scorecardresearch
Latest News

പണം തട്ടിയെന്ന പരാതിയിൽ വാസ്തവമില്ല, സിനിമ നടനായതുകൊണ്ട് നാണംകെടുത്തി കള്ളകേസിൽ ജയിക്കാമെന്ന് കരുതേണ്ട: ബാബുരാജ്

2016 മുതൽ പരാതിക്കാരൻ റിസോർട്ടിന് ടാക്സ് അടച്ചിട്ടില്ലയെന്നും അതിന്റെ ഫൈനായി 50 ലക്ഷം രൂപയടക്കണം എന്നാവശ്യപ്പെട്ട് തനിക്കാണ് ജപ്തി നോട്ടീസ് വന്നതെന്നും ബാബുരാജ്

baburaj, baburaj latest news

റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്ന് ആരോപിച്ച കേസിൽ കഴിഞ്ഞ ദിവസം ബാബു രാജിനെ അറസ്റ്റ് ചെയ്തുവെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തി അന്നു തന്നെ ജാമ്യമെടുത്ത് വീട്ടിൽ തിരിച്ചെത്തിയിരുന്നുവെന്നും റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്ന പരാതിയിൽ വാസ്തവമില്ലെന്നും ബാബുരാജ്.

കേസിലേക്ക് നയിച്ച സംഭവവികാസങ്ങളും ബാബുരാജ് വ്യക്തമാക്കി. പരാതിക്കാരൻ അരുണിന് 35 ലക്ഷം രൂപ അഡ്വാൻസ് വാങ്ങി റിസോർട്ട് വാടകയ്ക്ക് കൊടുക്കുകയായിരുന്നു. എന്നാൽ കോവിഡ് സമയത്ത് പതിനൊന്ന് മാസത്തോളം റിസോർട്ട് പൂട്ടി ഇട്ടതിനെ തുടർന്ന് ഏറെ നാശനഷ്ടങ്ങൾ ഉണ്ടായെന്നും പകുതി നഷ്ടം സഹിക്കണമെന്ന് പരാതിക്കാരനോട് ആവശ്യപ്പെട്ടതിൽ നിന്നാണ് തർക്കം ആരംഭിച്ചതെന്നും ബാബുരാജ് പറയുന്നു.

“ഞാൻ ചെന്നപ്പോൾ വാതിലടക്കം പലതും പൊളിഞ്ഞു വീണ അവസ്ഥയിലായിരുന്നു. അത്രയും നാശനഷ്ടങ്ങൾ അവിടെ ഉണ്ടാക്കി. പതിനൊന്ന് മാസത്തെ വാടകയും എനിക്ക് തന്നിട്ടില്ല. ഞാൻ തൊടുപുഴ കൊമേഴ്‌സ്യൽ കോടതിയിൽ പോയി ഓർഡർ എടുത്ത് അരുണിനെ അവിടെ നിന്ന് പുറത്താക്കി. അതിനു ശേഷം ഇയാൾ 35 ലക്ഷം രൂപ തിരിച്ചുവേണം എന്നുപറഞ്ഞ് പല പ്രാവശ്യം എന്റെ അടുത്ത് വന്നു. “മറ്റൊരാൾ റിസോർട് വാടകയ്ക്ക് എടുക്കുമ്പോൾ ഞാൻ പകുതി പണം നിങ്ങൾക്ക് തരാം. കാരണം നിങ്ങൾ റിസോർട് എടുത്തിട്ട് വാടകയും തരാതെ പോയിട്ട് അതിന്റെ നഷ്ടം മുഴുവൻ ഞാൻ സഹിക്കേണ്ടല്ലോ , പകുതി നഷ്ടം നിങ്ങളും സഹിക്കണമെന്നു പറഞ്ഞു. ഇതാണ് തർക്കത്തിന്റെ തുടക്കം. അയാൾ പണം കിട്ടാൻ ഒരു സ്വകാര്യ പരാതി മജിസ്‌ട്രേറ്റിനു കൊടുത്തു. പട്ടയം ഇല്ലാത്ത സ്ഥലം കൊടുത്തു കബളിപ്പിച്ചു എന്നാണു പരാതി കൊടുത്തത്. മുഴുവൻ സ്ഥലത്തും കൂടിയാണ് റിസോർട് ഇരിക്കുന്നത്. പട്ടയം ഇല്ലാത്ത ഭൂമി അവിടെ ഉണ്ടെന്നേ ഉള്ളൂ. അയാൾ പരാതി കൊടുത്തത് പട്ടയം ഇല്ലാത്തതുകൊണ്ട് ജിഎസ് ടി എടുക്കാൻ അയാൾക്ക് കഴിഞ്ഞില്ല എന്നാണ്. പക്ഷേ അത് നുണയാണ്, കാരണം ഈ സ്ഥലത്തു തന്നെ മുൻപ് രണ്ടു വർഷം അയാൾ റിസോർട്ട് നടത്തിയതാണ്,” ബാബുരാജ് മനോരമ ഓൺലൈനിനോട് പറഞ്ഞു.

2016 മുതൽ പരാതിക്കാരൻ റിസോർട്ടിന് ടാക്സ് അടച്ചിട്ടില്ലയെന്നും അതിന്റെ ഫൈനായി 50 ലക്ഷം രൂപയടക്കണം എന്നാവശ്യപ്പെട്ട് തനിക്കാണ് ജപ്തി നോട്ടീസ് വന്നതെന്നും ബാബുരാജ് പറയുന്നു. “സിനിമാ നടൻ ആയതുകൊണ്ട് നാണക്കേട് പേടിച്ച് ഞാൻ മുഴുവൻ തുകയും അടയ്ക്കുമെന്നാണ് അയാൾ കരുതുന്നത്. ഈ റിസോർട് എനിക്ക് വെറുതെ കിട്ടിയതല്ല. ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ചേർത്ത് വച്ച് വാങ്ങിയതാണ്. എന്നെ സംബന്ധിച്ച് 90 ലക്ഷം രൂപ വളരെ വിലപ്പെട്ടതാണ്. അതുകൊണ്ട് അയാൾ കൊടുത്ത കള്ളക്കേസിന് ഞാൻ വഴങ്ങാൻ പോകുന്നില്ല. കേസ് ഹൈക്കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. സത്യം എന്റെ ഭാഗത്തായതുകൊണ്ടു വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ബാബുരാജ് വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor baburaj about land fraud case