/indian-express-malayalam/media/media_files/uploads/2019/05/dinesh-prabhakar-2.jpg)
പതിനേഴു വർഷമായി മലയാളികൾക്ക് പരിചിതമായ മുഖമാണ് ദിനേശ് പ്രഭാകർ. നടനായും ഡബ്ബിംഗ് ആർട്ടിസ്റ്റായും കാസ്റ്റിംഗ് ആർട്ടിസ്റ്റായും പരസ്യ സംവിധായകനായുമൊക്കെ മലയാളസിനിമയുടെ ഓരം ചേർന്നു നടന്ന ദിനേശ് പ്രഭാകർ കേന്ദ്രകഥാപാത്രമാകുന്ന 'പ്രകാശന്റെ മെട്രോ' ഇന്ന് റിലീസിനെത്തിയിരിക്കുകയാണ്.
'മീശമാധവൻ' എന്ന ചിത്രത്തിലൂടെ 2002 ലായിരുന്നു ദിനേശ് പ്രഭാകറിന്റെ സിനിമാ അരങ്ങേറ്റം. അഭിനയത്തിനു പുറമെ ഡബ്ബിംഗിലും പരസ്യമേഖലയിലുമൊക്കെ ശ്രദ്ധ ചെലുത്തിയ ദിനേശ് പ്രഭാകർ, മലയാളത്തിനു പുറമെ ജോൺ​​ എബ്രഹാം, നസ്റുദ്ദീൻ ഷാ, സെയ്ഫ് അലി ഖാൻ, മാധവൻ, മനോജ് വാജ് പേയി, അജിത്ത് എന്നിങ്ങനെ ബോളിവുഡിലെയും തമിഴിലെയും പ്രഗത്ഭർക്കൊപ്പവും സ്ക്രീൻ പങ്കിട്ടുണ്ട്.
പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും കടന്നുവന്ന വഴികളെ കുറിച്ചുമൊക്കെ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് ദിനേശ് പ്രഭാകർ.
പ്രകാശന്റെ മെട്രോയിലേക്ക്
"ഒരു ക്യാമറാമാനാണ് എന്നെ 'പ്രകാശന്റെ മെട്രോ'യിലേക്ക് വിളിക്കുന്നത്. ഒരു ലേഡിയാണ് സംവിധായിക, നിങ്ങൾക്ക് ഇണങ്ങിയ കഥാപാത്രം ആണ്, സബ്ജെക്ട് ഒന്നു കേട്ടു നോക്കൂ എന്നു പറഞ്ഞു. പിന്നീട് സംവിധായികയും ക്യാമറമാനും പ്രൊഡക്ഷൻ കൺട്രോളറും കൂടി എന്നെ കാണാൻ വന്നു. കഥ കേട്ടപ്പോൾ എനിക്ക് താൽപ്പര്യം തോന്നി. ഞാനാണ് ലീഡ് എന്നു പറഞ്ഞപ്പോൾ ഉണ്ടായിരുന്ന ആശങ്ക കഥ കേട്ടപ്പോഴാണ് മാറിയത്," ദിനേശ് പ്രഭാകർ പറഞ്ഞു.
Read more: ഒരു വീട്ടമ്മയെ സംവിധാനത്തിലേക്കെത്തിച്ച ‘പ്രകാശന്റെ മെട്രോ’; സംവിധായിക ഹസീന സുനീര്‍ സംസാരിക്കുന്നു
"പ്രകാശൻ എന്ന ഓട്ടോ ഡ്രൈവറുടെയും അയാളുടെ 'മെട്രോ' എന്നു പേരുള്ള ഓട്ടോയിൽ ഒരു ദിവസം വന്നു കയറുന്ന ഒരു പെൺകുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്. ഒരാളെ അന്വേഷിച്ച് കൊച്ചിയിലെത്തുന്ന ഒരു പെൺകുട്ടിയുടെ സാരഥിയായി പോവുകയാണ് എന്റെ കഥാപാത്രം. രാവിലെ തുടങ്ങി രാത്രിയോടെ അവസാനിക്കുന്ന ഒരു കഥ. നിസാരമായി കണ്ടെത്താം എന്നു കരുതുന്ന ഒരു ലക്ഷ്യവുമായി പുറപ്പെട്ട് ഒടുവിൽ പൊല്ലാപ്പ് പിടിക്കുകയാണ് എന്റെ കഥാപാത്രം. ആ യാത്ര എന്റെ കഥാപാത്രത്തിലും മാറ്റങ്ങൾ വരുത്തുന്നു. മുൻപ് 'ലുക്കാചിപ്പി', 'മൈ ബോസ്' തുടങ്ങിയ സിനിമകളിലൊക്കെ ഞാൻ ഓട്ടോ ഡ്രൈവറായിരുന്നെങ്കിലും ഒരു മുഴുനീള ഓട്ടോ ഡ്രൈവർ കഥാപാത്രത്തെ ചെയ്യുന്നത് ഇതാദ്യമായാണ്," ദിനേശ് കൂട്ടിച്ചേർക്കുന്നു.
ഇപ്പോൾ സിനിമയൊന്നുമില്ലേ, ഓട്ടോ ഓടിക്കലാണോ പണി?
'പ്രകാശന്റെ മെട്രോ'യുടെ ചിത്രീകരണ സമയത്ത് ഓട്ടോ ഓടിക്കുന്ന തന്നെ കണ്ട് ആളുകൾ തെറ്റിദ്ധരിച്ച രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് ദിനേശ് പ്രഭാകർ. "റോഡിൽ തന്നെയായിരുന്ന ഷൂട്ടിംഗ് മുഴുവനും. ഏതാണ്ട് 45 ദിവസത്തോളം ഷൂട്ടിംഗ് ഉണ്ടായിരുന്നു. കൊച്ചിയിലെ വിവിധ ഭാഗങ്ങളിലൂടെയായി രാവിലെ മുതൽ വൈകിട്ട് വരെ ഓട്ടോ ഓടിക്കൽ തന്നെയായിരുന്നു പണി. ഞാൻ ഓട്ടോയും ഓടിച്ച് പോവുന്നതു കാണുമ്പോൾ പലരും വന്ന് ചോദിക്കുന്നുണ്ടായിരുന്നു, ഇപ്പോ ഓട്ടോ ഓടിക്കലാണോ പണി, സിനിമയൊന്നും ഇല്ലേ എന്ന്? ചിലരൊക്കെ മാറിനിന്ന് ഇപ്പോ വേറെ പണിയൊന്നുമില്ലെന്ന് മാറി നിന്ന് പറയുന്നതും കണ്ടു."
"ഹൈഡ് ക്യാമറ വെച്ചായിരുന്നു കുറേ ഭാഗങ്ങൾ ഒക്കെ ഷൂട്ട് ചെയ്തത്. ചുരുങ്ങിയ സ്ഥലങ്ങളിിൽ മാത്രമാണ് ലൈറ്റ് യൂണിറ്റ് ഒക്കെ ഉണ്ടായിരുന്നത്. ബാക്കി ഭാഗങ്ങളൊക്കെ നമ്മൾ വണ്ടിയോടിക്കുമ്പോൾ പാരലൽ ആയി മറ്റൊരു വണ്ടിയിൽ ഫോളോ ചെയ്തും ചെറിയ ചെറിയ ക്യാമറകൾ വണ്ടിയിൽ ഒളിപ്പിച്ചുവെച്ചുമൊക്കെയാണ് ഷട്ട് ചെയ്തത്. വലിയ ക്യാമറകളും ആളും ബഹളുമൊന്നുമില്ലാത്തതുകൊണ്ട് ആളുകൾക്ക് ഷൂട്ടിംഗ് ആണെന്ന് പലപ്പോഴും മനസ്സിലാവുന്നുണ്ടായിരുന്നില്ല. ഞാൻ ഓട്ടോ ഓടിച്ച് സിഗ്നലിലൊക്കെ നിൽക്കുമ്പോൾ ആളുകൾ അതിശയത്തോടെ നോക്കുമായിരുന്നു," ദിനേശ് ഷൂട്ടിംഗ് അനുഭവം പങ്കുവെച്ചു.
സിനിമയിലെ മധുരപതിനേഴ്
'മീശമാധവനി'ലൂടെയാണ് ഞാൻ സിനിമയിലെത്തുന്നത്. സിനിമയിൽ 17 വർഷങ്ങൾ പൂർത്തിയാക്കുന്നു, ഇതെന്റെ മധുരപതിനേഴാണ് എന്നു പറയാം. വലിയൊരു വളർച്ചയൊന്നും കരിയറിൽ ഇതുവരെ ഉണ്ടായിട്ടില്ല. ആൾക്കൂട്ടത്തിലൊക്കെ പോവുമ്പോൾ ആളുകൾ വന്നു പറയും, ചേട്ടനെ സിനിമയിലൊക്കെ കണ്ടിട്ടുണ്ട്, പേരറിയില്ല എന്നൊക്കെ. ആളുകൾ തിരിച്ചറിയുന്നു എന്നതു തന്നെ സന്തോഷമാണ്.
മുംബൈയിൽ നിന്നും സിനിമയിലേക്ക്
കുറേകാലം മുംബൈയിൽ ആയിരുന്നു. അവിടെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി നാടകങ്ങളിൽ ഒക്കെ അഭിനയിച്ചു. കുറേ തിയേറ്റർ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പരസ്യചിത്രങ്ങൾക്ക് വേണ്ടി ഡബ്ബ് ചെയ്തും, പരസ്യങ്ങൾക്ക് മലയാളം പരിഭാഷ നൽകിയും, ഷൂട്ടിംഗ് സൂപ്പർ വൈസ് ചെയ്തും അസിസ്റ്റന്റ് ഡയറക്ടറായുമൊക്കെ പ്രവർത്തിക്കുന്നതിനിടയിലാണ് സിനിമയിലേക്ക് വരുന്നത്. അതോടെ കേരളത്തിലേക്ക് വന്നു.
നരേയ്ൻ മുതൽ മകരന്ത് ദേശ് പാണ്ഡെ വരെ; ഡബ്ബിംഗ് അനുഭവങ്ങൾ
ബോംബൈയിൽ നിന്നും അറിയപ്പെടുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റായിട്ടാണ് ഞാൻ നാട്ടിലേക്ക് വരുന്നത്. അവിടെ പരസ്യം, സീരിയൽ, സിനിമ എന്നിവയ്ക്ക് ഒക്കെ ശബ്ദം കൊടുത്തിരുന്നു. നല്ലൊരു വരുമാനമാർഗ്ഗം ആയിരുന്നു അത്. ഇവിടെ വന്ന് സിനിമകളിൽ അവസരങ്ങൾ ഇല്ലാത്ത സമയത്തൊക്കെ ഡബ്ബിംഗിൽ കൂടുതൽ ശ്രദ്ധ ചെലുത്തി. നടൻ നരേയ്ന് ഒക്കെ ആദ്യകാലത്ത് ശബ്ദം കൊടുത്തിരുന്നു. നിഷാന്ത് സാഗർ, സൈജു കുറുപ്പ്, ജോജു അങ്ങനെ നിരവധിയേറെ പേർക്ക്.
ഇപ്പോൾ ഡബ്ബിംഗ് ചെയ്യുന്നത് താരതമ്യേന കുറവാണ്. ഏതെങ്കിലും സിനിമയിൽ പ്രത്യേകം ഒരു ക്യാരക്ടറിനു എന്നൊക്കെ പറഞ്ഞു വിളിക്കുമ്പോഴാണ് ഇപ്പോൾ പോകുന്നത്. 'ആമേൻ', 'പുലിമുരുകൻ' തുടങ്ങിയ ചിത്രങ്ങളിലൊക്കെ മകരന്ത് ദേശ് പാണ്ഡെയ്ക്ക് ശബ്ജം നൽകിയിരുന്നു. ഒരു പ്രത്യേക മാനറിസം ഉള്ള ആക്ടറാണല്ലോ അദ്ദേഹം. അദ്ദേഹത്തിന് ശബ്ദം കൊടുത്തപ്പോൾ കുറേയേറെ പേരോക്കെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അടുത്തിടെ മുരളി ഗോപി വിളിച്ചിട്ട് 'ലൂസിഫറി'ൽ കുതിരവട്ടം പപ്പു ചേട്ടന്റെ മകനു ശബ്ദം കൊടുത്തു.
പരസ്യലോകവും കൂട്ടുക്കാരും
/indian-express-malayalam/media/media_files/uploads/2019/05/dinesh-prabhakar-jis-mon-joy-sijoy-varghese.jpg)
സ്വന്തമായി ഒരു ആഡ് പ്രൊഡക്ഷൻ ഹൗസും നടത്തുണ്ട് ദിനേശ് പ്രഭാകർ. സംവിധായകൻ ജിസ് മോൻ ജോയി, നടൻ സിജോയ് വർഗ്ഗീസ് എന്നിവരുമായി ചേർന്ന് പത്ത് വർഷത്തോളം ഒരു ആഡ് പ്രൊഡക്ഷൻ ഹൗസും ദിനേശ് നടത്തിയിരുന്നു. "ജിസ് മോനും ഞാനും ചേർന്നാണ് ആദ്യം പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചത്. പിന്നീട് അതിലേക്ക് സിജോയ് വന്നു. ഏതാണ്ട് പത്തു വർഷത്തോളം ഞങ്ങൾ വിജയകരമായി ആ പ്രൊഡക്ഷൻ ഹൗസ് നടത്തി കൊണ്ടുപോയി. പിന്നെ ജിസ് മോൻ 'ബൈസൈക്കിൾ തീവ്സ്' സിനിമ എടുത്തതോടെയാണ് ലീവ് ചെയ്തത്. ഇപ്പോൾ ഞങ്ങൾക്ക് മൂന്നു പേർക്കും സ്വതന്ത്ര പ്രൊഡക്ഷൻ ഹൗസുകൾ ഉണ്ട്. പഴയ ക്ലൈന്റ്സിനെ ഞങ്ങൾ വീതിച്ചെടുത്തു പരസ്യങ്ങൾ ചെയ്യുന്നു.
മലയാളസിനിമയിലെ ആദ്യ കാസ്റ്റിംഗ് ഡയക്ടർ
മലയാള സിനിമയിൽ ആദ്യത്തെ ഔദ്യോഗിക കാസ്റ്റിംഗ് ഡയറക്ടർ എന്ന വിശേഷണവും ദിനേശ് പ്രഭാകറിനു സ്വന്തം. ആളുകൾ പരസ്പരം പറഞ്ഞും അന്വേഷിച്ചും ഓരോ സിനിമയിലേക്കുമുള്ള അഭിനേതാക്കളെ കണ്ടെത്തിയ കാലത്ത് തികച്ചും പ്രൊഫഷണലായി സിനിമയുടെ കാസ്റ്റിംഗ് നിശ്ചയിക്കുന്ന രീതിയ്ക്ക് തുടക്കം കുറിക്കാനുള്ള അവസരവും ദിനേഷ് പ്രഭാകറിനു ലഭിച്ചു.
"വിനീത് ശ്രീനിവാസന്റെ 'തിര'യ്ക്ക് വേണ്ടിയാണ് ആദ്യമായി കാസ്റ്റിംഗ് ഡയറക്ടർ ആയത്. ആ സിനിമയുടെ പശ്ചാത്തലം അൽപ്പം വ്യത്യസ്തമായതിനാൽ വിനീത് ആണ് എന്നോട് ചോദിച്ചത്. സ്ഥിരം കാണുന്ന ആളുകൾ അല്ലാതെ കുറച്ചു വ്യത്യസ്തമായ അഭിനേതാക്കളെ കിട്ടുമോ എന്ന്. ചെന്നൈ, മൈസൂർ, ബാംഗ്ലൂർ ഒക്കെ പോയി കുറേ അലഞ്ഞിട്ടാണ് ആ ചിത്രത്തിലേക്കുള്ള അഭിനേതാക്കളെ കണ്ടെത്തിയത്. പിന്നീട് വിനീതിന്റെ തന്നെ 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം' എന്ന ചിത്രത്തിനു വേണ്ടിയും കാസ്റ്റിംഗ് ഡയറക്ടറായി ജോലി ചെയ്തു. സുഡാനി, പാക്കിസ്ഥാനി എന്നിങ്ങനെ വിവിധ നാഷണാലിറ്റിയുള്ള ആളുകളെ വേണ്ടിയിരുന്നു ആ സിനിമയ്ക്ക്. 'ലുക്കാചിപ്പി' കാസ്റ്റിംഗ് ചെയ്ത മറ്റൊരു ചിത്രം.
