Malayalam Actor Biju Menon Interview: നായകനായി ഒരു ചിത്രത്തിൽ അഭിനയിച്ച് ഹിറ്റ് അടിച്ചു നിൽക്കുമ്പോഴാകും വില്ലനായും നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രവുമായൊക്കെ വന്ന് ബിജു മേനോൻ പ്രേക്ഷകരെ ഞെട്ടിക്കുന്നത്. തൊട്ടു പിന്നാലെ ചിലപ്പോള്‍ സഹനടനായോ, നായകന്റെ അച്ഛനായോ ഒക്കെ ബിജു മേനോനെ കണ്ടെന്നും വരാം. ‘ഇമേജ് കോൺഷ്യസ്’ അല്ലാതെ, കഥാപാത്രങ്ങളുടെ ‘ഷെയ്ഡ്’ നോക്കാതെ, തനിക്കു മുന്നിലെത്തുന്ന റോളുകൾ സ്വീകരിക്കുന്ന, ഹാസ്യവും സീരിയസ് വേഷങ്ങളും വില്ലന്‍ വേഷങ്ങളുമൊക്കെ ഒരു പോലെ കൈകാര്യം ചെയ്യുന്ന അപൂർവ്വ നടന്മാരിൽ ഒരാളാണ് ബിജു മേനോൻ.
സിനിമയിലെത്തിയിട്ട് 24 വർഷങ്ങൾ പൂർത്തിയാക്കുന്ന ബിജു മേനോന്റെ പുതിയ ചിത്രം ‘മേരാ നാം ഷാജി’ തിയേറ്ററുകളിലെത്തുമ്പോൾ പുതിയ ചിത്രങ്ങളെ കുറിച്ചും മലയാള സിനിമയുടെ മാറുന്ന ഭാവുകത്വത്തെ കുറിച്ചുമൊക്കെ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് മനസ്സു തുറക്കുകയാണ് അദ്ദേഹം.
കോമഡിയ്ക്ക് പ്രാധാന്യമുള്ളൊരു ചിത്രമാണോ ‘മേരാ നാം ഷാജി’?
മൂന്നു ഷാജിമാര്‍ ഒരു സ്ഥലത്ത് വന്നുപെടുന്നതും അതുമായി ബന്ധപെട്ടുണ്ടാകുന്ന സംഭവങ്ങളുമൊക്കെയാണ് ‘മേരാ നാം ഷാജി’യെന്ന സിനിമ. ഹ്യൂമറിനു പ്രാധാന്യം നൽകുന്ന ചിത്രമാണിത്. എന്റെ കഥാപാത്രം കുറച്ച് ഗുണ്ടായിസം ഒക്കെ ഉള്ള ഒരാളാണ്, ഒരു കോഴിക്കോടൻ ഷാജി. ആസിഫിന്റെ കഥാപാത്രം കൊച്ചിക്കാരന് ആണ്, ബൈജു തിരുവനന്തപുരം ഷാജിയായെത്തുന്നു.
ഈ മൂന്നു ഷാജിമാരും തമ്മിൽ പ്രത്യേകിച്ച് ബന്ധങ്ങള്‍ ഒന്നുമില്ല. പക്ഷേ ഒരു സംഭവത്തില്‍ മൂന്നു പേരും ഒന്നിച്ചു വരുന്നു. അതാണ് കഥയുടെ ട്രാക്ക്. അവരു മൂന്നു പേരും പരസ്പരം അറിയാതെയുള്ള ഒരു കളിയാണ് ചിത്രം. കുറച്ചു ദിവസങ്ങൾക്കുള്ളില്‍ നടക്കുന്ന ഒരു കഥ, സിറ്റുവേഷന് കോമഡിയ്ക്ക് പ്രാധാന്യം നൽകിയൊരുക്കിയിരിക്കുന്നു. പൂർണമായും ഒരു എന്റർടെയിനറാണ്, അല്ലാതെ വളരെ ലോജിക്കൽ ആയിട്ടുള്ള കഥയല്ല. കുറച്ചു കെട്ടുകള്‍ ഉള്ളൊരു സിനിമയാണിത്. ഓരോന്നും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.
