Latest News

അവളുടെ മരണവിധിയിൽ ഒപ്പിട്ടു ഞാൻ; ഭാര്യയുടെ മരണനിമിഷങ്ങളെ കുറിച്ച് ദേവൻ

” ഇനി ഞങ്ങൾക്കു ഒന്നും ചെയ്യാനില്ല. എല്ലാ മെഡിസിനും നിർത്തി. ഇനി ജീവൻ രക്ഷോപാധികൾ നീക്കം ചെയ്യണം. അത് തീരുമാനിക്കേണ്ടത് നിങ്ങളാണ്”

Devan and wife

രണ്ടു വർഷം മുൻപ് ഒരു ജൂലൈ മാസത്തിലായിരുന്നു നടനും രാഷ്ട്രീയ പ്രവർത്തകനുമായ ദേവന്റെ ഭാര്യ സുമയുടെ മരണം. ഭാര്യയുടെ അന്ത്യനിമിഷങ്ങളെ കുറിച്ചുള്ള ദേവന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രശസ്ത സിനിമാ സംവിധായകന്‍ രാമു കാര്യാട്ടിന്റെ മകൾ കൂടിയാണ് സുമ.

ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ചാണ് ദേവൻ കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. ദേവന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

ഇന്ന് ഡോക്ടർസ് ഡേ. ലോകത്തിലെ എല്ലാ ഡോക്ടർമാർക്കും ഈ ദിനത്തിൽ എന്റെ ആശംസകൾ.

ആദ്യം ഓർമയിൽ വരുന്ന ഡോക്ടർ, ആറാം വയസ്സിൽ ‘ഡിഫ്ത്തീരിയ’ എന്ന മാരകമായ രോഗം (തൊണ്ടയിൽ പഴുപ്പുവന്നു ശ്വാസം തടസ്സപ്പെട്ടു മരിക്കുന്ന രോഗം) ചികിത്സിച്ചു എനിക്ക് ജീവൻ തിരിച്ചു തന്ന ഡോ. സണ്ണി ആണ്. ഒരു ഡോക്ടർ ദൈവമാകുന്ന ചില നിമിഷങ്ങൾ.

പിന്നെ എന്റെ മുന്നിൽ ഒരു ഡോക്ടർ ദൈവമാകുന്ന നിമിഷങ്ങൾ എന്റെ അളിയൻ ( ചേച്ചിടെ ഭർത്താവ് ) ഡോ. രവീന്ദ്രനാഥന്റെ കൂടെ ഉള്ളതാണ്. എന്റെ ജീവിതത്തിൽ ഞാൻ കണ്ട എറ്റവും പ്രഗത്ഭനായ ഡോക്ടർ, ഒരു മെഡിക്കൽ മാന്ത്രികൻ. സമാനതകളില്ലാത്ത കഴിവും മനസ്സും ഉള്ള ഡോക്ടർ… പക്ഷെ 42-ാം വയസ്സിൽ അളിയനെ ദൈവം വിളിച്ചുകൊണ്ടുപോയി.

നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ?? ഉണ്ട്, ഒരു ഡോക്ടറെയും നഴ്സിനെയും ചൂണ്ടിക്കാണിച്ചു നമുക്കു പറയാം. അങ്ങനെ ദൈവത്തെപ്പോലെ ഉള്ള ആ നല്ല മനുഷ്യരുടെ ദിനമായി ജൂലൈ ഒന്ന് നമ്മൾ ഓർക്കുന്നു. അവരുടെ സേവനം മനുഷ്യർക്കു ഒരു കാലത്തും മറക്കാനാവില്ല. ആ നല്ല മനുഷ്യർക്ക്‌ അഭിവാദ്യങ്ങളും ആദരവും അർപ്പിക്കുന്നു ഈ ദിനത്തിൽ…

ഇതെഴുതിക്കഴിഞ്ഞപ്പോൾ മനസ്സിൽ വന്ന ഒരു ദുഖത്തിന്റെ കഥ കൂടി നിങ്ങളോട് പറയാൻ തോന്നുന്നു എനിക്ക്… കോവിഡിനു മുൻപ്, ജൂലൈ 2019. കൊച്ചിയിലെ ഒരു സ്വകാര്യ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിലെ സിസിയുവിനു പുറത്ത് ആകാംക്ഷയോടെ കാത്തിരികയാണ് ഞങ്ങൾ. ഞാൻ, ചേച്ചി, രവിച്ചേട്ടൻ, ബാബു, ലിവി, ലതിക, ലച്ചു, സുനിൽ…. ഗ്ലാസ്‌ വാതിലിന്റെ ദ്വാരത്തിലൂടെ ഇടയ്ക്കിടെ ഞാൻ അകത്തേക്ക് നോക്കുന്നുണ്ട്.

മുഖത്തും ശരീരത്തിലുമല്ലാം മെഡിക്കൽ ട്യൂബുകൾ ഫിക്സ് ചെയ്തു കിടക്കുകയാണവൾ, എന്റെ സുമ… കഴിക്കാൻ പാടില്ലെന്നു ഡോക്ടർ പറഞ്ഞ ഐസ് ക്രീം കഴിച്ചു അലർജിയായി ശ്വാസം തടസ്സപ്പെട്ടു വളരെ ക്രിട്ടിക്കൽ ആയി കിടക്കുകയാണവൾ. മൂന്നാം ദിവസം റൂമിലേക്ക്‌ മാറ്റി. ഡോക്ടർ പറഞ്ഞു “ഇന്നുകൂടി നോക്കിട്ടു നാളെ ഡിസ്ചാർജ് ചെയ്യാം”. അവളൊന്ന് ചിരിച്ചു, ഞങ്ങളും…

പിറ്റേ ദിവസം രാവിലെ അവൾക്കു ശ്വാസം തടസ്സപ്പെട്ടു. സിസിയുവിലേക്ക് വീണ്ടും മാറ്റി. ഡോക്ടർ ചോദിച്ചു “കഴിഞ്ഞ ദിവസങ്ങളിൽ ആൾക്കൂട്ടമുള്ള സ്ഥലത്ത് സുമ പോയിരുന്നോ? “

“ഇല്ല. അവളെങ്ങനെ പുറത്തുപോകാറില്ല…” ഞാൻ പറഞ്ഞു.
” എച്ച് വൺ എൻ വൺ (H1 N1) എന്ന വൈറസ് ഇൻഫെക്ഷൻ ആയിരിക്കുന്നു, നമുക്ക് നോക്കാം “
ഞാൻ ഉറപ്പിച്ചു പറഞ്ഞു, “അവൾ പുറത്തുപോയിട്ടില്ല. പിന്നെ എങ്ങനെ ഇൻഫെക്ഷൻ ഉണ്ടാവും?” വലിയ ചോദ്യം! ഇതെഴുതാനുള്ള പ്രധാന കാരണം ഈ ചോദ്യമാണ്.

എന്റെ സുഹൃത്തുകളായ ഡോക്ടർമാരെ വിളിച്ചുവരുത്തി. അവരും സ്ഥിരീകരിച്ചു, എച്ച് വൺ എൻ വൺ ഇൻഫെക്ഷൻ ആണെന്ന്.
രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ബോധ്യമായി, പുറത്തു നിന്നല്ല ഇൻഫെക്ഷൻ, അകത്തുനിന്ന് തന്നെ ആണെന്ന്, സിസിയുവിൽ നിന്ന്…
അങ്ങനെ 30-ാം ദിവസം ഒരു യുദ്ധം തന്നെ ആയിരുന്നു. വെന്റിലേറ്ററിൽ നിന്നും എക്മോ എന്നാ ഭീകരയന്ത്ര ത്തിലേക്കു അവളെ മാറ്റി. അഞ്ച് ശതമാനം മാത്രം പ്രതീക്ഷ. എന്നാലും ഡോക്ടർമാർ പറഞ്ഞതെല്ലാം ചെയ്തു. മരുന്നുകളുടെ മയക്കം വിടുമ്പോൾ, വിളിക്കുമ്പോൾ വിളി കേൾക്കുന്നുണ്ടോ എന്നറിയാൻ അടുത്തുപോയി വിളിക്കാൻ പറഞ്ഞു. അവളുടെ ചുറ്റും നിന്നും മോളെ, മോളെ, മോളെ എന്ന് ഞാൻ വിളിച്ചു. സുമേ, സുമേ എന്ന് ചേച്ചിയും ലിവിയും, അമ്മേ അമ്മേ എന്ന് ലച്ചുവും നിർത്താതെ മണിക്കൂറുകളോളം വിളിച്ചു. നിറഞ്ഞു വരുന്ന കണ്ണുനീർ പൊട്ടി വീഴാതെ നോക്കുകയായിരുന്നു എല്ലാവരും… അവൾ പാതി അടഞ്ഞ കണ്ണുകൾ തുറക്കാൻ ശ്രമിക്കുണ്ട്, പക്ഷേ അവൾക്കതിനു കഴിയുന്നില്ല.. ഞാൻ തിരിഞ്ഞുനോക്കി. ഈ രംഗം കണ്ടു കണ്ണ് തുടക്കുന്ന നേഴ്സുമാരെ കണ്ടു. അവരുടെ മുഖഭാവത്തിന്റെ ആ അർത്ഥം എനിക്ക് മനസ്സിലായി. ഇനി അവൾ ഒരിക്കലും വിളികേൾക്കില്ലെന്ന്.
എക്മോ ഉപയോഗിച്ചു തുടങ്ങി പതിനാലാമത്തെ ദിവസം. കോൺഫറൻസ് റൂമിൽ എന്നെ വിളിച്ചു ഡോക്ടർമാർ ചോദിച്ചു. “ആർ യൂ പ്രിപ്പയേർഡ് ദേവൻ?” ഉടനെ ഉത്തരം പറഞ്ഞു. യെസ് ഡോക്ടർ.
” ഇനി ഞങ്ങൾക്കു ഒന്നും ചെയ്യാനില്ല. എല്ലാ മെഡിസിനും നിർത്തി. ഇനി ജീവൻ രക്ഷോപാധികൾ നീക്കം ചെയ്യണം. അത് തീരുമാനിക്കേണ്ടത് നിങ്ങളാണ്. “

ഞാൻ നേരെ ചേറ്റുവായിലെ തറവാട് അമ്പലത്തിൽ പോയി. എല്ലാ വിളക്കുകളും തെളിയിച്ചു. സർവലങ്കാരത്തോടെ ദേവിയുടെ നടയിൽ നിന്ന് ഞാൻ പ്രാർത്ഥിച്ചു. സഹിക്ക വയ്യാത്ത വേദനയോടെ ഞങ്ങളുടെ വിളി കേട്ടു മിണ്ടാൻ കഴിയാതെ കണ്ണുതുറക്കാൻ ശ്രമിക്കുന്ന എന്റെ സുമയുടെ മുഖം ഞാൻ കാണുന്നുണ്ട് അപ്പോൾ. ” മതി അമ്മേ മതി, ഇനി വയ്യ അവളുടെ വേദന… അവളെ തിരിച്ചെടുത്തോളൂ, ഈ തൃപ്പാദങ്ങളിൽ അവളെ സമർപ്പിക്കുന്നു”. എന്റെ പ്രാർത്ഥന ഇതായിരുന്നു.
ഉച്ചയോടെ ഞാൻ ഡോക്ടർമാരുടെ മുൻപിലെത്തി. അവളുടെ മരണ വിധിയിൽ ഒപ്പിട്ടു ഞാൻ. വൈകുന്നേരം അറിയിപ്പ് വന്നു, എല്ലാം അവസാനിച്ചു എന്ന്.

ഇത്രയും വിശദികരിച്ചു എന്റെ അനുഭവം എഴുതാൻ കാരണം എന്നെപോലെ ഇത് വായിക്കുന്ന ഭൂരിപക്ഷം പേർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടാവും. എത്ര പണമുണ്ടായാലും സ്വാധീനം ഉണ്ടായാലും നമ്മൾ എല്ലാവരും തുല്യരാണ്, നിസ്സഹായരാണ് വേദനകളുടെ കാര്യത്തിൽ…
ഈ നല്ല ദിനത്തിൽ ആശംസകളോടൊപ്പം ഒരപേക്ഷ കൂടി ഉണ്ട് ഡോക്ടർമാരോട്… ഞങ്ങളുടെ ഈ നിസ്സഹായത, അറിവില്ലായ്മ നിങ്ങൾ ഒരിക്കലും മുതലാക്കരുത്. നിങ്ങളിൽ നല്ലവരാണ് കൂടുതലും… പക്ഷെ നല്ലവരല്ലാത്തവരും ഉണ്ട്… അവരോടാണ് ഈ അപേക്ഷ…. ചികിൽസിച്ചു മാറ്റാവുന്ന രോഗികളെ പണമില്ലാത്തതിന്റെ പേരിൽ ഉപേക്ഷിക്കരുത്. അതുപോലെ, ചികിത്സിച്ചു രക്ഷയില്ലെന്ന് നിങ്ങൾ കണ്ടെത്തിയാൽ അവരെ മരിക്കാൻ അനുവദിക്കണം.
ഇനി മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി മാനേജ്മെന്റിനോട് ഒരപേക്ഷ. നിങ്ങളുടെ ഐസിയു, സിസിയു മോഡിഫൈ ചെയ്യണം. ഒരു വിശാലമായ ഹാളിൽ പ്ലാസ്റ്റിക് കർട്ടൻ ഇട്ട് വളരെ ക്രിട്ടിക്കൽ ആയ രോഗികളെ കിടത്താതെ, ഒരു രോഗിയുടെ ഇൻഫെക്ഷൻ മറ്റു രോഗികൾക്കു പകരാത്ത രീതിയിൽ ഓരോ രോഗിയേയും നല്ല എയർ ടൈറ്റ് കംപാർട്ട്മെന്റായി ആയി തിരിച്ചു നിലവിലുള്ള സംവിധാനത്തിൽ മാറ്റം വരുത്തണം.നല്ല സീനിയർ ഡോക്ടർമാർ വിചാരിച്ചാൽ നടപ്പിലാക്കാൻ കഴിയും. ഈ കോവിഡ് കാലഘട്ടത്തിൽ, എത്രയോ റിസ്ക് എടുത്തു സ്വന്തം ജീവൻ പോലും പണയം വെച്ചു സേവനമനുഷ്ടിക്കുന്ന നമ്മുടെ എല്ലാ ഡോക്ടർമാർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor devan about his wife suma death

Next Story
നിലയുടെ പുതിയ കൂട്ടുകാരി; വീഡിയോയുമായി പേളിPearle Maaney, Pearle Maaney daughter nila, pearle daughter nila, pearle nila, Pearle Maaney Srinish wedding anniversary, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maaney instagram, srinish aravind, Pearle Maaney srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video
The moderation of comments is automated and not cleared manually by malayalam.indianexpress.com