/indian-express-malayalam/media/media_files/uploads/2019/05/Dinesh-prabhakar-John-abraham.jpg)
ബോളിവുഡ് ചിത്രങ്ങൾ
മലയാളത്തിനൊപ്പം നാലോളം ബോളിവുഡ് ചിത്രങ്ങളിലും രണ്ട് തമിഴ് ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ദിനേശ് പ്രഭാകർ. "ജോൺ എബ്രഹാമിനൊപ്പം 'മദ്രാസ് കഫേ' ആണ് ആദ്യം ചെയ്യുന്നത്. 'പികു', 'വിക്കി ഡോണർ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ദേശീയ അവാർഡ് ജേതാവായ സൂജിത് സർക്കാർ ആണ് 'മദ്രാസ് കഫേ'യുടെ സംവിധായകൻ. 'വെയ്റ്റിംഗ്' എന്ന ചിത്രത്തിൽ നസ്റുദ്ദീൻ ഷാ, കൽക്കി കേക്ക്‌ലാൻ എന്നിവർക്കൊപ്പം അഭിനയിക്കാൻ സാധിച്ചു. 'ഷെഫ്' എന്ന ചിത്രത്തിൽ സെയ്ഫ് അലിഖാനൊപ്പം ഏറെ ശ്രദ്ധിക്കപ്പെട്ടൊരു കഥാപാത്രം തന്നെയാണ് ലഭിച്ചത്.
പുതിയ ചിത്രങ്ങൾ
മാധവനൊപ്പം അഭിനയിച്ച 'റോക്കറ്ററി' ഇനി റിലീസ് ചെയ്യാനുണ്ട്. എൽഡി ഗോപാൽ എന്ന അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള ഒരു പൊലീസ് ഇൻസ്പെക്ടർ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അജിത്തിനൊപ്പം 'പിങ്കി'ന്റെ തമിഴ് റിമേക്ക് ആയ 'നേര്‍കൊണ്ട പാര്‍വൈ'യിലും അഭിനയിച്ചിട്ടുണ്ട്. അതിലും അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ്. മനോജ് വാജ്‌പേയിക്ക് ഒപ്പം അഭിനയിച്ച 'ഫാമിലി മാൻ'​ ആണ് മറ്റൊരു ചിത്രം. അതൊരു വെബ് സീരീസ് പടമാണ്.
നടൻ വിജയിന്റെ കസിൻ വിക്രാന്ത് സന്തോഷ് നായകനാവുന്ന 'ബക്രീദ്' എന്ന തമിഴ് ചിത്രമാണ് ചിത്രീകരണം പൂർത്തിയാക്കിയ മറ്റൊരു പ്രൊജക്റ്റ്. രസകരമായൊരു കഥയാണ് അതിന്റേത്. ബക്രീദിന് അറക്കാൻ ഒരു ഒട്ടകത്തെ കൊണ്ടുവരുന്നതും പിന്നെ പൊല്ലാപ്പാകുമ്പോൾ തിരിച്ച് അതിനെ രാജസ്ഥാനിലേക്ക് കൊണ്ടുവിടാൻ പോകുന്നതുമൊക്കെയാണ് കഥ. എനിക്ക് തമിഴ് ഇൻഡസ്ട്രിയിൽ ആരെയും പരിചയമൊന്നുമില്ലായിരുന്നു, 'ലുക്കാചിപ്പി' കണ്ടിട്ടാണ് 'ബക്രീദി'ലേക്ക് വിളിക്കുന്നത്. 'ബക്രീദി'ന്റെ ക്രൂവിൽ ഉണ്ടായിരുന്ന ഒരു അസിസ്റ്റന്റ് ഡയറക്ടറാണ് അജിത്ത് ചിത്രത്തിലേക്ക് ക്ഷണിക്കുന്നതും.
മലയാളത്തിൽ ഇനി റിലീസ് ചെയ്യാനുള്ളത് ബിജുമേനോൻ നായകനാവുന്ന 'സത്യം പറഞ്ഞാൽ വിശ്വസിക്കോ?', ആൻഡ് ദ ഓസ്കാർ ഗോസ് ടു' തുടങ്ങിയ ചിത്രങ്ങളാണ്. 'ഒരു വടക്കൻ സെൽഫി'യുടെ സംവിധായകൻ ജി പ്രജിത്ത് ഒരുക്കുന്ന സിനിമയാണ് ഇത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത സുനിൽ തിരിച്ചെത്തുന്ന 'സത്യം പറഞ്ഞാൽ വിശ്വസിക്കോ?' യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. നാലു കോൺക്രീറ്റ് തൊഴിലാളികളുടെ കഥയാണ് സിനിമ പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.