/indian-express-malayalam/media/media_files/uploads/2021/12/GK-Pilla.jpg)
തിരുവനന്തപുരം: സിനിമകളിലും സീരിയലുകളിലും സജീവമായിരുന്ന നടൻ ജി.കെ.പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. ജി.കേശവപിള്ള എന്നതാണ് യഥാർത്ഥ നാമം. ജി.കെ.പിള്ളയുടെ ഭാര്യ ഉത്പലാക്ഷിയമ്മ വർഷങ്ങൾക്കു മുൻപ് മരിച്ചു. പ്രതാപചന്ദ്രൻ, ശ്രീകല ആർ നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി.പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ എന്നിവരാണ് മക്കൾ.
1924-ൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴിൽ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി ജനിച്ച ജി.കെ.പിള്ള തന്റെ പതിഞ്ചാമത്തെ വയസ്സിൽ പട്ടാളത്തിൽ ചേർന്നു. പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴാണ് ജി.കെ.പിള്ളയുടെയും നാട്. പ്രേംനസീറുമായുള്ള സൗഹൃദമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായത്.
പട്ടാളത്തിൽ നിന്നും വിരമിച്ച ശേഷം 1954-ൽ 'സ്നേഹ സീമ' എന്ന സിനിമയിലൂടെ അദ്ദേഹം അഭിനയജീവിതത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് പ്രേംനസീര്‍ ചിത്രങ്ങളിലെ സ്ഥിരം വില്ലൻ മുഖമായിരുന്നു അദ്ദേഹം. സത്യൻ, നസീർ, കൊട്ടാരക്കര, കെ പി ഉമ്മർ, മധു, രാഘവൻ, വിൻസന്റ്, സുധീർ, സുകുമാരൻ, സോമൻ, ജയൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പമെല്ലാം അഭിനയിച്ച ജി.കെ.പിള്ള 350- ഓളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ദിലീപിന്റെ 'കാര്യസ്ഥൻ' എന്ന ചിത്രത്തിൽ മധുവിനൊപ്പമുള്ള കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
അടൂർ ഗോപാലകൃഷ്ണന്റെ 'സ്വയംവരം' എന്ന ചിത്രത്തിൽ സഹസംവിധായകനും അസിസ്റ്റന്റ് എഡിറ്ററുമായി ജി.കെ.പിള്ള പ്രവർത്തിച്ചു. 2005 ഓടെ ജി.കെ.പിള്ള ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു തുടങ്ങി. 'കടമറ്റത്തു കത്തനാർ' ആയിരുന്നു ആദ്യ സീരിയൽ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത 'കുങ്കുമപ്പൂവ്' എന്ന സീരിയലിലെ കഥാപാത്രമാണ് കുടുംബപ്രേക്ഷകർക്കിടയിൽ ജി.കെ.പിള്ളയെ ഏറെ പ്രിയങ്കരനാക്കിയത്.
മുഖ്യമന്ത്രി അനുശോചിച്ചു
ജികെ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. "തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവായിരുന്നു ജികെ പിള്ള. ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്‍റെ അഭിനയ ജീവിതം ബ്ലാക്ക് ആന്‍റ് വൈറ്റ് ചലച്ചിത്രങ്ങള്‍ മുതല്‍ ടെലിവിഷന്‍ സീരിയലുകള്‍ വരെ വ്യാപിച്ച് നില്‍ക്കുന്നതാണ്," മുഖ്യമന്ത്രി അനുസ്മരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us