ചലച്ചിത്രനടനും നിര്‍മ്മതാവുമായ അഗസ്റ്റിന്‍ അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് നാല് വര്‍ഷം. നൂറിലധികം ചിത്രങ്ങളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് അഗസ്റ്റിന്‍.

കുന്നുമ്പുറത്ത് മാത്യുവിന്റെയും റോസിയുടെയും മകനായി കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലായിരുന്നു അഗസ്റ്റിന്റെ ജനനം. നാടകത്തില്‍ നിന്നും സിനിമയിലെത്തിയ അഗസ്റ്റിന്‍ 35 വര്‍ഷത്തിനുള്ളില്‍ നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. കലോപാസന എന്ന സിനിമയിലൂടെയായിരുന്നു അഗസ്റ്റിന്റെ സിനിമാ അരങ്ങേറ്റം. എന്നാല്‍ ഈ ചിത്രം പുറത്തിറങ്ങിയില്ല.

രഞ്ജിത്ത് സംവിധാനം ചെയ്ത ‘കടല്‍കടന്ന് ഒരു മാത്തുക്കുട്ടി’യിലാണ് അവസാനം വേഷമിട്ടത്. ‘മിഴിരണ്ടിലും’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അഗസ്റ്റിനാണ്. ദേവാസുരം, നരസിംഹം, രാവണപ്രഭു, ചന്ദ്രലേഖ, നീലഗിരി, സദയം, കമ്മീഷണര്‍, മിഴി രണ്ടിലും, ഒരു മറവത്തൂര്‍ കനവ്, അറബിക്കഥ, വേഷം, കഥപറയുമ്പോള്‍, ആറാം തമ്പുരാന്‍, കമ്മീഷണര്‍, സദയം, ചന്ദ്രോത്സവം, ചിന്താവിഷ്ടയായ ശ്യാമള, നന്ദനം, ഇന്ത്യന്‍ റുപ്പി, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

2009ലാണ് അഗസ്റ്റിനെ പക്ഷാഘാതം പിടികൂടുന്നത്. തുടര്‍ന്ന് ഒന്നരവര്‍ഷക്കാലം സിനിമയില്‍നിന്നു വിട്ടുനില്‍ക്കേണ്ടി വന്നു. പക്ഷാഘാതം ശരീരത്തെ തളര്‍ത്തിയെങ്കിലും സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ അഗസ്റ്റിന്‍ തയ്യാറായിരുന്നില്ല. അസുഖം വന്നതിനുശേഷം ഇന്ത്യന്‍ റുപ്പി, പെണ്‍പട്ടണം ഉള്‍പ്പെടെ പത്തോളം സിനിമകളില്‍ അഗസ്റ്റിന്‍ അഭിനയിച്ചു.

രഞ്ജിത്തിന്റെ തിരക്കഥയില്‍ ജി.എസ്.വിജയന്‍ സംവിധാനം ചെയ്യുന്ന ‘ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയിലും ജോയ്മാത്യു സംവിധാനം ചെയ്ത ‘ഷട്ടര്‍’ എന്ന ചിത്രത്തിലും ഷൈജു അന്തിക്കാടിന്റെ ‘സീന്‍ നമ്പര്‍ ഒന്ന് നമ്മുടെ വീട്’ എന്ന സിനിമയിലും ഷാജൂണ്‍ കാര്യാലിന്റെ ‘ചേട്ടായീസി’ലും അഗസ്റ്റിന്‍ വേഷമിട്ടു. നടി ആന്‍ അഗസ്റ്റിന്‍ മകളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