നടനും നടി മേഘ്നയുടെ ഭർത്താവുമായ ചിരഞ്ജീവി സർജ ഇനി ഓർമ. രാവിലെ ബസവൻഗുഡിയിലെ വസതിയിൽ പൊതുദർശനത്തിനു വെച്ച മൃതദേഹം, സഹോദരൻ ധ്രുവ് സർജയുടെ ഫാംഹൗസിൽ സംസ്കരിച്ചു.

ഇന്നലെയായിരുന്നു 39കാരനായ ചിരഞ്ജീവിയുടെ അപ്രതീക്ഷിത അന്ത്യം. ഏറെ നടുക്കത്തോടെയാണ് സിനിമാലോകം താരത്തിന്റെ മരണവാർത്ത കേട്ടത്. ഉച്ചയ്ക്ക് ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇദ്ദേഹത്തിന്റെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

നടൻ അർജുന്റെ സഹോദരിയുടെ മകനാണ് ചികഞ്ജീവി. 2009 ൽ തമിഴ് ചിത്രമായ സണ്ടക്കോഴിയുടെ റീമേക്കായ വായുപുത്രയിലൂടെയാണ് ചിരഞ്ജീവിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. അർജുനായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. പത്ത് വർഷത്തോളം നീണ്ട കരിയറിൽ 20 ലധികം സിനിമകളിൽ അഭിനയിച്ചു.

2018 ഏപ്രിൽ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും തമ്മിലുള്ള വിവാഹം. ‘ആട്ടഗര’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ തട്ടിയെടുക്കുന്നത്. മേഘ്ന മൂന്നുമാസം ഗർഭിണിയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Read more: കുഞ്ഞിനെ കാണാൻ കാത്തു നിൽക്കാതെ ചിരഞ്ജീവി പോയി; നെഞ്ചുപൊട്ടി മേഘ്ന

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook