scorecardresearch

നീ തടി വച്ചിട്ട് എന്നെ പറയരുത്; പ്രിയമുള്ളൊരാളുടെ ഓര്‍മ്മയില്‍ ശോഭന

അത്രമേല്‍ പ്രിയപ്പെട്ട ഒരാളെ ഓര്‍ക്കുകയാണ് നടിയും നര്‍ത്തകിയുമായ ശോഭന തന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ

നീ തടി വച്ചിട്ട് എന്നെ പറയരുത്; പ്രിയമുള്ളൊരാളുടെ ഓര്‍മ്മയില്‍ ശോഭന

അത്രമേല്‍ പ്രിയപ്പെട്ട ഒരാളെ ഓര്‍ക്കുകയാണ് നടിയും നര്‍ത്തകിയുമായ ശോഭന തന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ. വര്‍ഷങ്ങളായി തന്‍റെ നൃത്ത അവതരണങ്ങള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരുന്ന ‘അയ്യേലു ഗാരു’വിനെ സ്നേഹബഹുമാനങ്ങളോടെ ഓര്‍ക്കുകയാണ് താരം.

‘ചിത്രത്തില്‍ കാണുന്ന കോസ്റ്റ്യൂം തുന്നിയത് ഒരു മാസ്റ്റര്‍ ആണ് – ഞാന്‍ ‘അയ്യാലു ഗാരു’ എന്ന് വിളിച്ചിരുന്ന ആള്‍. തെയ്നാംപേട്ടിലെ തന്‍റെ ചെറിയ കടയില്‍ നിന്നും വരാന്‍ വിസമ്മതിച്ച ‘മാസ്റ്റര്‍ ടെയിലര്‍.’ ചമ്രം പടിഞ്ഞു ഇരിക്കുന്നതിന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ അദ്ദേഹത്തിനു ഇരിക്കാന്‍ നിലത്ത് വട്ടത്തില്‍ മുറിച്ച് ഒരു ‘ഹോള്‍’ ഉണ്ടാക്കേണ്ടി വന്നു. കാരണം സ്റ്റൂളില്‍ ഇരുന്നു പണിയെടുക്കില്ല എന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു.

ഒരിക്കല്‍ പോലും ‘കോസ്റ്റ്യൂം ട്രയലി’നായി ഞാന്‍ പോയിട്ടില്ല. ഇടവേള കഴിഞ്ഞു ഉടുക്കേണ്ട വേഷം ഇടവേള സമയത്ത് വന്നെത്തിയ ചില സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും കോസ്റ്റ്യൂം വൈകുകയോ പാകമാവാതെ വരുകയോ ഉണ്ടായിട്ടില്ല. ‘നീ തടി വച്ചിട്ട് എന്നെ പറയരുത്’ എന്ന് ഞാന്‍ ഓരോ തവണ ഓര്‍ഡര്‍ കൊടുക്കുമ്പോഴും അദ്ദേഹം എനിക്ക് മുന്നറിയിപ്പ് തരുമായിരുന്നു. ഞാന്‍ വണ്ണം വയ്ക്കുമായിരുന്നു താനും.’

വൈജയന്തി മാലയില്‍ തുടങ്ങി, ഒരു നീണ്ട നര്‍ത്തക പരമ്പരയ്ക്ക് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച ആളാണ് ഡി എസ് അയ്യേലു. നടിയും നര്‍ത്തകിയുമായ വൈജയന്തി മാലയുടെ പേര്‍സണല്‍ കോസ്റ്റ്യൂമര്‍ ആയി തുടങ്ങിയ അദ്ദേഹം പിന്നീട് ചെന്നൈയില്‍ ഡി എസ് അയ്യേലു ഡാന്‍സ് കോസ്റ്റ്യൂം ഡിസൈനര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങി. ഡി എസ് അയ്യേലുവിന്റെ മരണത്തെത്തുടര്‍ന്ന് (2017) അദ്ദേഹത്തിന്റെ മക്കളാണ് ഇപ്പോള്‍ ഇത് നടത്തുന്നത്.

സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

Read more: ഈ പ്രായത്തിലും എന്നാ ഒരിതാ; ശോഭനയുടെ പുതിയ ലുക്കിന് കയ്യടിച്ച് ആരാധകർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor dancer shobana remembers costumer d s aiyyelu