ഞാന്‍ ഈ കഥ രണ്ടു വർഷം മുൻപ് കേട്ടതാണ്. ആരൊക്കെ കഥാപാത്രങ്ങളെ ചെയ്യണം എന്നൊക്കെയുള്ള കൺഫ്യൂഷൻ കൊണ്ട് അന്നത് മാറി പോയി. പിന്നെ നാദിർഷ ഈ പടത്തില്‍ കോൺഫിഡന്റ് ആണെന്നു പറഞ്ഞു മുന്നോട്ടു വന്നു. ദിലീപ് പൊന്നൻ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഇരുവരും ചേർന്ന് കഥ വിശദമായി പറഞ്ഞുതന്നപ്പോൾ എനിക്കും കോൺഫിഡൻസ് തോന്നി. അങ്ങനെയാണ് കമ്മിറ്റ് ചെയ്യുന്നത്.
ബിജു മേനോൻ- ആസിഫ് അലി- ബൈജു, ആദ്യമായിട്ടല്ലേ ഇങ്ങനെയൊരു കോമ്പിനേഷൻ?
അതെ, ഞങ്ങൾ മൂന്നുപേരും ഒന്നിച്ചു വരുന്നത് ആദ്യമായിട്ടാണ്. ആസിഫിനൊപ്പം മുൻപ് അഭിനയിച്ചിട്ടുണ്ട്, എന്നാൽ ബൈജുവിനൊപ്പം അഭിനയിക്കുന്നത് ഇതാദ്യമായാണ്. ബൈജു വളരെ നല്ലൊരു ആർട്ടിസ്റ്റ് ആണ്, പുള്ളിയെ കൃത്യമായി സിനിമ ഉപയോഗപ്പെടുത്തിയിട്ടില്ല. കുറച്ചു കാലം സിനിമയിൽ നിന്നും മാറി നിന്നതിന് ശേഷം ബൈജു വീണ്ടും സജീവമാകുകയാണല്ലോ. മൂന്നു പേർക്കും ഏറെക്കുറെ തുല്യപ്രാധാന്യമുള്ള ഒരു ചിത്രമാണിത്. ‘വിജയ് സൂപ്പറും പൗർണമി’യുടെയും വിജയത്തിനു പിന്നാലെ ആസിഫ് ചെയ്യുന്ന സിനിമയാണ് ഇത്. ഞങ്ങളെല്ലാവരും വളരെ സന്തോഷത്തോടെ ചെയ്തൊരു സിനിമ.
പുതിയ പ്രോജക്റ്റുകൾ?
ലാൽ ജോസ് ചിത്രം ‘നാൽപ്പത്തിയൊന്നി’ന്റെ ലൊക്കേഷനിലാണ് ഇപ്പോൾ. ഇതൊരു റിയലിസ്റ്റിക് സിനിമയാണ്. പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രം എന്നുപറയാം. ‘അറബിക്കഥ’യൊക്കെ പോലെ ആ രീതിയില്‍ കാര്യങ്ങള്‍ ഹാൻഡിൽ ചെയ്യുന്നൊരു ചിത്രം. രഞ്ജിത്തിന്റെ നിർമ്മാണത്തിൽ സച്ചി സംവിധാനം ചെയ്യുന്ന ഞാനും പൃഥ്വിരാജും ഒരുമിക്കുന്ന ‘അയ്യപ്പനും കോശിയും’ ആണ് മറ്റൊരു ചിത്രം. അതിന്റെ എഴുത്ത് കഴിഞ്ഞു, ജൂലൈയില്‍ ചിത്രീകരണം തുടങ്ങും. പിന്നെ ജിബു ജേക്കബ് ചിത്രം ‘ആദ്യരാത്രി’. അതിന്റെ ചർച്ചകളും നടക്കുന്നു, മേയ് അവസാനമാവും ഷൂട്ട്.
Read More: ബിജു മേനോൻ ഈ സെറ്റിന്റെ ഐശ്വര്യം: ലാൽ ജോസ് പറയുന്നു

താങ്കളുടെ കരിയറിലെ ഏറെ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നല്ലോ ‘വെള്ളിമൂങ്ങ’. ആ കൂട്ടുക്കെട്ട് ‘ആദ്യരാത്രി’യെന്ന ചിത്രത്തിനു വേണ്ടി വീണ്ടും ഒരുമിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ് ?
അതെ, ‘വെള്ളിമൂങ്ങ’യുടെ ഒരു ബാധ്യത മുന്നിലുണ്ട് . മാക്സിമം നന്നാക്കാനുള്ള ഒരു ശ്രമത്തിലാണ്. ആളുകളുടെ പ്രതീക്ഷകള്‍ ഏറുമ്പോൾ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കണമല്ലോ. അതിന്റേതായ ചെറിയ ടെൻഷനുണ്ട്.
ഒരു സഹനടനായോ വില്ലനായോ അഭിനയിക്കുന്ന പോലെയല്ലല്ലോ നായകനാവുമ്പോൾ. എങ്ങനെയാണ് ആ ഉത്തരവാദിത്വത്തെ നോക്കി കാണുന്നത്?
നായകനായി അഭിനയിക്കുമ്പോൾ ഉത്തരവാദിത്വം വളരെ കൂടുതലാണ്. പലരീതിയിലും നമ്മള് വളരെ പ്രഷര്‍ ഉള്ളവരാവും. നമ്മള് നമ്മുടെ ഭാഗം ചെയ്തു പോവുന്നതു പോലെയല്ല, ഒരു സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെയുള്ള ഏരിയയില്‍ നമ്മള് ഉണ്ടാകണം. ഏറെ സമ്മർദ്ദങ്ങളുള്ള ഒരു ഏരിയയാണത്. പലപ്പോഴും എനിക്കത്ര പ്രഷര്‍ എടുക്കാന്‍ പറ്റില്ല. രണ്ടുപേരൊക്കെ കൂടെ ഉണ്ടെങ്കില്‍ എനിക്ക് സമാധാനമാണ്. ഷെയര്‍ ചെയ്യാന്‍ ആളുണ്ടല്ലോ.
നായകൻ- പ്രതിനായകൻ എന്നു തുടങ്ങി എല്ലാതരം റോളുകളും ചെയ്യുന്നുണ്ടല്ലോ. എന്താണ് കഥാപാത്രങ്ങളെ തെരെഞ്ഞെടുക്കുമ്പോൾ മാനദണ്ഡമായി കാണുന്നത്?
കഥയിലോ കഥാപാത്രങ്ങളിലോ നമ്മൾ മുൻപ് ചെയ്തതിൽ നിന്നും എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നാണ് ആദ്യം നോക്കുക. ബജറ്റ് കുറവുള്ള ചിത്രങ്ങളിൽ സ്വാഭാവികമായും ഒരു റിസ്ക് എടുക്കാൻ തയ്യാറാവും, എന്നാൽ ഇൻവെസ്റ്റ്മെന്റ് കൂടുതൽ ഉള്ള ചിത്രങ്ങളിൽ നിർമ്മാതാവിന്റെ ഭാഗത്തു നിന്നുള്ള എലമെന്റുകൾ കൂടി നോക്കും, വലിയ സാമ്പത്തിക ബാധ്യതകൾ വരുത്തി വയ്ക്കാതെ വർക്ക് ഔട്ട് ആവുമോ എന്നൊക്കെ നോക്കിയാണ് റിസ്ക് എടുക്കുന്നത്. ആളുകൾക്ക് ഇപ്പോൾ കൂടുതലും ലൈറ്റായ സിനിമകളാണ് ഇഷ്ടം എന്നു തോന്നിയിട്ടുണ്ട്. റിയലിസ്റ്റിക് പ്ലാറ്റ്ഫോമിലുള്ള രണ്ടര മണിക്കൂര്‍ ചിരിയോടെ ആസ്വദിക്കാവുന്ന സിനിമകളോട് ആളുകൾക്ക് ഇഷ്ടക്കൂടുതലുണ്ടെന്ന് തോന്നാറുണ്ട്.

പ്രേക്ഷകരുടെ അഭിരുചികള്‍ മാറുന്നതായി എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ?
തീർച്ചയായും ഉണ്ട്. നമ്മുടെ പ്രേക്ഷകര്‍ ഭാഷാ വ്യത്യാസം ഇല്ലാതെ എല്ലാ സിനിമകളും കാണുന്നവരല്ലേ? സ്വാഭാവികമായി സിനിമയോടുള്ള അവരുടെ ടേസ്റ്റിലും മാറ്റം വന്നിട്ടുണ്ടാവും. ആ മാറ്റങ്ങൾക്ക് അനുസരിച്ച് മാറാനുള്ള ശ്രമങ്ങൾ നടത്താറുണ്ട്. പിന്നെ നമുക്കു മുന്നിലെത്തുന്ന കഥകളില്‍ നിന്നല്ലേ തെരെഞ്ഞെടുക്കാൻ പറ്റൂ? വളരെ കുറച്ചു എഴുത്തുകാരെ നമുക്കിപ്പോൾ ഉള്ളൂ.
സമൂഹ മാധ്യമങ്ങൾ കൂടുതൽ സജീവമായ ഇക്കാലത്ത് സിനിമയോടുള്ള പ്രതികരണങ്ങളും മുൻപത്തെക്കാളും വ്യത്യാസപ്പെട്ടിരിക്കുമല്ലോ ?
