മലയാളത്തിന്റെ പ്രിയതാരം ഭാമ വിവാഹിതയായി. കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. ബിസിനസുകാരനായ അരുൺ ആണ് വരൻ. മിയ, സുരേഷ് ഗോപി എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ ഭാമയ്ക്ക് ആശംസകളുമായി എത്തി. ബുധനാഴ്ച നടന്ന മെഹന്തി ചടങ്ങുകളുടെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ദുബായിൽ ബിസിനസുകാരനായ അരുൺ ചെന്നിത്തല സ്വദേശിയാണ്. വീട്ടുകാർ ഉറപ്പിച്ച വിവാഹമാണെങ്കിലും ഇപ്പോൾ പ്രണയത്തിന്റെ മൂഡിലാണ് തങ്ങളെന്നും വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം സുന്ദരമാണെന്നും ഭാമ നേരത്തെ പറഞ്ഞിരുന്നു.
ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുൺ. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോവാൻ തനിക്ക് ആഗ്രഹമില്ലെന്നും കൊച്ചിയിൽ തന്നെ സെറ്റിൽ ചെയ്യാനാണ് ആഗ്രഹമെന്നും അരുണും കൊച്ചിയിൽ സെറ്റിൽ ചെയ്യാനുള്ള ശ്രമങ്ങളിലാണെന്നും ഭാമ പറഞ്ഞു.
Read More: മെഹന്ദി ചടങ്ങുകൾ ആഘോഷമാക്കി ഭാമ; ചിത്രങ്ങൾ
2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ‘ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ’ ആയിരുന്നു.
പിന്നീട് സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്. 2016ല്‍ റിലീസ് ചെയ്ത ‘മറുപടി’യാണ് അവസാനം റിലീസ് ചെയ്ത മലയാളചിത്രം. തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്.
ചിത്രങ്ങൾ: സൈനു വൈറ്റ്‌ലൈൻ ഇൻസ്റ്റഗ്രാം പേജ്