക്കാരെയും. എത്രയധികം ആൾക്കാരാണ്. നമ്മൾ പൂരം മാത്രമേ കണ്ടിട്ടുള്ളൂ. നമ്മൾ ചിന്തിക്കാത്ത, ശ്രദ്ധിക്കാത്ത വലിയൊരു വിഭാഗം ആ റൗണ്ട് കൊണ്ട് ജീവിക്കുന്നുണ്ട്. അവരുടെ കൂടെ കഥയാണ് ഇളയരാജ.

മകളും ‘ഇളയരാജ’യുടെ അണിയറയിൽ പ്രവർത്തിച്ചിരുന്നു എന്നു കേട്ടല്ലോ?
കാസ്റ്റിംഗ് സമയത്ത് മാധവ് സാർ എന്നോട് ‘മോള് അഭിനയിക്കുമോ’ എന്ന് ചോദിച്ചു. സംവിധാനമാണ് താൽപ്പര്യം എന്നായിരുന്നു മകളുടെ മറുപടി. അവൾ എന്നാൽ അവൾക്കിഷ്ടമുള്ള കാര്യം ചെയ്യട്ടെ എന്നു ഞാനും കരുതി. മകളുടെ അവധിക്കാലത്താണ് ഷൂട്ട് നടന്നത്. ഫുൾ ടൈം ലൊക്കേഷനിൽ തന്നെയുണ്ടായിരുന്നു അവൾ, മാധവ് രാമദാസൻ സാറിന്റെ പിറകെ- സഹായിയായും ഉത്സാഹക്കമ്മറ്റിയായുമൊക്കെ.
സിനിമ കണ്ട് മകളുടെ അഭിപ്രായം എന്തായിരുന്നു?
‘ഇളയരാജ’ കണ്ട് പൊളിച്ചു എന്നു പറഞ്ഞു. അവളുടെ പ്രായത്തിലുള്ള കുട്ടികൾക്കും ഇഷ്ടമാകുന്നു എന്നറിഞ്ഞപ്പോൾ സന്തോഷമായി. അവളുടെ പ്രായത്തിലുള്ള കുട്ടികളും കണ്ണുചിമ്മാതെ നോക്കിയിരിക്കുന്ന കുറേ മുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ട്. അത് ഊർജ്ജം തരുന്ന കാര്യമാണ്. കാരണം എന്റെ സിനിമകളുടെ ടെസ്റ്റ് ടോസ് എന്റെ മോളാണ്. പാട്ടുകൾ വരുമ്പോഴൊക്കെ അവളാണ് ആദ്യം പറയുക, ഇത് നന്നായിട്ടുണ്ട് എന്നൊക്കെ. ഏതാണ്ട് എല്ലാം അതുപോലെ കറക്റ്റ് ആയി വരാറുണ്ട്.

ഞാനിതുവരെ കുട്ടികൾക്ക് വേണ്ടി ചെയ്ത എല്ലാ സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു സിനിമയാണ് ഇത്. അതിലൊക്കെ കുറച്ചൊക്കെ ചിരിക്കാനും തമാശകളും ഓട്ടവും ചാട്ടവും ഒക്കെ കാണുമല്ലോ. ചിന്തിച്ചുവരുന്ന കുട്ടികൾക്ക് ഒക്കെ ഇഷ്ടമാകുന്ന, അവർക്ക് കുറച്ച് ധൈര്യവും ശുഭാപ്തിവിശ്വാസവും ഒക്കെ കൊടുക്കുന്ന ഒരു ചിത്രമാവും ‘ഇളയരാജ’.
നടൻ, സംവിധായകൻ ഈ റോളുകൾക്കു പിറകെ ഇപ്പോൾ നിർമ്മാതാവും ആകുന്നു. എങ്ങനെയാണ് ‘ഫാൻസിഡ്രസ്സ്’ എന്ന ചിത്രത്തിലെത്തുന്നത്?
അപ്രതീക്ഷിതമായി വന്ന ഒരു ഭാഗ്യമാണ് അത്. ‘ഇളയരാജ ശരിക്കും ഒരു കൂട്ടായ്മയുടെ പ്രൊഡക്ഷൻ ആണ്. ഇളയരാജ ചെയ്തു കൊണ്ടിരിക്കുമ്പോൾ എനിക്കും തോന്നി അടുത്തത് എന്തുകൊണ്ട് അങ്ങനെ ഒരു പ്രൊജക്റ്റ് ആയികൂടാ എന്ന്. സർവ്വദീപ്ത എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ‘ഫാൻസിഡ്രസ്സ്’. ചിത്രം മിക്കവാറും ഏപ്രിലിൽ റിലീസിനെത്തും.
Read more: ഗിന്നസ് പക്രു നിർമ്മാതാവുന്നു; ‘ഫാൻസി ഡ്രസ്സ്’ ചിത്രീകരണം ആരംഭിച്ചു