‘ഹൽക്ക്’ എന്ന അമേരിക്കൻ ചലച്ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സംവിധായകൻ വിനയൻ ഒരുക്കിയ ചിത്രമായിരുന്നു അതിശയൻ. സൂപ്പർ ഹീറോയായി മാറുന്ന ഒരു കുട്ടിയുടെ കഥ പറഞ്ഞ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി. ഒപ്പം ചിത്രത്തിൽ മനോഹരമായ ചിരിയും തുടുത്ത കവിളുകളുമായെത്തിയ മാസ്റ്റർ ദേവദാസിന്റെ കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടി. ഏതാൾക്കൂട്ടത്തിനിടയിലും ആളുകൾ ആ കുട്ടിയെ തിരിച്ചറിയുകയും സ്നേഹത്തോടെ ‘അതിശയബാലൻ’ എന്ന് വിളിക്കുകയും ചെയ്തു. ‘ആനന്ദഭൈരവി’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ആ കുട്ടിയെ പിന്നെ സിനിമയിൽ എവിടെയും കണ്ടില്ല, ദേവദാസിന്റെ അച്ഛനും നടനും നിർമ്മാതാവുമായ രാമുവിന്റെ അഭിമുഖങ്ങളിലും കുടുംബഫോട്ടോകളിലുമല്ലാതെ. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആ അതിശയൻ പയ്യൻ മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്. നാളെ റിലീസിനെത്തുന്ന ‘കളിക്കൂട്ടുകാർ’ എന്ന ചിത്രത്തിലൂടെ നായകനായിട്ടാണ് ദേവദാസിന്റെ രണ്ടാം വരവ്.

മുംബൈയിലെ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ബി എസ് സി ഫിലിം മേക്കിംഗ് പഠിക്കുകയാണ് ദേവദാസ് ഇപ്പോൾ. അച്ഛനെ പോലെ സിനിമാ നിർമ്മാണത്തിലും താൽപ്പര്യമുള്ള ദേവദാസ് സിനിമാ പ്രൊഡക്ഷൻ ആണ് ഐച്ഛികവിഷയമായി തെരെഞ്ഞെടുത്തിരിക്കുന്നത്. സിനിമയിലേക്കുള്ള രണ്ടാം വരവിനെ കുറിച്ചും പുതിയ ചിത്രത്തെ കുറിച്ചുമൊക്കെ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് ദേവദാസ്.

ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് രണ്ടു ചിത്രങ്ങൾക്കു ശേഷം അപ്രത്യക്ഷനായി, ഇപ്പോൾ വരുന്നത് വീണ്ടും നായകനായി. എവിടെയായിരുന്നു ദേവദാസ്?

‘ആനന്ദ് ഭൈരവി’യ്ക്ക് ശേഷം നല്ല കഥാപാത്രങ്ങളൊന്നും വരാത്തതു കൊണ്ട് അച്ഛനാണ് പറഞ്ഞത്, ഇതിലേക്ക് ഇറങ്ങേണ്ട, സിനിമയൊക്കെ വിട്ട് നീ പഠിച്ചാൽ മതിയെന്ന്. ഇത്രനാളും പഠനവുമാക്കെയായി മുന്നോട്ട് പോവുകയായിരുന്നു. ഞാനിപ്പോൾ മുംബൈയിൽ സിനിമ പഠിക്കുകയാണ്, പ്രൊഡക്ഷൻ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇടയ്ക്ക് സിനിമയിൽ നിന്നും കുറേ ഓഫറുകൾ വന്നിരുന്നെങ്കിലും എനിക്കൊരു കോൺഫിഡൻസ് ഇല്ലായിരുന്നു അന്ന്. പെർഫോം ചെയ്യാനും അധികമൊന്നുമില്ലായിരുന്നു. ഈ ചിത്രത്തിൽ കുറച്ചുകൂടി പെർഫോം ചെയ്യാനുള്ള സന്ദർഭങ്ങളുണ്ട്. അതാണ് ഓകെ പറഞ്ഞത്. പ്രണയം, സൗഹൃദം, ആക്ഷൻ, ഇമോഷൻ എല്ലാം ഉണ്ട് ഈ ചിത്രത്തിൽ. എനിക്കുമൊരു ലേണിംഗ് എക്സ്പീരിയൻസ് ആവും ഈ ചിത്രം.”