സത്യമാണത്. അതിനു കാരണം എല്ലാവർക്കും സിനിമ അറിയാം എന്നതാണ്. നേരത്തെ പറഞ്ഞതു പോലെ, ഭാഷാ വ്യത്യാസം ഇല്ലാതെ എല്ലാ സിനിമകളും കാണുന്നവരാണ്. എന്തെങ്കിലും സാമ്യം വന്നാൽ പ്രേക്ഷകർ അത് പെട്ടെന്ന് ശ്രദ്ധിക്കും. അത് നല്ലൊരു കാര്യമാണ്. കാരണം അപ്പോള്‍ നമ്മളും അത്തരം കാര്യങ്ങള്‍ വരാതിരിക്കാന്‍ ശ്രമിക്കും. നമ്മുടെ ഭാഗത്ത് നിന്നും കുറേ കൂടി കഠിനാധ്വാനം ഉണ്ടാവും.
ഒരു കാലത്ത് സമാന്തര സിനിമകളുടെ ഭാഗമായി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്നല്ലോ. കുറച്ചു കാലമായി അത്തരം സിനിമകളിൽ നിന്നും മാറി കച്ചവ സിനിമയുടെ ട്രാക്കിൽ സഞ്ചരിക്കുന്നു.
സമാന്തര സിനിമകൾ ഞാനും ആഗ്രഹിക്കുന്നുണ്ട്. മുന്നില്‍ വരുന്ന സബ്ജെക്ടുകളില്‍ അത്തരം സിനിമകള്‍ തിരയാറുമുണ്ട്. സത്യം പറഞ്ഞാൽ, ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന വേഷങ്ങള്‍ എനിക്ക് ചെറുതായി ബോറടിച്ചു തുടങ്ങിയിട്ടുണ്ട്.
പരീക്ഷണ സിനിമകൾ മുന്നിലെത്തുമ്പോൾ അതിന്റെ സാമ്പത്തികപരമായ നേട്ടം കൂടി ശ്രദ്ധിക്കും, ചിത്രം നന്നായി വർക്ക് ഔട്ടായില്ലെങ്കിൽ അത് നിർമ്മാതാവിന് വലിയൊരു നഷ്ടമായിരിക്കും. കൊമേഴ്സ്യൽ ആയി വർക്ക് ഔട്ട് ആവുന്ന റിയലിസ്റ്റിക് ആയ ചില ചിത്രങ്ങളൊക്കെ വരുന്നുണ്ട് ഇപ്പോൾ. അതിൽ നിന്നും തെരെഞ്ഞെടുക്കണം. ഒരു വടക്കന്‍ സെല്‍ഫിയുടെ സംവിധായകന് ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രമൊക്കെ ആ കാറ്റഗറിയിൽ പെടുന്ന ചിത്രമാണ്. രണ്ടു മൂന്നു ദിവസം കൊണ്ട് നടക്കുന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണത്.
ഒരർത്ഥത്തിൽ എല്ലാ ചിത്രങ്ങളും പരീക്ഷണ ചിത്രങ്ങളാണ്. പ്രേക്ഷകരുടെ അഭിരുചികള്‍ വ്യത്യസ്തമാണ്. ചിലര്‍ പറയും, ചേട്ടന്റെ അടിപൊളി പടങ്ങള്‍ കാണാനാണ് ഇഷ്ടം, ബലം പിടിച്ചുള്ള സിനിമകള്‍ കാണാന്‍ താല്പര്യമില്ല എന്ന്. വേറെ ചിലർക്ക് പക്ഷേ ഗൗരവമുള്ള കഥാപാത്രങ്ങളായി കാണാനാവും താൽപ്പര്യം. നമ്മള് അതും ചെയ്യാന്‍ ബാധ്യസ്ഥരാണ്, ഇതും ചെയ്യാന്‍ ബാധ്യസ്ഥരാണ് എന്നാണ് അവസ്ഥ. എല്ലാവർക്കും ഇഷ്ട്ടപെടുന്ന രീതിയിലുള്ള സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. ‘കുമ്പളങ്ങി നൈറ്റ്സ്’ ഒക്കെ പോലുള്ള സിനിമകൾ.
ഫെസ്റ്റിവൽ സീസണിൽ ഒക്കെ ചിരിക്കാനുള്ള ചിത്രങ്ങള്‍ ആണല്ലോ കുട്ടികൾക്ക് കാണാനിഷ്ടം. അവധികാലത്തിനു ഓളം ഉണ്ടാക്കുന്ന ചിത്രങ്ങള്‍. അത്തരം ചിത്രങ്ങളുടെ തുടർച്ചയാണ് ‘മേരാ നാം ഷാജി’യൊക്കെ.
