മോഹന്‍ലാല്‍ നായകനായ ‘ഒടിയനെ’ പ്രശംസിച്ചു നടനും സംവിധായകനുമായ മധുപാല്‍. ഏറെ ഹൈപ്പോടെ ഇറങ്ങിയ ചിത്രം റിലീസ് ദിനം മുതല്‍ തന്നെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. അവകാശവാദങ്ങള്‍ക്ക് ഒത്തുയരാന്‍ സാധിക്കാതെ വന്നതാണ് ചിത്രത്തിന്റെ പ്രശ്നം എന്നും ഒരു സാധാരണ സിനിമയായി കണ്ടാല്‍ ആസ്വദിക്കാവുന്ന ഒന്നാണ് എന്നും അഭിപ്രായങ്ങള്‍ വന്നു. ഒടിയനെതിരെ വന്ന വിമര്‍ശനങ്ങളില്‍ പലതിലും കാമ്പില്ല എന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് അതുണ്ടായത് എന്നും അണിയറപ്രവര്‍ത്തകര്‍ വാദിച്ചു. ഇതിനെല്ലാം ഇടയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ദിവസം റിലീസ് ചെയ്ത ‘ഒടിയന്‍’ ഇപ്പോഴും ബോക്സോഫീസ് വാഴുന്നു എന്ന് റിപ്പോര്‍ട്ടുകളും വന്നു.
ഇപ്പോള്‍ ചിത്രത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത് നടനും സംവിധായകനുമായ മധുപാലാണ്. ‘ഒടിയൻ’ താന്‍ കണ്ടു എന്നും ആളുകൾ ഇത്ര മാത്രം നെഗറ്റീവ് ആയി ഒരു സിനിമയെ കണ്ടത് എന്തിനാണെന്ന് മനസ്സിലായില്ല എന്നുമാണ് മധുപാല്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
“ഒടിയൻ കണ്ടു. ആളുകൾ ഇത്ര മാത്രം നെഗറ്റീവ് ആയി ഒരു സിനിമയെ കണ്ടത് എന്തിനാണെന്ന് മനസ്സിലായില്ല. കാഴ്ചകൾ കാണുന്നത് കണ്ണുകൊണ്ടല്ല മനസ്സ് അറിഞ്ഞാണെന്ന് ഈ സിനിമ പറയുന്നുണ്ട്. സത്യസന്ധമായി ഒരു സിനിമയെ കാണിച്ചു തന്നവർക്ക് സ്നേഹം. തേങ്കുറിശ്ശിയിലെ അവസാനത്തെ ഒടിയന്റെ മായക്കാഴ്ചകളിൽ, ജീവിച്ചിരിക്കുന്ന നന്മയുള്ളവർക്കവേണ്ടിയുള്ള ത്യാഗത്തിന്റെ വെളിച്ചമുണ്ട്. ഇരുളിൽ നിന്നും പ്രകാശത്തിലേക്കുള്ള ജാഗ്രതയുണ്ട്. വീണ്ടും കാണുമ്പോൾ പുതിയ കാഴ്ചകളുണ്ടാവും സത്യമുള്ള ബന്ധങ്ങളുണ്ടാവും കഥ പറയുന്നത് ആസ്വദിക്കുവാനാണെന്ന ബോധമുണ്ടാവും. പ്രിയപ്പെട്ടവർക്ക് നന്ദി. സ്നേഹം,” ‘ഒരു കുപ്രസിദ്ധ പയ്യന്‍ സംവിധായകന്‍ പറഞ്ഞു.
പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ‘ഒടിയന്‍’ നിര്‍മ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ ‘മോസ്റ്റ് ഹൈപ്പ്ഡ്’ കഥാപാത്രങ്ങളിലൊന്നാണ് ‘ഒടിയ’നിലെ മാണിക്യൻ. സിനിമയ്ക്കു വേണ്ടി ശരീരഭാരം നല്ല രീതിയിൽ കുറച്ച് മോഹൻലാൽ നടത്തിയ മുന്നൊരുക്കങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ഒടിയൻ’ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ യൗവ്വനവും വാർദ്ധക്യവും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
Read More: Odiyan Review: പ്രതീക്ഷാ ഭാരം ചുമക്കുന്ന ചിത്രത്തെ തോളിലേറ്റി നടത്തുന്ന നായകന്‍: ‘ഒടിയന്‍’ റിവ്യൂ
ഒടിയൻ മാണിക്യന്റെ പ്രിയപ്പെട്ടവൾ പ്രഭയായി എത്തുന്നത് ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ്. പ്രകാശ് രാജ്, ഇന്നസെന്റ്, നെടുമുടി വേണു, കെ.പി.എസി.ലളിത, നരെയ്ൻ, സിദ്ദിഖ്, കൈലാഷ്, സന അല്‍ത്താഫ്, മനോജ് ജോഷി, നന്ദു, ശ്രീജയ നായർ തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
റിലീസിന് മൂന്നു ദിവസം മുന്‍പ് തന്നെ ‘ഒടിയന്‍’ നൂറു കോടി രൂപയുടെ പ്രീറിലീസ് ബിസിനസ് നേടിയതായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു. പ്രീബുക്കിംഗ് സെയില്‍ ചേര്‍ന്ന കണക്കാണ് നൂറു കോടി കടന്ന തുക എന്ന് ശ്രീകുമാര്‍ മേനോന്‍ ട്വിറ്റെറില്‍ വെളിപ്പെടുത്തി. തെന്നിന്ത്യന്‍ സിനിമയില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഒടിയന്‍’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.