മീടൂ ക്യാമ്പെയ്നിന് പിന്തുണ പ്രഖ്യാപിക്കുകയാണ് നടിയും നർത്തകിയുമായ ശോഭന. തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാകാൻ സഹായിക്കുന്ന ഒരു ചുവടുവെപ്പായി മീടൂവിനെ കാണുന്നുവെന്ന് ശോഭന അഭിപ്രായപ്പെടുന്നു.

” അതെ! ‘മീടൂ’വിന് ഒപ്പം. ‘മീടൂ’ മൂവ്മെന്റിൽ സ്ത്രീകൾ അവർക്കെതിരെയുള്ള എല്ലാതരം ലൈംഗിക അതിക്രമങ്ങളോടും ശബ്ദമുയർത്തികൊണ്ട് പ്രതികരിക്കുകയാണ്. ഭാവിയിൽ നിരവധി സ്ത്രീകൾക്ക് സൗഹാർദ്ദപരമായ തൊഴിലിടങ്ങൾ ഒരുക്കാനുള്ള ചുവടുവെപ്പായി ‘മീടൂ’ മാറുമെന്ന് എനിക്കുറപ്പുണ്ട്. നന്ദി,” ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ശോഭന തന്റെ നിലപാട് വ്യക്തമാക്കുന്നു.

നേരത്തെ #മീടൂ’ എന്ന ഹാഷ്‌ടാഗ് താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ആ പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ പിൻവലിച്ചതിനു ശേഷമാണ് വിശദമായ കുറിപ്പ് ശോഭന പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘#മീടൂ’ എന്ന ഹാഷ്‌ടാഗ് ആരാധകരിൽ ആശയക്കുഴപ്പമുണ്ടാക്കുകയും പുതിയ ‘മീടൂ’ വെളിപ്പെടുത്തൽ നടത്തുകയാണ് എന്ന രീതിയിൽ ആരാധകർ പോസ്റ്റിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പോസ്റ്റ് പിൻവലിച്ച് പുതിയ വിശദീകരണ കുറിപ്പ് താരം പോസ്റ്റ് ചെയ്തത്.

ആദ്യത്തെ പോസ്റ്റ് പൂർണ്ണമാകും മുൻപ് അബദ്ധവശാൽ പബ്ലിഷ് ചെയ്യപ്പെട്ടതാവാം എന്നാണ് ആരാധകരുടെ അനുമാനം. സാംസങ്ങ് ഫോണും ബിഎസ്എൻഎൽ നെറ്റുമാണോ ഉപയോഗിക്കുന്നത്, ‘ഹാങ്സങ്’ ആണോ ഫോൺ തുടങ്ങിയ രസകരമായ കമന്റുകളും വിശദീകരണ പോസ്റ്റിനു നന്ദിയുമൊക്കയായി ആരാധകർ പോസ്റ്റ് ഏറ്റെടുത്തു കഴിഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