മലയാളികളുടെ പ്രിയതാരം ഭാവനയുടെ പിറന്നാൾ ആണിന്ന്. ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സഹോദരൻ രാജേഷ് ബി.മേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് അതിമനോഹരമായ ഒരു ഫോട്ടോ ആണ്. ചെറുപ്പകാലത്തെ ചിത്രമാണിത്. പിറന്നാൾ ആശംസകൾ കാത്തീ എന്നാണ് അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. കാർത്തിക എന്നാണ് ഭാവനയുടെ യഥാർഥ പേര്.

നടി മഞ്ജു വാര്യരും ഭാവനയ്ക്ക് ജന്മദിനാശംസകൾ നേർന്നു.

രണ്ടുമാസത്തെ കോവിഡ് ലോക്ക്‌ഡൗണിനു ശേഷം മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് യാത്ര ഇളവുകൾ ലഭിച്ചതോടെ അമ്മയേയും സഹോദരനെയും കാണാൻ നാട്ടിലെത്തിയിരിക്കുകയാണ് ഭാവന. ബെംഗളൂരുവിലെ ഭർത്താവിന്റെ വീട്ടിൽ നിന്നും മുത്തങ്ങ അതിർത്തി വഴിയാണ് ഭാവന കേരളത്തിലെത്തിയത്. നാട്ടിലെത്തിയ ഭാവനയെ സ്രവ സാംപിൾ പരിശോധനയ്ക്ക് ശേഷം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.

Read More: ജൂണിലെ നിലാമഴയിൽ… പ്രണയനിമിഷങ്ങൾ പങ്കുവച്ച് ഭാവനയും നവീനും

മുത്തങ്ങ അതിർത്തി വരെ ഭർത്താവ് നവീനൊപ്പമാണ് ഭാവന എത്തിയത്. പിന്നീട് സഹോദരനൊപ്പം തിരിച്ചു. ചെക്ക് പോസ്റ്റിലെ പരിശോധനകൾക്ക് ശേഷം ഫെസിലിറ്റേഷൻ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്കും നടി വിധേയയായി.

നിര്‍മ്മാതാവായ നവീനെ വിവാഹം ചെയ്തതോടെയാണ് താരം കർണാടകയുടെ മരുമകളായി മാറിയത്. ലോക്ക്‌ഡൗണിൽ ബെംഗളൂരുവിലെ വീട്ടിലായിരുന്നു താരം.

2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമ്മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്. എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നു നിൽക്കലാണ് പ്രണയം എന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീൻ സകുടുംബം ബെംഗളൂരുവിലാണ് താമസം. അടുത്തിടെയായിരുന്നു ഇരുവരുടേയും രണ്ടാം വിവാഹ വാർഷികം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook