scorecardresearch

നിന്നെയെങ്ങനെ സംരക്ഷിക്കണമെന്ന് എനിക്കറിയില്ല, നിന്റെ വഴി നീ കണ്ടെത്തുക: ദുൽഖറിനോട് മമ്മൂട്ടി പറഞ്ഞത്

"ഞാൻ സിനിമയിൽ എന്തു ചെയ്താലും അതെന്റെ പിതാവുമായി താരതമ്യം ചെയ്യപ്പെടുമെന്നും അത് തീർച്ചയായും അദ്ദേഹത്തിന്റെ പ്രശസ്തി നശിപ്പിക്കുമെന്നും മനസ്സിലാക്കിയതിനാൽ ഞാൻ കഴിയുന്നത്ര അകന്നു നിൽക്കാൻ ശ്രമിച്ചു"

"ഞാൻ സിനിമയിൽ എന്തു ചെയ്താലും അതെന്റെ പിതാവുമായി താരതമ്യം ചെയ്യപ്പെടുമെന്നും അത് തീർച്ചയായും അദ്ദേഹത്തിന്റെ പ്രശസ്തി നശിപ്പിക്കുമെന്നും മനസ്സിലാക്കിയതിനാൽ ഞാൻ കഴിയുന്നത്ര അകന്നു നിൽക്കാൻ ശ്രമിച്ചു"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dulquer Salmaan | Dulquer Salmaan on father Mammootty, Dulquer Salmaan Mammootty equation

മമ്മൂട്ടിയും ദുൽഖറും | Photo: Dulquer Salmaan/ Instagram

മമ്മൂട്ടി എന്ന മഹാനടന്റെ തണലിൽ വളർന്ന നടനല്ല ദുൽഖർ. പിതാവിന്റെ സർ നെയിമും ദുൽഖർ പേരിനൊപ്പം കൊണ്ടു നടക്കുന്നില്ല. തന്റെ നിഴൽ മകന്റെ വഴിയിൽ വീഴരുത് എന്ന് നിർബന്ധമുള്ള അച്ഛനായി മമ്മൂട്ടിയും അച്ഛന്റെ വഴിയിൽ ഒരിക്കലും നിഴൽ വീഴ്ത്തരുത് എന്ന് നിർബന്ധമുള്ള മകനായി ദുൽഖറും വ്യത്യസ്തമായൊരു സമവാക്യമാണ് പങ്കിടുന്നത്. മമ്മൂട്ടിയുടെ മകൻ എന്ന മേൽവിലാസത്തിന്റെ ആനുകൂല്യങ്ങൾ അധികം കൈപ്പറ്റാതെ ഒരു പതിറ്റാണ്ടു കൊണ്ട് ഏറെ കഷ്ടപ്പെടുത്ത് ദുൽഖർ ഉണ്ടാക്കിയെടുത്തതാണ് ഇന്നു കാണുന്ന പാൻ ഇന്ത്യൻ സ്റ്റാർ എന്ന ഇമേജ്.

Advertisment

മമ്മൂട്ടിയെ കുറിച്ചും കരിയറിന്റെ തുടക്കത്തിൽ മമ്മൂട്ടി നൽകിയ ഉപദേശത്തെ കുറിച്ചുമൊക്കെ മനസ്സു തുറക്കുകയാണ് ദുൽഖർ. തന്റെ പിതാവും ഇതിഹാസ നടനുമായ മമ്മൂട്ടിയുടെ പ്രശസ്തി നശിപ്പിക്കാൻ ആഗ്രഹിക്കാത്തതിനാൽ തന്നെ അഭിനയം ഒരിക്കലും തന്റെ ആദ്യ കരിയർ ചോയ്‌സ് ആയിരുന്നില്ലെന്നാണ് ദുൽഖർ പറയുന്നത്. 9-5 ജോലി ചെയ്ത് തന്റെ കരിയറിനെ മറ്റൊരു തരത്തിലേക്ക് കൊണ്ടുപോവാൻ ശ്രമിച്ചിരുന്നെങ്കിലും അഭിനയിക്കണമെന്ന ഉൾവിളി ശക്തമായപ്പോൾ സിനിമയിലേക്ക് തന്നെ ദുൽഖർ എത്തിച്ചേരുകയായിരുന്നു. എന്നാൽ, തന്റെ നിഴലിൽ നിൽക്കാതെ സ്വന്തം പാത രൂപപ്പെടുത്തി മുന്നോട്ടു പോവാനാണ് മമ്മൂട്ടിയെന്ന പിതാവ് ദുൽഖറിനോട് ആവശ്യപ്പെട്ടത്.

“എനിക്ക് സിനിമയിൽ അവസരം ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, കാരണം പരമ്പരാഗത മലയാള സിനിമയിൽ രണ്ടാം തലമുറയിലെ അഭിനേതാക്കൾ ആ രീതിയിലേക്ക് എത്തിപ്പെട്ടതിന്റെ വലിയ ചരിത്രമില്ല.അതുകൊണ്ട്, 'അതൊരു ഓപ്ഷനല്ല' എന്ന മട്ടിലായിരുന്നു ഞാൻ. ഞാൻ ബിസിനസ് രംഗത്തേക്ക് ശ്രദ്ധയൂന്നി. 'എല്ലാവരും മാനേജ്‌മെന്റിന് പഠിക്കുന്നു, ഞാനും അത് ചെയ്യട്ടെ' എന്ന് ചിന്തിച്ചു. പക്ഷേ, അത് മാർക്കറ്റിംഗ് മാത്രമാണെന്ന് ഞാൻ മനസ്സിലാക്കി. എന്നെ ആവേശഭരിതനാക്കിയതാവട്ടെ സർഗ്ഗാത്മകമായ വശവും. അക്കങ്ങൾക്ക് കറുപ്പും വെളുപ്പും മാത്രമാണെന്നും സിനിമകൾക്ക് വളരെയധികം നിറങ്ങളുണ്ടെന്നും ഞാൻ കരുതി, ഉപബോധമനസ്സിൽ ഞാൻ സിനിമയെ തിരയുന്നുണ്ടായിരുന്നു. ഞാൻ സിനിമയിൽ എന്തു ചെയ്താലും അതെന്റെ പിതാവുമായി താരതമ്യം ചെയ്യപ്പെടുമെന്നും അത് തീർച്ചയായും അദ്ദേഹത്തിന്റെ പ്രശസ്തി നശിപ്പിക്കുമെന്നും മനസ്സിലാക്കിയതിനാൽ ഞാൻ കഴിയുന്നത്ര അകന്നു നിൽക്കാൻ ശ്രമിച്ചു. അദ്ദേഹം വെറുമൊരു നടനല്ലല്ലോ, അത് കുഴപ്പത്തിലാക്കുന്ന കുട്ടിയാകാൻ ഞാൻ ആഗ്രഹിച്ചില്ല,” ദുൽഖർ പറയുന്നു.

Dulquer-Salmaan
(Photo: Dulquer Salmaan/Instagram)
Advertisment

അഭിനയിക്കാൻ ഒരുങ്ങുകയാണെങ്കിൽ വിമർശനങ്ങളും ഏറ്റുവാങ്ങാൻ പഠിക്കണമെന്ന് ദുൽഖറിനോട് മമ്മൂട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. “എനിക്ക് വന്ന് നിന്നെ സംരക്ഷിക്കാം, പക്ഷേ നിനക്ക് വേണ്ടി അഭിനയിക്കാൻ കഴിയില്ല. അതിനാൽ നീ സ്ക്രീനിൽ വരുമ്പോൾ, നീ വിമർശിക്കപ്പെടാം. നീ എന്റെ മകനായതിനാലും നിന്നെ എങ്ങനെ സംരക്ഷിക്കണമെന്ന് എനിക്കറിയാത്തതിനാലും അവർ നിന്നെ കൂടുതൽ താഴെയിറക്കാൻ ശ്രമിക്കും. എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാനൊരു രക്ഷിതാവ് ആയപ്പോൾ വാപ്പച്ചി പറഞ്ഞ ആ കാര്യങ്ങളെ എനിക്കു കൂടുതൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. എനിക്ക് എന്റേതായ ഒരു യാത്ര ഉണ്ടായിരിക്കണം, എനിക്കത് സ്വന്തമായി നേരിടണം എന്നൊരു തോന്നൽ ആദ്യമേ എന്റെയുള്ളിൽ ഉണ്ടായിരുന്നു."

തന്റെ കരിയറിൽ ഒരു മികച്ച തുടക്കം ലഭിക്കാനായി എന്തെങ്കിലും സഹായം ചെയ്യാൻ പിതാവ് വിസമ്മതിച്ചുവെന്നും ദുൽഖർ പറയുന്നു. “ഞാൻ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് വീട്ടിൽ പറഞ്ഞപ്പോൾ എനിക്കൊരു തകർച്ചയെ നേരിടേണ്ടി വന്നു. 'ഞാൻ നിനക്ക് വേണ്ടി ഒന്നും ചെയ്യാൻ പോകുന്നില്ല, ഒരു ആനുകൂല്യത്തിനു വേണ്ടിയും ഞാൻ ശുപാർശ ചെയ്യില്ല. ഞാനായിട്ട് നിനക്ക് അവസരമൊന്നും തരാൻ പോകുന്നില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിനക്ക് ഇത് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, ആരും നിന്നെ സഹായിക്കില്ല, നീ അത് സ്വയം കണ്ടെത്തേണ്ടതുണ്ട് എന്നദ്ദേഹം പറഞ്ഞു."

തന്റെ കരിയറിനെ കുറിച്ചോർത്ത് നിശബ്ദമായി പിതാവ് അഭിമാനിക്കുന്നുവെന്നും ദുൽഖർ പറഞ്ഞു. “ഞാൻ ചെറുപ്പമായിരുന്നപ്പോൾ, എന്നെ ഒന്നിനും കൊള്ളില്ലല്ലോ എന്ന ഭയം എന്റെ പിതാവിനും ഉണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹം എന്നെക്കുറിച്ച് നിശബ്ദമായി അഭിമാനിക്കുന്നു എന്നു ഞാൻ കരുതുന്നു. അദ്ദേഹം അതെന്റെ മുഖത്തുനോക്കി പറയുന്നില്ല, പക്ഷേ അത് പ്രകടമാണ്. അദ്ദേഹത്തിന്റെ അടുത്തചങ്ങാതിമാരുമായുള്ള സംഭാഷണങ്ങളിൽ നിന്നും എനിക്കത് മനസ്സിലായിട്ടുണ്ട്. ഇപ്പോൾ, ഞങ്ങൾ സുഹൃത്തുക്കളായും തുല്യരായും സംസാരിക്കുന്നു, അതാണ് ഏറ്റവും സന്തോഷകരമായ കാര്യം. നിങ്ങളുടെ പിതാവിനൊപ്പം ഇങ്ങനെയൊരു സ്റ്റേജിൽ നിന്ന് സംസാരിക്കാൻ കഴിയുന്നത് ഒരു നേട്ടം തന്നെയാണ്."

കിംഗ് ഓഫ് കോത്തയാണ് റിലീസിനൊരുങ്ങുന്ന ദുൽഖർ ചിത്രം. ഓണം റിലീസായി ഓഗസ്റ്റ് 24ന് ചിത്രം തിയേറ്ററുകളിൽ എത്തും. സംവിധായക ജോഡികളായ രാജ്, ഡികെയുടെ സമീപകാലത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് റിലീസ് ആയ ഗൺസ് & ഗുലാബ്സിലും ദുൽഖർ ഉണ്ട്.

Mammootty Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: