മാർച്ച് 7-ാം തീയതിയാണ് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. രണ്ടു മാസമായി ആശുപത്രി വാസത്തിലായിരുന്നു ബാല. ആശുപത്രിയിലായിരിക്കെ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ താരം ഒരു വീഡിയോയും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പൂർണ ആരോഗ്യവാനായി എത്തി തന്റെ ആരാധകരോട് നന്ദി അറിയിക്കുകയാണ് ബാല. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ബാല വീഡിയോ പങ്കുവച്ചത്.
“ഏകദേശം രണ്ടു മാസമായി ഞാൻ എന്റെ ആരാധകരോട് സംസാരിച്ചിട്ട്. നേരിട്ടു വന്ന് സംസാരിക്കണമെന്ന് തോന്നിയതു കൊണ്ടാണ് ഇപ്പോൾ ഇങ്ങനൊരു വീഡിയോ പങ്കുവയ്ക്കുന്നത്. എല്ലാവരുടെയും ആത്മാർത്ഥമായ സ്നേഹവും പ്രാർത്ഥനയും കൊണ്ട് ജീവിതം നല്ല രീതിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചു. ജീവിതത്തിൽ ജയിക്കാൻ പറ്റാത്ത ഒരു കാര്യം സ്നേഹമാണ്. എന്നെ ഇത്രയധികം ആളുകൾ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത് ആ നാലാം തീയതിയാണ്. എന്റെ 40-ാം പിറന്നാൾ ദിവസമായിരുന്നു അന്ന്” ബാല വീഡിയോയിൽ പറയുന്നു.
സമയം വലിയൊരു കാര്യമാണെന്ന് ഏതു സമയത്തും ജീവിതത്തിൽ എന്തു വേണമെങ്കിലും സംഭവിക്കാമെന്നും ബാല പറയുന്നു. “സമയത്തിന് കോടീശ്വരനെന്നോ ഭിക്ഷക്കാരനെന്നോ വ്യത്യാസമില്ല. പെട്ടെന്നൊരു നിമിഷത്തിലായിരിക്കും മാറ്റങ്ങൾ സംഭവിക്കുന്നത്. ജാതി-മത വ്യത്യാസമില്ലാതെ ഒരുപാട് കുട്ടികൾ എനിക്കു വേണ്ടി പ്രാർത്ഥിച്ചു അവരോടെല്ലാം ഞാൻ നന്ദി പറയുന്നു” ബാല കൂട്ടിച്ചേർത്തു. ആരോഗ്യവാനായി തിരിച്ചെത്തുമെന്നും ഉടൻ തന്നെ സിനിമയിൽ തന്നെ പ്രതീക്ഷിക്കാമെന്നും ബാല പറഞ്ഞു.
ബാലയുടെ ഭാര്യ എലിസബത്ത് കഴിഞ്ഞ ദിവസം താരത്തിന്റെ ആരോഗ്യസ്ഥിതി വിശദീകരിച്ചുള്ള വീഡിയോ ഷെയർ ചെയ്തിരുന്നു.
“കഴിഞ്ഞ ഒന്നു രണ്ടു മാസത്തോളമായി വിഷമം നിറഞ്ഞ അവസ്ഥയായിരുന്നു. ഒരുപാട് പേർ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചു, ചിലർ ഫോൺ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. എല്ലാവർക്കും ഒരുപാട് നന്ദി. ഇപ്പോൾ പേടിക്കേണ്ട അവസ്ഥയെല്ലാം മാറിയിരിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്, എന്നാലും ഭയക്കാനൊന്നും തന്നെയില്ല” എലിസബത്ത് പറഞ്ഞു.