മകൻ ദക്ഷ് ധാർമികിന് താങ്കളുടെ ഏതു തരം ചിത്രങ്ങള്‍ കാണാനാണ് ഇഷ്ടം?
എന്റെ സിനിമകള്‍ അവൻ കാണുന്നത് കുറവാണ്. ഇംഗ്ലീഷ് – ഹിന്ദി സിനിമകൾ, അടിപൊളി ചിത്രങ്ങള്‍, ആനിമേഷൻ ചിത്രങ്ങൾ അതൊക്കെയാണ് അവനിഷ്ടം. മലയാളത്തിൽ ദുൽഖർ, നിവിൻ ഒക്കെയാണ് മകന്റെ പ്രിയപ്പെട്ട നടന്മാർ.
അച്ഛന്റെ സിനിമകള്‍ എന്നുള്ള സെന്റിമെൻസ് ഒന്നുമില്ലല്ലേ?
അങ്ങനെ ഒന്നുമില്ല, തീയേറ്ററില്‍ ഒക്കെ പോവുമ്പോൾ കാണുമെന്നു മാത്രം. എല്ലാവരും കയ്യടിക്കുന്നുണ്ടെങ്കിൽ അവനും കയ്യടിക്കും. ചിലപ്പോള്‍ അതിന്റെ ലോജിക് ഒക്കെ ചോദിച്ചു എന്നെ കളിയാക്കും. നമ്മളെ കളിയാക്കാന്‍ ഭയങ്കര ഇഷ്ട്ടമാണ് അമ്മയ്ക്കും മോനും… (ചിരിക്കുന്നു)
Read More: ബിജു ജീവിക്കാൻ പഠിപ്പിച്ചു: സംയുക്ത വർമ്മ

ഇമേജ് കോൺഷ്യസല്ലാത്ത ഒരു താരമാണ് താങ്കളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്?
ഞാന്‍ ആദ്യം മുതല്‍ തന്നെ പ്രായമുള്ള കഥാപാത്രമാണോ നെഗറ്റീവാണോ പോസിറ്റീവാണോ അങ്ങനെയൊന്നും നോക്കാറില്ല. നല്ല കഥാപത്രങ്ങള്‍ ചെയ്യണം എന്നാണ് അന്നും ഇന്നും ആഗ്രഹം . ഇപ്പോഴും അങ്ങനെ തന്നെയാണ് ഞാന്‍. കഥാപാത്രത്തിന്റെ പ്രായകൂടുതലിനെ കുറിച്ചൊന്നും ഞാൻ വേവലാതി പെടുന്നില്ല.
അന്യഭാഷാസിനിമകളിൽ നിന്നും ഏറെനാളായി മാറിനിൽക്കുകയാണല്ലോ. ബോധപൂർവ്വമാണോ ഈ മാറി നിൽക്കൽ?
ഇപ്പോൾ പറ്റുന്നില്ല, ഇവിടെ കുറച്ചു തിരക്കുള്ള സമയം ആണ്. കൂടുതല്‍ ദിവസങ്ങളും കേരളത്തിൽ ഉണ്ടാവേണ്ടതുണ്ട്. അവിടെ പോയി കഴിഞ്ഞാൽ എല്ലാം വലിയ സിനിമകള്‍ ആണ്. ഒരു വർഷത്തിൽ കൂടുതലൊക്കെ പലപ്പോഴായി ഡേറ്റ് കൊടുക്കേണ്ടി വരും. കഥാപാത്രത്തിന്റെ അപ്പിയറൻസ് ഒരു വർഷമൊക്കെ അവർക്കു വേണ്ടി മെയിന്റൈൻ ചെയ്യണം. മറ്റു സിനിമകൾ ചെയ്യുന്നതിൽ അതു ബുദ്ധിമുട്ടുണ്ടാക്കും. അന്യഭാഷാ സിനിമകളിൽ നിന്നും കൂടുതലും വരുന്നത് നെഗറ്റീവ് റോൾ ഓഫറുകളാണ്. ഒരുപാടു ഫൈറ്റ് ഒക്കെ ചെയ്യേണ്ടി വരും. അതൊക്കെ ടെൻഷനല്ലേ. 18 ദിവസം ഒക്കെയാണ് ചിലപ്പോള്‍ അവിടെ ഒരു ചെറിയ ഫൈറ്റ് സീൻ ചിത്രീകരിക്കാന്‍ എടുക്കുക.