നായകനായി അഭിനയിക്കുമ്പോൾ ടെൻഷൻ കൂടുതലാണെങ്കിലും സിനിമാലോകത്തേക്ക് തിരിച്ചുവരാൻ പറ്റിയതിൽ സന്തോഷമുണ്ടെന്ന് ദേവദാസ് പറയുന്നു. “കുട്ടിക്കാലത്ത് അഭിനയിക്കുമ്പോൾ ഡയറക്ടർ പറയുന്നത് എന്താണോ അതുപോലെ ചെയ്തുവയ്ക്കുകയായിരുന്നു. ഇപ്പോൾ സിനിമ പഠിക്കുകയും കൂടി ചെയ്യുന്നതുകൊണ്ട് കുറച്ചുകൂടി മനസ്സിലാവുന്നുണ്ട്. കുഞ്ഞുനാളിലെ മനസ്സിലേക്ക് കയറി കൂടിയ സിനിമയുടെ ലോകത്തേക്ക് തിരിച്ചുവരാൻ പറ്റിയതിൽ സന്തോഷമുണ്ട്.”

“ആനന്ദ് എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. എൽകെജി മുതൽ കോളേജ് മുതൽ ഒന്നിച്ചു പഠിക്കുന്ന ആറു സുഹൃത്തുക്കളുടെ സൗഹൃദവും നായകനായ ആനന്ദിന്റെ ജീവിതത്തിലെ സംഭവവികാസങ്ങളും പ്രണയവുമൊക്കെയാണ് കഥ. ഞങ്ങൾ ആറുപേരും പുതുമുഖങ്ങളാണ്. തൃശൂരും വാഗമണും ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. തെലുങ്ക് സിനിമയിൽ ഒക്കെ സജീവമായ പാർവ്വതിയാണ് നായിക. ത്രില്ലറും പ്രണയവും ആക്ഷനുമെല്ലാം ഉള്ള ഒരു എന്റർടെയിനറർ ആണ് ‘കളിക്കൂട്ടുകാർ’,” ചിത്രത്തിന്റെ വിശേഷങ്ങൾ ദേവദാസ് പങ്കുവെച്ചു.

“‘അതിശയൻ’ ഇറങ്ങിയ സമയത്ത് എവിടെ പോയാലും ആളുകൾ തിരിച്ചറിയുമായിരുന്നു. ഇപ്പോഴും വല്ലപ്പോഴുമൊക്കെ തിരിച്ചറിയാറുണ്ട്. തിരിച്ചറിഞ്ഞാൽ പിന്നെ അത്ഭുതത്തോടെയാണ് നോക്കുക, നീയിത്ര വലുതായോ എന്നാണ് ചോദിക്കുന്നത്,” ദേവദാസ് കൂട്ടിച്ചേർത്തു. നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നതിനാൽ അൽപ്പം ടെൻഷനുണ്ടെന്നും ദേവദാസ് പറയുന്നു. “പഴയതു പോലെ ആളുകൾക്ക് ഇഷ്ടമാവുമോ, എന്നെ സ്വീകരിക്കുമോ തുടങ്ങിയ ടെൻഷനുകളുണ്ട്.”

ദേവദാസിന്റെ അച്ഛനും പ്രമുഖ നടനുമായ ഭാസി പടിക്കല്‍ (രാമു) ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ദേവാമൃതം സിനിമ ഹൗസ് ആണ് ചിത്രം നിർമ്മിക്കുന്നത്. പി കെ ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദേവദാസിനെ കൂടാതെ നിധി, ആല്‍വിന്‍, ജെന്‍സണ്‍ ജോസ്, സ്നേഹ സുനോജ്, ഭാമ എന്നിവരും ചിത്രത്തിലുണ്ട്. ഒപ്പം പ്രമുഖ താരങ്ങളായ സലിംകുമാര്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ബൈജു, ഷമ്മി തിലകന്‍, രാമു, ശിവജി ഗുരുവായൂര്‍, , വിവേക് ഗോപന്‍, സുനില്‍ സുഖദ, സുന്ദര പാണ്ഡ്യന്‍, ബിന്ദു അനീഷ്, രജനി മുരളി , ഐറിന്‍, ലക്ഷ്മി പ്രമോദ് എന്നിവരും ചിത്രത്തിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook