നടന്‍ ദിലീപിന് ഇന്ന് അമ്പതാം പിറന്നാള്‍. മിമിക്രി വേദികളില്‍ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തില്‍, ഗോഡ് ഫാദര്‍മാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവന്ന, ഗോപാലകൃഷ്ണന്‍ എന്ന ആ മെലിഞ്ഞ ചെറുപ്പക്കാരനെ മലയാളികള്‍ക്ക് അങ്ങനെയൊന്നും മറക്കാനാവില്ല. സിനിമയായിരുന്നു അയാളുടെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം. എന്നാല്‍ നടനാവുക എന്ന സ്വപ്‌നവും ഉള്ളില്‍ പേറി സിനിമാ ലോകത്തിന്റെ പടി കയറിയ അയാളെ കാത്തിരുന്നത് സഹസംവിധായകന്റെ വേഷമായിരുന്നു.

കണ്ണടച്ചു തുറക്കും മുമ്പായിരുന്നു ഗോപാലകൃഷ്ണന്‍ മലയാളത്തിന്റെ സൂപ്പര്‍താരം ദിലീപായി വളര്‍ന്നത്. കലാഭവന്റെ മിമിക്രിവേദികളില്‍ നിന്ന് അയാള്‍ സഹസംവിധായകനും, സഹനടനും, നായകനും നിര്‍മ്മാതാവും പിന്നീട് സിനിമകളുടെ റിലീസിങ് വരെ തീരുമാനിക്കുന്ന ഉയരങ്ങളിലേക്കും പറന്നു.

dileep

ചിത്രം: ദിലീപ് ഫെയ്സ്ബുക്ക് പേജ്

കമലിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ ദിലീപ് തനിക്കു കിട്ടുന്ന കൊച്ചുകൊച്ചു വേഷങ്ങളിലൂടെ കഴിവ് തെളിയിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. 1992ല്‍ കമല്‍ തന്നെ സംവിധാനം ചെയ്ത ‘എന്നോടിഷ്ടം കൂടാമോ’ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു. സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപമാണ് ദിലീപിന്റെ കരിയറിലെ വഴിത്തിരിവായത്. സല്ലാപത്തില്‍ നായികയായെത്തിയ മഞ്ജുവാര്യര്‍ പിന്നീട് ദിലീപിന്റെ ജീവിതത്തിലെയും നായികയായി.

dileep

പിന്നീട് തുടരെത്തുടരെ സൂപ്പര്‍ഹിറ്റുകളുമായി വെള്ളിത്തിരയില്‍ കുതിച്ചുയര്‍ന്ന ദിലീപിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കോമഡിയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ ജനപ്രിയ നടനും അവിടെ നിന്നും സൂപ്പര്‍താര സിംഹാസനവും ദിലീപ് കൈയ്യടക്കി. സിനിമാ മേഖലയില്‍ തനിക്കെതിരെ നിലപാടെടുത്ത സംവിധായകന്‍ വിനയനെയും അദ്ദേഹം നയിച്ചിരുന്ന മാക്ട (മലയാളം സിനിമ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍) എന്ന സംഘടനയേയും നിഷ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌പ്രഭമാക്കിയതിലൂടെ ദിലീപ് മലയാള സിനിമയെ തന്റെ കൈപ്പിടിയിലൊതുക്കി. 2016 അവസാനത്തോടെ തിയേറ്റര്‍ ഉടമകളുടെ സമരം പൊളിക്കുകയും ബദല്‍ സംഘടന ആരംഭിക്കുകയും ചെയ്തതോടെ ദിലീപ് മലയാള സിനിമയിലെ ശക്തമായ സ്വാധീനമായി മാറി.

dileep

ചിത്രം: ദിലീപ് ഫെയ്സ്ബുക്ക് പേജ്

ദിലീപ് നിര്‍മ്മിച്ച ട്വന്റി20 എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം താരസംഘടനയായ അമ്മയ്ക്ക് വലിയ മുതല്‍ക്കൂട്ടായി. ഏഴു കോടി മുതൽ മുടക്കി 33 കോടിയോളം ബോക്‌സ് ഓഫീസ് കളക്ഷന്‍ വാരിയ ഈ ചിത്രം ‘അമ്മ’യുടെ ഖജനാവ് നിറയ്ക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു. സിഐഡി മൂസ, കഥാവശേഷന്‍, പാണ്ടിപ്പട, മലര്‍വാടി ആര്‍ട്‌സ് ക്ലബ്, ദി മെട്രോ, ലവ് 24*7, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലും ദിലീപ് നിര്‍മ്മാതാവായി.

മറ്റു സൂപ്പര്‍ താരങ്ങളില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാരനായി സാധാരണക്കാര്‍ക്കിടയില്‍ ജീവിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു. നിരവധി പേരെ സാമ്പത്തികമായി ദിലീപ് സഹായിച്ചിരുന്നു. നടി കെപിഎസി ലളിതയും കൊച്ചിന്‍ ഹനീഫയുടെ ഭാര്യയും ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു.
ഇതിനിടയില്‍ കുടുംബ ജീവിതത്തില്‍ തിരിച്ചടികളും 2014ല്‍ മഞ്ജുവാര്യരുമായുള്ള വിവാഹ മോചനവും ശേഷം കഴിഞ്ഞവര്‍ഷം കാവ്യാ മാധവനുമായുള്ള വിവാഹവും ദിലീപിനെ വിവാദ നായകനാക്കി. തുടര്‍ന്നാണ് നടി ആക്രമിക്കപ്പെടുന്നതും കേസില്‍ ദിലീപിന്റെ പേരുയര്‍ന്നുവരുന്നതും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