അടിമുടി നൃത്തമായവൾ എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന ഒരേ ഒരു അഭിനേത്രിയേ മലയാളസിനിമയ്ക്കുള്ളൂ, അത് ശോഭനയാണ്. 53-ാം വയസ്സിലും ഊർജ്ജസ്വലതയോടെ, നിറഞ്ഞ പാഷനോടെ തന്റെ നൃത്ത സപര്യ തുടരുകയാണ് ശോഭന, ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികൾക്ക് ശോഭന. അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് തനിക്കേറ്റവും പ്രിയപ്പെട്ട നൃത്തത്തിന്റെ ലോകത്ത് സജീവമായി തുടരുകയാണ് ഈ കലാകാരി.
സിനിമയിലും നൃത്തത്തിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച കലാകാരിയാണ് ശോഭന. സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്നാണ് നൃത്തത്തിലേക്കും അഭിനയത്തിലേക്കും എത്തുന്നത്. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് ശോഭന. ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യയാണ് ശോഭന. ഇന്ന് ചെന്നൈ ‘കലാര്‍പ്പണ’യിലെ ഒരുപറ്റം വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഗുരു.

Read more: നിങ്ങളല്ലാതെ മറ്റാരും ആ ലിപ്‌സ്റ്റിക് അണിയാൻ ധൈര്യപ്പെടില്ല; ശോഭനയോട് ആരാധിക
1980ൽ തമിഴ് സിനിമയിലൂടെയാണ് ശോഭന അരങ്ങേറ്റം കുറിച്ചത്. പിന്നീട്, നായികയായി അരങ്ങേറ്റം കുറിച്ചത് ബാലചന്ദ്രമേനോന്റെ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി എത്രയോ ചിത്രങ്ങൾ, ശോഭന എന്ന പേര് പ്രേക്ഷകരുടെ മനസ്സുകളിൽ പച്ചകുത്തിയതുപോലെ പതിയുകയായിരുന്നു.
അഴകും പ്രതിഭയും ഒത്തിണങ്ങിയ നായിക എന്ന രീതിയിൽ മാത്രമല്ല ശോഭന ശ്രദ്ധേയയാവുന്നത്, അപൂർവ്വസുന്ദരമായൊരു വ്യക്തിത്വം കൂടി അവർക്ക് അവകാശപ്പെടാനുണ്ട്. അഭിമുഖങ്ങളിലും മറ്റും വളരെ ഇന്റലിജന്റായും സുവ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും സംസാരിക്കുന്ന ഒരാൾ കൂടിയാണ് ശോഭന. ബാലചന്ദ്ര മേനോൻ വിളിച്ചില്ലായിരുന്നെങ്കിൽ എന്തായേനെ എന്ന് നേരെ ചൊവ്വെയിൽ ജോണി ലൂക്കോസ് ചോദിച്ചപ്പോൾ, ചിലപ്പോൾ രാജ് കപൂർ വിളിച്ചേനെയെന്നാണ് ശോഭന ഉത്തരമേകിയത്.
രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും നായികയായി ശോഭന തിളങ്ങി. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിലെ ഗംഗ ശോഭനയുടെ അഭിനയജീവിതത്തിലെ ഒരു മറക്കാത്ത ഏടാണ്. മണിച്ചിത്രത്താഴിന് പിൽക്കാലത്ത് വിവിധ തെന്നിന്ത്യൻ ഭാഷകളിൽ റീമേക്കുകൾ ഉണ്ടായി, പക്ഷേ അഭിനയത്തിൽ ഗംഗയും നാഗവല്ലിയുമുണ്ടാക്കി വച്ച ആ ഔന്നിത്യത്തെ മറികടക്കാൻ മണിച്ചിത്രത്താഴ് റീമേക്കിലെ മറ്റു നായികമാർക്കൊന്നും കഴിഞ്ഞില്ല എന്നതാണ് വാസ്തവം.
മേലേപറമ്പിൽ ആൺവീട്, പവിത്രം, കമ്മീഷ്ണർ, നാടോടിക്കാറ്റ്, പക്ഷേ, യാത്ര, ചിലമ്പ്, ഇന്നലെ, മിന്നാരം, മഴയെത്തും മുൻപെ, അഗ്നിസാക്ഷി, പപ്പയുടെ സ്വന്തം അപ്പൂസ്, തേന്മാവിൻ കൊമ്പത്ത്, ഹിറ്റ്‌ലർ, മാനത്തെ വെള്ളിത്തേര്, സിന്ദൂരരേഖ, മകൾക്ക്, തിര എന്നു തുടങ്ങി വരനെ ആവശ്യമുണ്ട് വരെ… എത്രയെത്ര ചിത്രങ്ങൾ, മലയാളി മറക്കാത്ത ഒരുപിടി ശോഭന കഥാപാത്രങ്ങൾ… പത്മരാജൻ, ഭരതൻ, അടൂർ, മണിരത്നം, കെ എസ് സേതുമാധവൻ, പി ജി വിശ്വംഭരൻ, ബാലു മഹേന്ദ്ര, ഐ വി ശശി, ജോഷി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ, സിബി മലയിൽ, ഫാസിൽ എന്നിങ്ങനെ തെന്നിന്ത്യയിലെ പ്രഗത്ഭരായ ഒട്ടുമിക്ക സംവിധായകർക്കൊപ്പവും ശോഭന പ്രവർത്തിച്ചിട്ടുണ്ട്.
പദ്മശ്രീ പുരസ്കാരവും അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും ശോഭന നേടി. രണ്ടു തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശോഭനയെ തേടിയെത്തിയത്. ഒപ്പം 14 ഫിലിംഫെയർ പുരസ്‌കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ കലൈമാമാണി പുരസ്കാരം , കേരള സംഗീത നാടക അക്കാദമിയുടെ കലാരത്‌ന പുരസ്‌കാരം , പത്മശ്രീ പുരസ്കാരം , മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം എന്നിങ്ങനെ ഒരുപിടി പുരസ്കാരങ്ങൾ വേറെയും.