ഡാൻസ് വേഷത്തിൽ മേക്കപ്പ് അണിഞ്ഞു നിൽക്കുന്ന ഒരു യുവാവ്. സൂക്ഷിച്ചുനോക്കിയാൽ ആളെ പിടികിട്ടും. മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയനടന്മാരിൽ ഒരാളായ ഷമ്മി തിലകനാണ് കക്ഷി. ഷമ്മി തിലകൻ തന്നെയാണ് ‘ആനന്ദനടനം ആടിനാർ’ എന്ന തലക്കെട്ടോടെ ഈ പഴയകാലചിത്രം ഷെയർ ചെയ്തിരിക്കുന്നത്. “ചേട്ടന് ഇതും വശമുണ്ടായിരുന്നോ?” എന്നാണ് ആരാധകർ ചോദിക്കുന്നത്.
പ്രശസ്ത നടൻ തിലകന്റെ മകൻ കൂടിയായ ഷമ്മി തിലകൻ പതിനഞ്ചാം വയസിൽ നാടകങ്ങളിലൂടെയാണ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. കൊല്ലം രശ്മി തീയേറ്റേഴ്സ്, ട്യൂണ, ചാലക്കുടി സാരഥി, പി.ജെ.തീയേറ്റേഴ്സ്, കലാശാല തൃപ്പൂണിത്തുറ എന്നീ നാടക സമിതികളിൽ പ്രവർത്തിച്ചു. ഇരുപത്തഞ്ചോളം നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
1986ൽ പുറത്തിറങ്ങിയ കെ.ജി.ജോർജ് സംവിധാനം ചെയ്ത ‘ഇരകൾ’ എന്ന ചലച്ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. 2001ൽ റിലീസായ മോഹൻലാൽ ചിത്രം പ്രജയിലെ ഷമ്മിയുടെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രതിനായക വേഷങ്ങളുടെ അവതരണത്തിലൂടെ ശ്രദ്ധ നേടിയിട്ടുള്ള ഇദ്ദേഹം ഹാസ്യവേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നേരം എന്ന ചിത്രത്തിലെ ഊക്കൻ ടിൻറു എന്ന പോലീസ് ഓഫീസർ വേഷവും ഷമ്മി തിലകന് ഏറെ ജനപ്രീതി നേടി കൊടുത്തു. അടുത്തിടെ റിലീസ് ചെയ്ത ജനഗണമന എന്ന ചിത്രത്തിലെ അഡ്വ. രഘുരാം അയ്യർ എന്ന കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു.
അഭിനയത്തിൽ മാത്രമല്ല ഡബ്ബിംഗ് രംഗത്തെയും തിളങ്ങുന്ന സാന്നിധ്യമാണ് ഷമ്മി തിലകൻ. കടത്തനാടൻ അമ്പാടിയിൽ പ്രേംനസീർ, ദേവാസുരത്തിൽ നെപ്പോളിയൻ, ഗസലിൽ നാസർ, ഒടിയനിൽ പ്രകാശ് രാജ് എന്നിവർക്കെല്ലാം ശബ്ദം കൊടുത്തത് ഷമ്മി തിലകനാണ്. 1993ൽ ‘ഗസൽ’ എന്ന ചലച്ചിത്രത്തിലൂടെ മികച്ച ഡബ്ബിങ് കലാകാരനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഷമ്മി തിലകനെ തേടിയെത്തിയിരുന്നു. നൂറ്റമ്പതോളം സിനിമകളിൽ അഭിനയിച്ച ഷമ്മി തിലകൻ ഏതാനും ചിത്രങ്ങളിൽ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.